ഉരുള്‍പൊട്ടല്‍: പേമാരി, ഭീതിയുടെ മുള്‍മുനയില്‍ വയനാട്
കല്‍പ്പറ്റ: കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മഴ തകര്‍ത്ത് പെയ്യുകയും മേപ്പാടിയില്‍ വന്‍ ഉരുള്‍പൊട്ടലുമുണ്ടായതോടെ വയനാട് ഭീതിയില്‍. കഴിഞ്ഞ പ്രളയകാലത്തിന്റെ ഓര്‍മകള്‍ക്ക് ഒരാണ്ട് പിന്നിട്ട ദിനത്തില്‍ തന്നെ ഇത്തവണയും കോരിച്ചൊരിഞ്ഞ മഴക്കൊപ്പം മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈക്ക് സമീപം പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. എഴുപതോളം വീടുകളും ഒരമ്പലവും ഒരുക്ഷേത്രവും മണ്ണിനടിയിലാണ്. ഇതിനിടയില്‍ എത്രപേര്‍ ഉള്‍പെട്ടിട്ടുണ്ടെന്നതിനെക്കുറിച്ച് വിവരമൊന്നും ലഭ്യമായിട്ടില്ല. തിരച്ചില്‍ നടത്തുന്നതിനും ഈ കാലാവസ്ഥയില്‍ സാധിച്ചിട്ടുമില്ല.
ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. ഉയര്‍ന്ന പ്രദേശങ്ങള്‍ പലയിടത്തും മണ്ണിടിച്ചില്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കനത്ത ഉരുള്‍പൊട്ടലാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ഉരുള്‍പൊട്ടിയ കുറിച്യാര്‍മലയില്‍ ഇത്തവണ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും പലതവണയാണ് ഉണ്ടായത്. പുത്തുമല പച്ചക്കാട്ടില്‍ ഇന്നലെ തന്നെ ഉരുള്‍പ്പൊട്ടിയിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ വീണ്ടും ഉരുള്‍പൊട്ടലില്‍ ദമ്പതികള്‍ മരിച്ചിരുന്നു. ഇതിന്റെ നടുക്കം വിട്ടുമാറും മുമ്പേയാണ് വീണ്ടും ദുരന്തമുണ്ടായിരിക്കുന്നത്. ഇവിടേക്ക് രാത്രി വൈകിയും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല.
കണ്ണൂരില്‍ നിന്നെത്തുന്ന സൈന്യത്തെ ഇങ്ങോട്ട് അയക്കാനുള്ള പുറപ്പാടിലാണ് രാത്രി വൈകിയും അധികൃതര്‍. വൈദ്യുതിയില്ലാത്തത് ഇവിടേക്കുള്ള ആശയവിനിമയ സംവിധാനങ്ങളെല്ലാം താറുമാറാക്കിയിരിക്കുകയാണ്. ഇവിടെ എത്ര കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നതില്‍ പോലും ആര്‍ക്കും വ്യക്തമായ ധാരണയില്ല. മുണ്ടക്കൈ പ്രദേശം അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ട് കിടക്കുകയാണ്.
കമ്പളക്കാടിന് സമീപം കുറുമ്പാലക്കോട്ട മലയിലും ഇന്നലെ രണ്ടുതവണയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇന്നലെ വൈകിട്ട് മൂന്നുവരെയുള്ള കണക്ക് പ്രകാരം വയനാട്ടില്‍ പെയ്തത് ശരാശരി 204.3 മില്ലിമീറ്റര്‍ മഴയാണ്. ഇടവേളയില്ലാതെ കനത്ത മഴ പെയ്തത് പട്ടണങ്ങളെയടക്കം വെള്ളത്തിനടിയിലാക്കി. കല്‍പ്പറ്റ നഗരത്തിന്റെ ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരം വെള്ളത്തിനടിയിലായി. ഇതോടെ വീണ്ടുമൊരു പ്രളയത്തിന്റെ ഭീതിയിലാണ് വയനാടന്‍ ജനത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."