രാത്രിയാത്രാ നിരോധനം: സര്‍ക്കാരുകള്‍ ഒരു മാസത്തിനുള്ളില്‍ അഭിപ്രായമറിയിക്കണം സുപ്രീംകോടതി
കല്‍പ്പറ്റ: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസില്‍ വിദഗ്ദസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേല്‍ നാല് ആഴ്ചക്കകം അഭിപ്രായമറിയിക്കണമെന്ന് കേരള, കര്‍ണ്ണാടക സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി.
കേസില്‍ താല്‍ക്കാലികാശ്വാസം ആവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റെയില്‍വെ ആക്ഷന്‍ കമ്മിറ്റി ഫയല്‍ ചെയ്ത അടിയന്തിര ഹരജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.
പ്രശ്‌നപരിഹാരം സംബന്ധിച്ച് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷനും കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയ സെക്രട്ടറിയുമായ വൈ.എസ് മാലിക്ക് കഴിഞ്ഞയാഴ്ച സുപ്രീംകോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സുപ്രീംകോടതി വെള്ളിയാഴ്ച കേസ് പരിഗണനക്ക് വച്ചത്.
എന്നാല്‍ കേരള, കര്‍ണ്ണാടക സര്‍ക്കാരുകള്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അഭിപ്രായം നല്‍കാത്തതിനെ തുടര്‍ന്ന് കേസ് മാറ്റിവെക്കേണ്ടി വരികയായിരുന്നു. രാത്രിയാത്രാ നിരോധനത്തിന് കര്‍ണ്ണാടക ഹൈക്കോടതി നിര്‍ദേശിച്ച ബദല്‍പാത പരിഹാരമല്ലെന്ന് റിപ്പോര്‍ട്ടിലുണ്ട്.
44 കിലോമീറ്റര്‍ ദൂരം കൂടുതലുള്ളതും ദുര്‍ഘടമേഖലയിലൂടെ കടന്നുപോകുന്നതുമായ പാത ദേശീയപാതക്ക് ബദലാവുകയില്ല. ഈ പാതയിലൂടെയുള്ള യാത്രയില്‍ ഇന്ധന നഷ്ടവും സമയനഷ്ടവും കൂടുതലാണ്. നിലവിലുള്ള ദേശീയപാതയില്‍ തന്നെ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തി 24 മണിക്കൂറും ഗതാഗതം സാധ്യമാക്കുകയാണ് അഭികാമ്യമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇതിനായി ദേശീയപാതയില്‍ കര്‍ണാടക ഭാഗത്ത് നാലും വയനാട്ടില്‍ ഒന്നുമടക്കം ഒരു കിലോമീറ്റര്‍ വീതം ദൈര്‍ഘ്യമുള്ള അഞ്ച് മേല്‍പ്പാലങ്ങള്‍ നിര്‍മിക്കണം. ബാക്കിയുള്ള സ്ഥലങ്ങളില്‍ ആവശ്യാനുസരണം പൈപ്പ് ടണലുകളും ചെറിയ ജീവികള്‍ക്ക് റോഡ് മുറിച്ചു കടക്കാനാവശ്യമായ സംവിധാനങ്ങളുമൊരുക്കണം. മേല്‍പ്പാലങ്ങളൊഴിച്ച് റോഡിന് ഇരുഭാഗവും എട്ടടി ഉയരത്തില്‍ വേലി കെട്ടി മൃഗങ്ങള്‍ റോഡിലേക്ക് ഇറങ്ങി അപകടമുണ്ടാക്കുന്നത് തടയണം.
റോഡിന് ഇരുവശവും ജൈവവേലികൂടി നിര്‍മിച്ച് ശബ്ദവും വെളിച്ചവും വനത്തിലേക്ക് എത്തുന്നതിന് കുറവുണ്ടാക്കും . 458 കോടി രൂപയാണ് ഈ പദ്ധതികള്‍ക്കായുള്ള ചെലവു കണക്കാക്കിയിട്ടുള്ളത്.
ഇതില്‍ പകുതി തുക കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ബാക്കി പകുതി തുക കേരള സര്‍ക്കാര്‍ നല്‍കണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പദ്ധതി യാഥാര്‍ത്യമാക്കാന്‍ സഹകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ ഊട്ടി-മൈസൂര്‍ പാതയിലെ രാത്രിയാത്രാനിരോധനം പിന്‍വലിക്കേണ്ടതില്ലെന്ന് അറിയിച്ചതിനാല്‍ അവിടെ നിരോധനം തുടരാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആക്ഷന്‍ കമ്മിറ്റി വിദഗ്ദ സമിതിയുടെ മുന്‍പാകെ സമര്‍പ്പിച്ച ഒരു കിലോമീറ്റര്‍ ദൂരമുള്ള മേല്‍പ്പാലങ്ങള്‍ എന്ന നിര്‍ദേശത്തിനുള്ള അംഗീകാരം കൂടിയാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടിനോട് കേരള സര്‍ക്കാരും കര്‍ണ്ണാടക സര്‍ക്കാരും അനുകൂലമായി പ്രതികരിച്ചിട്ടില്ല. 229 കോടിയുടെ സാമ്പത്തികബാധ്യത ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് കേരള ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രസ്താവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."