ഇനിയും കരകയറാനാകാതെ ശബ്ദവും വെളിച്ചവും
ചെറുതുരുത്തി: പെരുംപ്രളയത്തെ തുടര്‍ന്ന് നടക്കുന്ന അതിജീവന പോരാട്ടത്തില്‍ ആഘോഷങ്ങള്‍ നിശബ്ദമായപ്പോള്‍ നാട്ടിലെ ശബ്ദ വെളിച്ചമേഖല കൊടിയ പ്രതിസന്ധിയിലേക്ക്.
മലയാളികളുടെ ആഘോഷങ്ങള്‍ക്ക് നിറം നല്‍കി എന്നും ആഹ്‌ളാദത്തിന്റെ പശ്ചാത്തലമൊരുക്കുന്നതില്‍ ഈ മേഖല വഹിച്ചിരുന്ന പങ്ക് വളരെ വലുതായിരുന്നു. ആറു പതിറ്റാണ്ടു മുന്‍പേ പാട്ടുപെട്ടിയില്‍ തുടങ്ങിയ ആഘോഷവേളകള്‍ ഇന്ന് ഡിജിറ്റലായി മാറിയതിനു പിന്നില്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ അധ്വാനം തന്നെയാണ്. പ്രളയക്കെടുതിയില്‍ പ്രതിഫലം കൂടതെ ക്യാംപുകളിലേക്ക് ജനറേറ്ററും മറ്റും നല്‍കി അവശ്യ സര്‍വിസ് നടത്തിയ ഇവരിപ്പോള്‍ മൂന്നു മാസത്തോളമായി പരിപാടികളില്ലാത്ത അവസ്ഥയിലാണ്. വിവിധ സാംസ്‌കാരിക സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ ഓണാഘോഷങ്ങള്‍ക്കായി ലോണെടുത്തു പുതിയവ വാങ്ങി കൂട്ടിയവരും കുറവല്ല.
രണ്ട് ആഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ഓണാഘോഷത്തിനു പുറമേ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍, പള്ളി പെരുന്നാള്‍, കല്യാണ വീടുകളിലെ ഗാനമേളകള്‍ എന്നിവയിലും കുറവു വന്നതോടെ ഈ മേഖല വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ക്രൈസ്തവ ദേവാലയങ്ങളില്‍ ഇപ്പോള്‍ തിരുനാളുകളുടെ കാലമാണ്. എന്നാല്‍ ആഘോഷങ്ങള്‍ വെട്ടി ചുരുക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന നിലപാടാണ് സഭ സ്വീകരിയ്ക്കുന്നത്. പന്തലുകളും ദീപാലങ്കാരങ്ങളുമൊക്കെ ഒഴിവാക്കുമ്പോള്‍ ഇതും ഈ മേഖലയ്ക്ക് വല്ലാത്ത തിരിച്ചടി സമ്മാനിയ്ക്കുന്നു.
നൂറു കണക്കിന് തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. ഇവരുടെ ജീവിത മാര്‍ഗം ഇരുളിലുമാണ്. പ്രളയക്കെടുതിയെ തുടര്‍ന്ന് ഗൃഹോപകരണ കച്ചവടവും തുണിക്കച്ചവടവും പൂര്‍വ്വാധികം ഉഷാറായപ്പോഴും നാടിന് വെളിച്ചവും ശബ്ദവും നല്‍കി സന്തോഷിപ്പിക്കുന്നവരെ ഓര്‍ക്കാന്‍ പോലും ആരുമില്ല എന്നതാണ് സ്ഥിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."