ഹജ്ജ്: ബസുകളില്‍ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനത്തിനു കരാറായി
മക്ക: ഈ വര്‍ഷം മുതല്‍ ഹജ്ജ് തീര്‍ഥാടകരുടെ ബസുകളില്‍ ഏര്‍പ്പെടുത്തുന്ന നിരീക്ഷണ സംവിധാനത്തിനു സ്വകാര്യ കമ്പനിയുമായി സഊദി ഹജ്ജ് ഉംറ മന്ത്രാലയം കരാറില്‍ ഏര്‍പ്പെട്ടു.
ഹജ്ജ് ഗതാഗത വകുപ്പ് ജനറല്‍ മാനേജര്‍ അഹ്മദ് ബിന്‍ അബ്ദുല്ല സിംബാവയാണ് സംവിധാനം നടപ്പാക്കുന്ന വാദി ടെക്‌നോളജി കമ്പനി മേധാവി ഡോ. വലീദ് മുറാദുമായി കരാര്‍ ഒപ്പുവച്ചത്. ഹാജിമാര്‍ മക്കയില്‍ ഉണ്ടാകുന്ന ഒരു മാസക്കാലത്തേക്കാണ് കരാര്‍.
വിവിധ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള ബസുകള്‍ ഏകീകരിച്ചു ഒരേ കേന്ദ്രത്തില്‍നിന്നു നിരീക്ഷിക്കാവുന്ന സംവിധാനമാണ് നടപ്പിലാക്കുന്നത്. ഏകീകൃത നിരീക്ഷണ പദ്ധതി നടപ്പാക്കുന്നതോടെ ഹാജിമാരെ കൊണ്ടുപോകുന്ന ബസ് സര്‍വിസുകളുമായി നിരന്തരം ബന്ധപ്പെടാനും ആവശ്യഘട്ടത്തില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുവാനും സാധിക്കും.
അപകടസമയത്തും ദുരന്തസമയത്തും ആവശ്യമായ നിര്‍ദേശം ഡ്രൈവര്‍മാര്‍ക്കു നല്‍കുവാനും ഇത് ഏറെ സഹായകരമാവും. 16,000 ബസുകളാണ് ഈ വര്‍ഷം ഹാജിമാരുടെ യാത്രക്കായി ഒരുക്കുന്നത്.
ഹജ്ജ് വകുപ്പിനും സുരക്ഷാ വകുപ്പിനും നിരീക്ഷണത്തിനായാണ് ബസുകളില്‍ സംവിധാനം നടപ്പാക്കുന്നത്. കൂടാതെ മക്കയിലും പുണ്യസ്ഥലങ്ങളിലേക്കുമുള്ള യാത്രക്കിടയിലെ ഓരോ ഘട്ടങ്ങളിലും ഡ്രൈവര്‍മാര്‍ക്കും ഗൈഡുകള്‍ക്കും ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ പുതിയ നിരീക്ഷണ സംവിധാനം സഹായിക്കുമെന്ന് ഹജ്ജ് മന്ത്രാലയ ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു.
ജി.പി. എസ് (ഗ്ലോബല്‍ പൊസിഷന്‍ സിസ്റ്റം) സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ ബസ് സ്റ്റേഷനുകള്‍, സര്‍വിസ് സ്റ്റേഷനുകള്‍, മക്കയിലേയും മദീനയിലേയും തീര്‍ഥാടകരുടെ താമസ സ്ഥലങ്ങള്‍ എന്നിവ വ്യക്തമായി അടയാളപ്പെടുത്തിയിരിക്കും. ബസ് സര്‍വിസുകള്‍ക്കിടയ്ക്ക് എന്തു സംഭവിച്ചാലും അധികൃതര്‍ക്ക് ഞൊടിയിടയില്‍ ബസ് നില്‍ക്കുന്ന സ്ഥലവും മറ്റും മനസിലാക്കി കാര്യങ്ങള്‍ നീക്കുവാനാകും.
ആന്‍ഡ്രോയിഡ് ഫോണുകളിലും വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയിലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. രാജ്യത്തെ ഗതാഗത നിയമങ്ങളും ഹജ്ജ് വേളയിലെ ഗതാഗതവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ഡൈവര്‍മാരെയും ഗൈഡുകളെയും അവരുടെ ഭാഷകളില്‍ ബോധവല്‍ക്കരിക്കാനും നേരത്തെ പദ്ധതി തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."