കുറ്റിപ്പുറം താലൂക്ക് ആശുപത്രി പ്രവര്‍ത്തനം താളംതെറ്റുന്നു
കുറ്റിപ്പുറം: ജലവിതരണം നിലക്കുകയും രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമായ സജ്ജീകരണങ്ങളുമില്ലാത്തത് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നു. ദിനംപ്രതി ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നത് രോഗികളെയും ആശുപത്രി ജീവനക്കാരെയും ഒരുപോലെ വലക്കുന്നു. വിദഗ്ധ ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും ചികിത്സ നടത്താന്‍ സ്ഥലമില്ലാതെ പ്രതിസന്ധി നേരിടുകയാണ് ഇവിടെ. ഗൈനക്കോളജി അടക്കമുളള വിഭാഗങ്ങള്‍ക്കായി സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ആശുപത്രിയില്‍ ഇല്ല.
കാലപ്പഴക്കം ചെന്ന ഓപ്പറേഷന്‍ ലേബര്‍ റൂമും സജ്ജമാണെങ്കിലും സ്ഥിരമായി ശസ്ത്രക്രിയയോ പ്രസവമോ നടക്കുന്നില്ല. ഓപ്പറേഷന് മുന്‍പും ശേഷവും രോഗികളെ കിടത്തേണ്ട പ്രത്യേക മുറികള്‍ ഇല്ലാത്തതാണ് കാരണം. താലൂക്ക് ആശുപത്രിയുടെ കണക്കനുസരിച്ച് 100 കിടക്കകള്‍ ആവശ്യമായ ഐ.പി വാര്‍ഡില്‍ ആകെയുളളത് 22 കിടക്കകള്‍ ഒബ്‌സര്‍വേഷന്‍ മുറിയില്‍ ഒരു കിടക്കയില്‍ രണ്ടു രോഗികളാണ് കിടക്കുന്നത്. ഓര്‍ത്തോ വിഭാഗത്തിനുളള ഒരു സൗകര്യവും ആശുപത്രിയിലില്ല. ഒ.പി വിഭാഗത്തിനായി ഉണ്ടായിരുന്ന പുതിയ കെട്ടിടത്തിനോട് അനുബന്ധിച്ച് ഡയാലിസിസ് സെന്റര്‍ നിര്‍മിക്കുന്നതിനാല്‍ ഒ.പി വിഭാഗം മാറ്റുകയായിരുന്നു.
ജലവിതരണം മുടങ്ങിയതും ആവശ്യമായ ക്രമീകരണങ്ങള്‍ ഇല്ലാത്തതും കുറ്റിപ്പുറം ഗവ: താലൂക്ക് ആശുപത്രിയെ അടച്ച്പൂട്ടല്‍ ഭീഷണിയിലെത്തിച്ചിരിക്കുകയാണ്. ഇവിടെ ജലവിതരണം പൂര്‍ണമായും നിലച്ച അവസ്ഥയിലാണ്. പ്രതിസന്ധി ചൂണ്ടികാട്ടി ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജിത്ത് വിജയ ശങ്കര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ആശുപത്രി മാനേജ്‌മെന്റ് കമ്മറ്റിക്കും റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പഞ്ചായത്തിന്റെ മുളളൂര്‍ക്കടവ് ജലവിതരണ പദ്ധതി തുടര്‍ച്ചയായി തകരാറിലായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ലാബ് ടെസ്റ്റ്കള്‍ക്കുപോലും വെളളമില്ലാതായത്. മാസങ്ങളായി പ്രതിദിനം നാലായിരത്തോളം ലിറ്റര്‍ വെളളം ആശുപത്രി മാനേജ്‌മെന്റ് ഫണ്ടില്‍നിന്നുളള പണം ചെലവഴിച്ചാണ് വാങ്ങിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."