വയനാട്ടില്‍ 4976പേരെ ക്യാംപുകളിലേക്ക് മാറ്റി; വൈകീട്ടോടെ സൈന്യം രക്ഷാപ്രവര്‍ത്തനത്തിനെത്തും
കല്‍പ്പറ്റ: കനത്ത മഴയെ തുടര്‍ന്ന് പ്രളയ സമാനമായ സാഹചര്യം നിലനില്‍ക്കുന്ന വയനാട്ടില്‍ വൈകീട്ടോടെ രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയും എത്തും. ജില്ലയില്‍ ഇതുവരെ 73 ക്യാംപുകളിലായി 4976 പേരെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. 1347 കുടുംബങ്ങളെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്.
ഗൂഡല്ലൂര്‍ അത്തിപ്പാളിയിലേക്ക് പോകുന്ന വഴിയില്‍ പുറമണപയല്‍ ഭാഗത്ത് വെള്ളം കയറിയതിനെ തുടര്‍ന്ന് ആദിവാസികള്‍ ഉള്‍പ്പെടെ 200ളം കുടുമ്പങ്ങളെ അത്തിപ്പിളി ഗവര്‍മെന്റ് സ്‌കൂളില്‍ പാര്‍പ്പിച്ചിട്ടുണ്ട്.
ഉച്ചക്ക് ശേഷവും കനത്ത മഴ തുടരുകയാണ്. ഒന്നര ദിവസം കൊണ്ടാണ് വയനാട്ടില്‍ ഇത്രയും വലിയ വെള്ളപ്പൊക്കമുണ്ടായിരിക്കുന്നത്. ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 204 മില്ലിമീറ്റര്‍ മഴയാണ് ജില്ലയില്‍ ലഭിച്ചത്. വൈത്തിരി താലൂക്കിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. ജില്ലയിലേക്ക് പ്രവേശിക്കുന്ന പ്രധാന ചുരങ്ങളിലൊന്നും തന്നെ ഗതാഗത തടസ്സം അനുഭവപ്പെടുന്നില്ലെന്നത് അല്‍പം ആശ്വാസം നല്‍കുന്നുണ്ട്. എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിച്ച് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
അതേസമയം ജില്ലയില്‍ മണ്ണെടുപ്പ് നിരോധിച്ചുകൊണ്ട് കലക്ടര്‍ ഉത്തരവിട്ടു.
ജില്ലയില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ എല്ലാവിധ മണ്ണെടുപ്പും നിരോധിച്ചതായാണ് കലക്ടറുടെ ഉത്തരവ്. മഴ ശക്തമായതും കഴിഞ്ഞ ദിവസം അമ്പലവയലില്‍ മണ്ണിടിഞ്ഞ് വീണു തൊഴിലാളി മരിക്കാനുമുണ്ടായ സാഹചര്യത്തെ തുടര്‍ന്നാണ് നടപടി.
ശുദ്ധജല വിതരണം തടസ്സപ്പെടും
ശക്തമായ കാലവര്‍ഷം മൂലം കണിയാമ്പറ്റ ശുദ്ധജല വിതരണ പദ്ധതിയിലെ നിരിട്ടാടി പമ്പ് ഹൗസും പരിസരവും വെളളം കയറിയതിനാല്‍ പമ്പിംഗ് തടസ്സപ്പെട്ടിരിക്കുകയാണ്. പമ്പിംഗ് പുനസ്ഥാപിക്കുന്നത് വരെ പദ്ധതിക്ക് കീഴില്‍ ജലവിതരണം നടത്താന്‍ സാധിക്കിലെന്ന് അസി.എഞ്ചിനിയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."