നജ്മലിന്റെ 'മരണശേഷം' ചോദ്യചിഹ്നം തന്നെയാണ്
സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്ന വാര്‍ത്തകളും സംഭവങ്ങളും കണ്ടും കേട്ടും മനസു മരവിച്ചു നില്‍ക്കെ, കഴിഞ്ഞ ഓണക്കാലത്ത് മനസുകുളിര്‍പ്പിക്കുന്ന ഒരു വാര്‍ത്ത വായിക്കാന്‍ ഭാഗ്യം കിട്ടിയത് ഓര്‍ത്തുപോവുകയാണ്. 'ബഷീറിന്റെ മക്കള്‍ക്ക് കുമാരന്റെ വീട്ടില്‍ ഓണസദ്യ' എന്നായിരുന്നു ആ വാര്‍ത്തയുടെ തലക്കെട്ട്.
ഓണാഘോഷത്തിന് അയല്‍വീട്ടിലെ മുസ്‌ലിംകുടുംബത്തെ ഭക്ഷണത്തിനു ക്ഷണിച്ചതിനെക്കുറിച്ചായിരുന്നില്ല ആ വാര്‍ത്ത. ഇതരമതക്കാരെ തങ്ങളുടെ ആഘോഷത്തിലും സന്തോഷത്തിലും പങ്കാളിയാക്കല്‍ കേരളത്തിനു പുതുമയുള്ള സംഭവമേയല്ലല്ലോ. വര്‍ഗീയക്കോമരങ്ങള്‍ വിഷം കുത്തിവയ്ക്കാന്‍ എത്ര തന്നെ ശ്രമിച്ചാലും മതസൗഹാര്‍ദക്കൂട്ടായ്മകള്‍ കേരളത്തില്‍ എക്കാലവും നടന്നുവരുന്നുണ്ട്.
ഇത് അത്തരമൊരു കൂട്ടായ്മയായിരുന്നില്ല. ഓരോ വ്യക്തിക്കും ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനുള്ള അവകാശം സന്തോഷത്തോടെ അനുവദിച്ചും അംഗീകരിച്ചും ആ വ്യക്തിയുമായുള്ള രക്തബന്ധം പഴയ അതേ ഊഷ്മളതയോടെ നിലനിര്‍ത്തുകയെന്ന കന്മഷവും നാട്യവുമില്ലാത്ത സന്മനസിന്റെ വെളിപ്പെടുത്തലായിരുന്നു വാര്‍ത്തയ്ക്കാധാരമായ ആ സംഭവം.
ആ കഥയുടെ ആഴവും പരപ്പുമുള്‍ക്കൊള്ളാന്‍ പതിറ്റാണ്ടുകള്‍ മുന്‍പത്തെ ഒരു കുടുംബ പുരാണത്തിലേയ്ക്കു പോകണം.
ദീര്‍ഘകാലമായി രാഷ്ട്രീയവും സാമുദായികവുമായ പകയും വെറുപ്പും ചോരച്ചാലുകള്‍ തീര്‍ത്ത വാണിമേല്‍ പ്രദേശത്തെ കടുത്ത കമ്യൂണിസ്റ്റ് കുടുംബമാണു കുമാരന്റേത്. കുമാരന്റെ സഹോദരന്‍ കുഞ്ഞിരാമന്‍ ഇപ്രദേശത്തെ ആദ്യരക്തസാക്ഷിയാണ്. കുമാരന് ഒരു അനുജനുണ്ട്, കണ്ണന്‍.
42 വര്‍ഷം മുന്‍പ് കണ്ണന്‍ നാടുവിട്ടുപോയി. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും കണ്ണന്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. എങ്കിലും വീട്ടുകാര്‍ കണ്ണനെ മറന്നില്ല. എന്നെങ്കിലുമൊരിക്കല്‍ തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ കുടുംബസ്വത്തു ഭാഗം വയ്ക്കുമ്പോള്‍ കണ്ണനും കൃത്യമായ ഓഹരി നിലനിര്‍ത്തി.
വീണ്ടും കാലം കടന്നുപോയി.
ഒടുവില്‍, രണ്ടുവര്‍ഷം മുന്‍പ് വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി ഒരു സുപ്രഭാതത്തില്‍ കണ്ണന്‍ പ്രത്യക്ഷപ്പെട്ടു.
അപ്പോഴും തന്റെ അജ്ഞാതവാസ കാലത്തെക്കുറിച്ചു കണ്ണന്‍ വീട്ടുകാരോട് കാര്യമായൊന്നും പറഞ്ഞിരുന്നില്ല.
അങ്ങനെയിരിക്കെയാണു വീട്ടുകാര്‍ ഒരു വിസ്മയക്കാഴ്ച കാണുന്നത്, കണ്ണന്‍ നിസ്‌കരിക്കുന്നു!
രാഷ്ട്രീയവും സാമുദായികതയും കൂടിക്കലര്‍ന്ന അക്രമങ്ങള്‍ ഏറെ നടന്ന പ്രദേശമാണ്. ഈ സംഭവവും അക്രമങ്ങള്‍ക്കു തിരികൊളുത്താവുന്നതാണ്.
എന്നാല്‍, കുമാരന്റെ വീട്ടുകാര്‍ അതൊരു കലാപവിഷയമാക്കിയില്ല. കണ്ണനോടു കുത്തിക്കുത്തി ചോദിച്ചു മനസില്‍ വ്രണമുണ്ടാക്കാന്‍ ശ്രമിച്ചില്ല. എങ്കിലും, കണ്ണന്റെ ബന്ധുക്കള്‍ അന്വേഷണം നടത്തി. അപ്പോഴാണ്, കണ്ണന്‍ എത്രയോ വര്‍ഷമായി മതം മാറിയിട്ടെന്നും പേരു ബഷീറെന്നാണെന്നും ഭാര്യയും മക്കളുമായി മുക്കത്താണു താമസമെന്നും അറിയുന്നത്.
ആ നിമിഷം മുതല്‍ അവര്‍ കണ്ണനെ ബഷീറായി അംഗീകരിച്ചു. ബഷീറിന്റെ ഭാര്യയെയും മക്കളെയും ബന്ധുക്കളായും അംഗീകരിച്ചു. എന്നെങ്കിലും തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ കണ്ണനായി മാറ്റിവച്ച ഭൂസ്വത്ത് ബഷീറിനു സ്‌നേഹത്തോടെ നല്‍കി. കുറച്ചുനാള്‍ മുന്‍പ് ബഷീര്‍ അന്തരിച്ചപ്പോള്‍ കബറടക്കത്തിലും മരണാനന്തരച്ചടുങ്ങുകളിലും പങ്കാളികളായി.
ബഷീറിന്റെ മരണശേഷം നടന്ന ആദ്യ ഓണാഘോഷത്തിലും അവര്‍ തങ്ങളുടെ പ്രിയപ്പെട്ട സഹോദരന്റെ കുടുംബാംഗങ്ങളെ മറന്നില്ലെന്ന സദ്്‌വാര്‍ത്തയാണ് മാധ്യമങ്ങള്‍ നമ്മുടെ മുന്നില്‍ എത്തിച്ചത്. തീര്‍ച്ചയായും മനസിനെ ഏറെ ആര്‍ദ്രമാക്കിയ വാര്‍ത്തയായിരുന്നു അത്.
ഈ വാര്‍ത്ത ഇപ്പോള്‍ ഓര്‍ത്തതും പറയുന്നതും ഏറെ ദുഃഖവും വേദനയും നല്‍കിയ മറ്റൊരു വാര്‍ത്ത വായിക്കാന്‍ ഇടവന്നപ്പോഴാണ്.
മുന്‍ നക്‌സലൈറ്റ് നേതാവ് ടി.എന്‍ ജോയ് എന്ന നജ്മല്‍ ബാബുവിന്റെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ചേരമാന്‍ പള്ളിപ്പറമ്പില്‍ ഖബറടക്കാന്‍ സമ്മതിക്കാതിരുന്ന ബന്ധുക്കളുടെയും രാഷ്ട്രീയക്കാരുടെയും ധാര്‍ഷ്ട്യത്തെക്കുറിച്ചായിരുന്നു വാര്‍ത്ത. കണ്ണനെ ബഷീറായി അംഗീകരിക്കാനും സ്‌നേഹിക്കാനും മടികാട്ടാത്ത കുമാരന്റെ കുടുംബത്തെപ്പോലെ ഉറച്ച കമ്യൂണിസ്റ്റുകാരാണു നജ്മല്‍ ബാബുവിന്റെ കുടുംബം. ഫാസിസത്തെ അങ്ങേയറ്റം എതിര്‍ക്കുകയും മതേതരത്വത്തിനും മതസൗഹാര്‍ദത്തിനും വ്യക്തിസ്വാതന്ത്യത്തിനും വേണ്ടി പോരാടുകയും ചെയ്ത നീലകണ്ഠദാസിന്റെ കുടുംബം.
ആ കുടുംബമാണ് അങ്ങേയറ്റം അഭിശപ്തമായ രീതിയില്‍ ഒരാളുടെ അന്ത്യകര്‍മങ്ങളില്‍ ഇടപെട്ടത്. പട്ടിണിക്കാരന്റെ കണ്ണീര്‍ച്ചാലുകള്‍ കണ്ട് സഹിക്കാതെ തപാല്‍വകുപ്പിലെ ജോലി രാജിവച്ചു വിപ്ലവപ്രസ്ഥാനത്തിലേയ്ക്ക് എടുത്തുചാടിയവനായിരുന്നു ടി.എന്‍ ജോയി. കായണ്ണ പൊലിസ് സ്റ്റേഷന്‍ ആക്രണക്കേസിലുള്‍പ്പെടെ ഒട്ടേറെ ഓപ്പറേഷനുകളില്‍ പങ്കാളി. വിപ്ലവകാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടവന്‍. തികഞ്ഞ മനുഷ്യസ്‌നേഹി. കടുത്ത ഫാസിസ്റ്റ് വിരുദ്ധന്‍.
ജോയി മതംമാറുന്നതുപോലും മതഭ്രാന്തന്മാരായ ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കാനായിരുന്നു. സാമുദായിക വിദ്വേഷത്തിന്റെ പേരിലുള്ള മനുഷ്യാവകാശലംഘനവും ക്രൂരതയും ഏറ്റവും കൂടുതല്‍ നടക്കുന്നത് മുസ്‌ലിംകള്‍ക്കു നേരേയാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോള്‍, 'പീഡിതര്‍ക്കൊപ്പം പൊരുതാന്‍ ഞാനും മുസ്‌ലിമാവുകയാണെ'ന്നു പ്രഖ്യാപിച്ച മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. അങ്ങനെയാണ് ടി.എന്‍ ജോയ് നജ്മല്‍ ബാബുവാകുന്നത്. താന്‍ മരിച്ചാല്‍ മയ്യിത്ത് ഇസ്‌ലാമികാചാരപ്രകാരം ചേരമാന്‍ പള്ളിപ്പറമ്പില്‍ ഖബറടക്കണമെന്നു പറയുക മാത്രമല്ല, അതു നടപ്പാകുമെന്ന് ഉറപ്പാക്കാന്‍ വസിയത്ത് എഴുതിവയ്ക്കുകയും ചെയ്തു അദ്ദേഹം.
ആ മനുഷ്യസ്‌നേഹിയുടെ, ഫാസിസ്റ്റ് വിരുദ്ധന്റെ മൃതദേഹമാണ് അദ്ദേഹത്തിന്റെ അഭിലാഷത്തെ മാനിക്കാതെ, അദ്ദേഹത്തിന്റ ഉറ്റമിത്രങ്ങളുടെ അപേക്ഷയും എതിര്‍പ്പും വകവയ്ക്കാതെ ബന്ധുക്കള്‍ ചാരമാക്കിയത്. അതിനവര്‍ പറഞ്ഞ കാരണം, മതംമാറ്റവും വസിയത്ത് എഴുത്തുമെല്ലാം ജോയിയുടെ തമാശയായിരുന്നുവെന്നാണ്. ജീവിതത്തെയും അതിതീക്ഷ്ണമായ ജീവിതയാഥാര്‍ഥ്യങ്ങളെയും അങ്ങേയറ്റത്തെ ഗൗരവത്തോടെ കണ്ട വിപ്ലവകാരിയായിരുന്നു അദ്ദേഹമെന്ന് അടുപ്പമുള്ളവര്‍ക്കെല്ലാം അറിയാം.
ഇന്ത്യയെപ്പോലൊരു മതേതരരാജ്യത്ത് ഏതൊരു വ്യക്തിക്കും സ്വന്തം വിശ്വാസമനുസരിച്ചു ജീവിക്കാം. ജനിച്ച മതത്തില്‍ തുടരുകയോ മറ്റു മതങ്ങള്‍ പഠിച്ച് അവയിലേതെങ്കിലുമാണ് ശരിയെന്നു തോന്നിയാല്‍ ആ വിശ്വാസം തെരഞ്ഞെടുക്കുകയോ ചെയ്യാം. മതരഹിതനായും ജീവിക്കാം. ഇന്ത്യ ഇന്നത്തെപ്പോലെ അതിരിട്ട രാജ്യമാകുന്നതിനും എത്രയെത്രയോ മുന്‍പ് ഭാരതസംസ്‌കാരം അംഗീകരിച്ച പൊതുതത്വമാണത്.
ആ നാട്ടിലാണു താന്‍ വിശ്വസിക്കുകയും വിശ്വസിച്ചുവെന്നു പ്രഖ്യാപിക്കുകയും ചെയ്ത മതത്തിന്റെ ആചാരമനുസരിച്ചു മരണാനന്തര കര്‍മങ്ങള്‍ ചെയ്യണമെന്ന അന്തിമാഭിലാഷം നജ്മല്‍ ബാബുവിനെപ്പോലൊരാള്‍ക്കു നിഷേധിക്കപ്പെട്ടത്.
ജോയിയെ ആരും മതംമാറ്റിയതായിരുന്നില്ല, ഭരണഘടനാദത്തമായ അവകാശമുപയോഗിച്ച് അദ്ദേഹം ഇഷ്ടമതം സ്വീകരിക്കുകയായിരുന്നു.
അതു തന്നെയാണു സൈമണ്‍ മാസ്റ്ററെന്ന മുഹമ്മദ്ഹാജിയുടെ കാര്യത്തിലും സംഭവിച്ചത്. പല മതങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും പഠിച്ച കാര്യങ്ങള്‍ താരതമ്യബുദ്ധിയോടെ മനം ചെയ്ത ഏതോ ഘട്ടത്തിലാണ് അദ്ദേഹം ഇസ്‌ലാമില്‍ ആകൃഷ്ടനായത്. ആ വിശ്വാസം അദ്ദേഹം മുറുകെ പിടിച്ചു. അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമായിരുന്നു. അദ്ദേഹവും തന്റെ മൃതദേഹം പള്ളിപ്പറമ്പില്‍ ഖബറടക്കണമെന്ന് വസിയത്ത്് എഴുതിവച്ചിരുന്നു. പക്ഷേ, സാമുദായികഭ്രാന്തന്മാര്‍ അതിനു സമ്മതിച്ചില്ല.
ഇവിടെയാണ് വാണിമേലെ കുമാരന്റെ കുടുംബത്തിന്റെ ഹൃദയവിശാലത വ്യക്തമാകുക,
ഇവിടെയാണ് കമലാസുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ബന്ധുക്കളുടെ മനസിന്റെ വലിപ്പം ബോധ്യപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."