ദേശീയ ദുരന്ത പ്രതികരണ സേനയുടെ സഹായം തേടി കേരളം; ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രാവിലെ ചേര്‍ന്ന ഉന്നതതലയോഗം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) പത്തു ടീമിനെ കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ തന്നെ നിലമ്പൂരിലേക്കും ഇടുക്കിയിലേക്കും ഓരോ ടീമിനെ അയച്ചു കഴിഞ്ഞു. ആവശ്യപ്പെട്ട പത്തില്‍ ഏഴു ടീമിനെ കൂടി ഇന്ന് വൈകിട്ട് ലഭിക്കും.
Read more at: ഇന്നും നാളെയും വയനാട്ടിൽ റെഡ് അലർട്ട്: രക്ഷാപ്രവർത്തനത്തിന് സേനയെ വിളിച്ചേക്കും
തിരുവനന്തപുരത്ത് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ പ്രവര്‍ത്തനസജ്ജമാണ്. അടിയന്തര സാഹചര്യം നേരിടാന്‍ അവിടേക്ക് പൊലിസ്, ഫയര്‍ഫോഴ്‌സ്, റവന്യൂ, എന്‍.ഡി.ആര്‍.എഫ് എന്നീ വിഭാഗങ്ങളിലെ പ്രതിനിധികളെ കൂടി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
ദുരിതാശ്വാസ ക്യാംപില്‍ 1385 പേര്‍, വയനാട്ടില്‍ 16 ക്യാംപുകള്‍
വയനാട്, മലപ്പുറം ജില്ലകളിലേക്ക് കൂടുതല്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സേനയെ അയച്ചിട്ടുണ്ട്. ഇന്നത്തെ കണക്കനുസരിച്ച് 1385 പേര്‍ ദുരിതാശ്വാസ ക്യാംപിലുണ്ട്. വയനാട്ടിലാണ് ഏറ്റവും അധികം ക്യാംപുകള്‍ തുറന്നത് 16 എണ്ണം. ഇടുക്കി അണക്കെട്ടില്‍ വെള്ളം തീരെ കുറവായതിനാല്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ഭരണ സംവിധാനത്തിന്റെ അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് മാറി താമസിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം. മഴ തുടരുന്നുണ്ടെങ്കിലും ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് യോഗം വിലയിരുത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് നാളെ കൂടി മഴയുണ്ടാവും. പല ജില്ലകളിലും കാറ്റില്‍ മരം വീണ് തടസ്സം ഉണ്ടായിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് അത് നീക്കി കൊണ്ടിരിക്കുകയാണ്. വൈദ്യുതി തടസ്സം അപ്പപ്പോള്‍ ശരിയാക്കാന്‍ കെ.എസ്.ഇ.ബിയും ശ്രമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."