പാര്‍ക്കാനൊരിടം പോരാ, പാര്‍ക്കാന്‍ പറ്റുന്നയിടം വേണം
ഒടുവില്‍ വീടെന്ന സ്വപ്നം പൂവണിഞ്ഞുകഴിഞ്ഞു. ഇനി ശിഷ്ടകാലം സന്തോഷത്തോടെ നാട്ടില്‍ കഴിയാം. വിദേശത്തുനിന്നു നാട്ടിലേക്കു തിരിക്കാനിരുന്ന പിതാവ് മകനെ വിളിച്ചുചോദിച്ചു: ''മോനെ, നമ്മുടെ പുതിയ വീട്ടില്‍ എന്തെക്കെയാണു വേണ്ടത്? ഇഷ്ടമുള്ളതൊക്കെ പറഞ്ഞോളൂ. മോന്‍ പറയുന്നതെല്ലാം ഉപ്പ കൊണ്ടുവരാം.''
മകന്‍ പറഞ്ഞു: ''നമ്മുടെ വീട്ടില്‍ സ്‌നേഹം വേണം. സന്തോഷവും സമാധാനവും അത്യാവശ്യമാണ്. അഭിനന്ദനങ്ങളും പ്രോത്സാഹനങ്ങളുമാണ് എനിക്ക് എപ്പോഴും വേണ്ടത്. വീഴ്ചകള്‍ വന്നുപോയാല്‍ ആശ്വസിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്യുന്ന വാക്കുകളും നോക്കുകളും ഒരിക്കലും ഇല്ലാതെ പോകരുത്.''
മകന്റെ പക്വത നിറഞ്ഞ ഈ പ്രതികരണം കേട്ടപ്പോള്‍ പിതാവ് അന്ധിച്ചുപോയി. ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി. മുഖത്ത് പുതിയൊരു ബോധോദയം സംഭവിച്ചതിന്റെ മിന്നായങ്ങള്‍..
ഭവനനിര്‍മാണമെന്നതു പണമുണ്ടെങ്കില്‍ ആര്‍ക്കും നടക്കും. എന്നാല്‍ ശാന്തിഭവനം എന്നതു പണം ഉണ്ടായതുകൊണ്ടു മാത്രം നിര്‍മിക്കാന്‍ കഴിയില്ല. അതിനു പണത്തിനപ്പുറത്തെ മൂല്യങ്ങളാണാവശ്യം.
വീട് എന്ന കെട്ടിടം തൊഴിലാളികളാണു നിര്‍മിക്കുന്നതെങ്കില്‍ വീടിനെ ഒരു കെട്ടിടം എന്നതില്‍നിന്നു പാര്‍ക്കാന്‍ പറ്റുന്ന പാര്‍പ്പിടമാക്കി മാറ്റേണ്ടത് വീട്ടുകാരാണ്. പുസ്തകത്തിന്റെ കെട്ടുംമട്ടും നന്നാക്കിയതുകൊണ്ടു മാത്രം അത് ബെസ്റ്റ് സെല്ലറാവില്ല. ബെസ്റ്റ് സെല്ലറാക്കാന്‍ പുസ്തകനിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളല്ല, എഴുത്തുകാരനാണു ശ്രമിക്കേണ്ടത്. ടെലിവിഷന്‍ ഏറ്റവും വിലകൂടിയതും ഏറ്റവും മികച്ചതുമാണെന്നിരിക്കട്ടെ. അതു സ്ഥാപിച്ചിരിക്കുന്നതു വീട്ടിലെ ഏറ്റവും മികച്ച സ്ഥലത്ത്. പക്ഷേ, അതിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന പ്രോഗ്രാമുകള്‍ മുഴുവന്‍ ചവറുകളാണെങ്കില്‍ എന്തു കാര്യം? ഹൈ പവറുള്ള മൈക്ക്‌സെറ്റാണ് സംഘടിപ്പിച്ചിട്ടുള്ളതെന്നു വയ്ക്കുക. പക്ഷേ, അതിലൂടെ സംസാരിക്കുന്നതുമുഴുവന്‍ തെറിയഭിഷേകങ്ങളാണെങ്കില്‍ എന്തു ഫലം? രണ്ടു രൂപയല്ല, രണ്ടായിരം രൂപയുടെ പേന വേണമെങ്കില്‍ മാര്‍ക്കറ്റില്‍നിന്നു വാങ്ങാന്‍ കിട്ടും. പക്ഷേ, നല്ലതുമാത്രം എഴുതാന്‍ കഴിയുന്ന പേന കിട്ടില്ല. പേനകൊണ്ട് എഴുതുന്നതു നന്മയാവണോ തിന്മയാവണോ എന്നു തീരുമാനിക്കേണ്ടതു പേന പിടിക്കുന്നവനാണ്. വസ്ത്രം തയ്ച്ചുതരാന്‍ ടൈലര്‍മാര്‍ നാടുനീളെയുണ്ട്. പക്ഷേ, നല്ല വസ്ത്രധാരിയെ നിര്‍മിച്ചുതരാന്‍ അവര്‍ക്കാര്‍ക്കും കഴിയില്ല. അതിനു വസ്ത്രധാരിതന്നെ മുന്‍കൈയെടുക്കണം.
ചട്ടക്കൂട് നന്നാക്കുന്നതിനു കുഴപ്പമില്ല. അതിനെക്കാള്‍ നന്നാവേണ്ടത് അതിലെ പ്രോഗ്രാമുകളാണ്. വീട് മനോഹരമാക്കുന്നതിനു വിരോധമില്ല. അതിനെക്കാള്‍ മനോഹരമാവേണ്ടതു വീട്ടിലെ അന്തരീക്ഷമാണ്. പാര്‍ക്കാനൊരിടം ഉണ്ടാക്കിയാല്‍ മാത്രം പോരാ, പാര്‍ക്കാന്‍ പറ്റുന്ന ഇടം ഉണ്ടാക്കണം.
എല്ലാവിധ സുഖസൗകര്യങ്ങളുമുള്ള കൊട്ടാരം ഉണ്ടാക്കിയാലും ചിലപ്പോള്‍ അതു പാര്‍ക്കാന്‍ പറ്റുന്ന ഇടമായിക്കൊള്ളണമെന്നില്ല. സുഖസൗകര്യങ്ങള്‍ വളരെ കുറഞ്ഞ ചെറ്റക്കുടിലാണെങ്കിലും ചിലപ്പോള്‍ അതു പാര്‍ക്കാന്‍ പറ്റുന്ന ഇടമായിരിക്കും. നിറയെ കണ്ണീര്‍കണങ്ങള്‍ ഉറ്റിവീഴുന്ന കൊട്ടാരങ്ങളും എപ്പോഴും പുഞ്ചിരി പൊഴിയുന്ന ചെറ്റക്കുടിലുകളും അതിനുദാഹരണങ്ങളാണ്. പാര്‍ക്കാനൊരിടം തൊഴിലാളികള്‍ ഉണ്ടാക്കിത്തരുമെങ്കില്‍ പാര്‍ക്കാന്‍ പറ്റുന്ന ഇടം ഉണ്ടാക്കാന്‍ വീട്ടുകാര്‍ക്കേ കഴിയൂ എന്നു പറയുന്നതതുകൊണ്ടാണ്.
വീട് ചോര്‍ന്നൊലിക്കാതിരിക്കാന്‍ ഭദ്രമായ മേല്‍ക്കൂര നാം നിര്‍മിക്കാറുണ്ട്. എന്നാല്‍ വീട്ടുകാരുടെ കണ്ണുകള്‍ ചോര്‍ന്നൊലിക്കാതിരിക്കാന്‍ അതിനെക്കാള്‍ ഭദ്രമായ അന്തരീക്ഷം നാം ഒരുക്കണം. വീട് ചോര്‍ന്നൊലിച്ചാലും വീട്ടുകാരുടെ കണ്ണുനീര്‍ ചോര്‍ന്നൊലിക്കരുത്. കണ്ണു ചോര്‍ന്നൊലിക്കുന്നതാണു വീട് ചോര്‍ന്നൊലിക്കുന്നതിനെക്കാള്‍ അസഹ്യം.
വീട് നിര്‍മിക്കുമ്പോള്‍ ശരീരത്തിനാവശ്യമായ ഭക്ഷണം പാകം ചെയ്യാന്‍ അടുക്കള നാം നിര്‍മിക്കാറുണ്ട്. എന്നാല്‍ മനസിനാവശ്യമായ വിഭവങ്ങള്‍ പാകം ചെയ്യാനും വീട്ടില്‍ സംവിധാനങ്ങള്‍ വേണം. ശരീരത്തിനാവശ്യമായ ഭക്ഷണം പാകം ചെയ്യാന്‍ ഒരു അടുക്കള മതിയെങ്കില്‍ മനസിനാവശ്യമായ ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ വീടുമുഴുവന്‍ അടുക്കളയാക്കണം.
സാധനങ്ങള്‍ കേടുവരാതിരിക്കാന്‍ ആയിരങ്ങള്‍ വില വരുന്ന ഫ്രിഡ്ജ് ഓരോ വീട്ടിലും കാണും. എന്നാല്‍ വീട്ടുകാര്‍ കേടുവരാതിരിക്കാന്‍ ഫ്രിഡ്ജിനെയും വെല്ലുന്ന മനസ് വേണം. ഫ്രിഡ്ജുണ്ടായാല്‍ സാധനങ്ങളേ കേടുവരാതിരിക്കൂ, വീട്ടുകാര്‍ സുരക്ഷിതരായിക്കൊള്ളണമെന്നില്ല. സാധനങ്ങള്‍ കേടായാലും വീട്ടുകാര്‍ കേടാവരുത്. വീട്ടുകാര്‍ കേടായിരിക്കെ സാധനങ്ങള്‍ നന്നായിട്ടു കാര്യമില്ല. താപനില വര്‍ധിക്കുമ്പോള്‍ ശീതാവസ്ഥ സൃഷ്ടിക്കാന്‍ നമുക്ക് എ.സിയും ഫാനുമുണ്ട്. എന്നാല്‍ പ്രതിസന്ധികളുടെ താപനില കൂടുമ്പോള്‍ ആശ്വാസത്തിന്റെ തണുപ്പ് പകരാനും വീട്ടില്‍ സൗകര്യങ്ങളുണ്ടായിരിക്കണം. സൂര്യന്റെ താപത്തെക്കാള്‍ അസഹ്യം പ്രതിസന്ധികളുടെ താപമാണ്. അതില്ലാതാക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്.
ഇരുള്‍ പരന്നാല്‍ പ്രകാശം പൊഴിക്കുന്ന ബള്‍ബുകള്‍ പ്രവര്‍ത്തിക്കാത്ത വീടുകള്‍ ഇന്നു കുറവായിരിക്കും. എന്നാല്‍ മനസിനകത്ത് ഇരുള്‍ പരന്നാല്‍ അതിനെ അകറ്റുന്ന പ്രകാശങ്ങളാണു വീട്ടില്‍ നിര്‍ബന്ധമായും വേണ്ടത്. വീട്ടിലെ ഇരുട്ടിനെ സഹിക്കാം. പക്ഷേ, വീട്ടുകാരിലെ ഇരുട്ടിനെ സഹിക്കാന്‍ കഴിയില്ല. വീട്ടുകാരില്‍ ഇരുട്ടു പരക്കുമ്പോഴാണു സ്വന്തം സന്താനങ്ങളെയും സഹോദരങ്ങളെയും മാതാപിതാക്കളെയും കാണാന്‍ കഴിയാതെ പോകുന്നത്.
വലിയ വീടല്ല, നല്ല വീടാണ് നിര്‍മിക്കേണ്ടത്. നല്ല വീടാണെങ്കില്‍ കാഴ്ചയില്‍ ചെറുതാണെങ്കിലും അതു വലിയ വീടായിരിക്കും. ചീത്ത വീടാണെങ്കില്‍ അതു വലിയ വീടാണെങ്കിലും ചെറിയ വീടായിരിക്കും.
ഒരിക്കല്‍ കൂടി പറയട്ടെ, നല്ല വീട് തൊഴിലാളികളല്ല, വീട്ടുകാരാണു നിര്‍മിക്കേണ്ടത്. തൊഴിലാളികള്‍ വീടു മാത്രം നിര്‍മിക്കും. അതിനെ നല്ലതാക്കുന്നതും ചീത്തയാക്കുന്നതും വീട്ടുകാരാണ്. ടൈപിസ്റ്റുകള്‍ അക്ഷരങ്ങള്‍ ടൈപ് ചെയ്യുകമാത്രം ചെയ്യും. ടൈപ് ചെയ്യപ്പെടുന്ന ലേഖനത്തെ നല്ലതും ചീത്തയുമാക്കുന്നത് എഴുത്തുകാരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."