യു.എസില്‍ കറുത്തവര്‍ഗക്കാരനെ കയറില്‍ കെട്ടി തെരുവിലൂടെ വലിച്ചിഴച്ചു
ഓസ്റ്റിന്‍: കുറ്റവാളിയെന്ന് ആരോപിക്കപ്പെടുന്ന കറുത്തവംശജനെ കൈകള്‍ രണ്ടും പിന്നിലേക്കാക്കി കയറുകൊണ്ട് ബന്ധിച്ച് തെരുവിലൂടെ വലിച്ചുകൊണ്ടുപോയി യു.എസിലെ ടെക്‌സസ് പൊലിസ്. വെളുത്ത വര്‍ഗക്കാരായ പൊലിസ് പ്രതിയെ വിജനമായ തെരുവിലൂടെ നടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച് സംഭവം വിവാദമായതോടെ ഒടുവില്‍ മാപ്പു പറഞ്ഞ് പൊലിസ് തടിതപ്പി.
രണ്ടു കുതിരപ്പൊലിസുകാര്‍ ഒരു മനുഷ്യനെ ഇരുവരുടേയും നടുവിലാക്കി നടത്തിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ക്രിമിനല്‍ അതിക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥര്‍ ഡൊണാള്‍ഡ് നീലിയെന്ന കറുത്ത വര്‍ഗക്കാരനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. ടെക്‌സസിലെ ദ്വീപ് നഗരമായ ഗാല്‍വെസ്റ്റണിലാണ് ശനിയാഴ്ച മനുഷ്യത്വവിരുദ്ധമായ ഈ സംഭവം നടന്നത്. 1800 കളില്‍ അടിമകളെ കൊണ്ടുപോയിരുന്നതിനെ അനുസ്മരിപ്പിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിപേര്‍ പ്രതികരിച്ചു. നീലിയെ അറസ്റ്റ്‌ചെയ്ത് ഉടന്‍ തന്നെ വിട്ടയച്ചെങ്കിലും മാധ്യമങ്ങള്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചില്ല.
പ്രതിഷേധം ശക്തമായതോടെ ഗാല്‍വെസ്റ്റണ്‍ പൊലിസ് മേധാവി വെര്‍നോണ്‍ ഹേല്‍ സംഭവത്തില്‍ മാപ്പു പറഞ്ഞു. സാഹചര്യത്തെ ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്ത രീതി വളരെ മോശമായെന്നും ഒരു വാഹനം വരുന്നതുവരെ കാത്തുനില്‍ക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ പ്രതികളെ അറസ്റ്റുചെയ്യുന്നത് അവസാനിപ്പിക്കാനുള്ള സമയമായെന്നു വിശ്വസിക്കുന്നു- പൊലിസ് വകുപ്പ് ഫേസ്ബുക്കില്‍ ഇട്ട വിശദീകരണ കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."