ബ്രൂവറികള്‍ റദ്ദാക്കിയത് രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നേരിടാനെന്നു സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെയും അനുമതി റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത് വിചിത്രവാദം ഉന്നയിച്ച്. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും ബിയറും ഇവിടെതന്നെ ഉല്‍പ്പാദിപ്പിക്കേണ്ടത് സംസ്ഥാനത്തിന്റെ താല്‍പര്യമാണെന്നതിനാല്‍ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് അനുമതിനല്‍കി ഉത്തരവിറക്കി എന്നും വിവാദങ്ങളും യോജിച്ച അന്തരീക്ഷവുമില്ലാത്ത സാഹചര്യത്തില്‍ അനുമതി റദ്ദാക്കുന്നുവെന്നുമാണ് എക്‌സൈസ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എം. മോഹനരാജ് ഇറക്കിയ ഉത്തരവില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ ന്യായങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടുള്ള ഉത്തരവാണ് എക്‌സൈസ് വകുപ്പും ഇറക്കിയിരിക്കുന്നത്.
ഒരു നടപടി റദ്ദാക്കാനുള്ള വസ്തുനിഷ്ഠമായ കാരണങ്ങള്‍ പറയുകയോ, റദ്ദാക്കുന്നുവെന്ന് മാത്രം വ്യക്തമാക്കുകയോ ആണ് പതിവ്. വിവാദങ്ങള്‍ ഒഴിവാക്കാന്‍ എന്ന ന്യായം ഉത്തരവില്‍ വ്യക്തമാക്കിയത് നടപടി കോടതിയില്‍ ചോദ്യംചെയ്യാന്‍ സാധ്യത കൂട്ടും.
കാരണം അനുമതിയില്‍ ഒരു തെറ്റുമില്ലെന്ന് ഉത്തരവ് തന്നെ പറയുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. തന്റേതായ തെറ്റുകൊണ്ടോ, യുക്തിസഹമായ കാരണം കൊണ്ടോ അല്ല സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയതെന്ന് അനുമതി കിട്ടിയവര്‍ക്ക് കോടതിയില്‍ സമര്‍ഥിക്കാനുമാവും. ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ കോടതിയില്‍ തോറ്റെന്നും വരാം.
അതേസമയം, പുതുതായി ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും നല്‍കിയ അനുമതി റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു കള്ളക്കളി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
നിയമാനുസൃതം നല്‍കിയ അനുമതി റദ്ദാക്കുന്നതിന് വിവാദം ഒരു കാരണമായി പറയുന്നത് നിയമപരമായി സാധുവല്ലാത്ത കാര്യമാണ്. തല്‍ക്കാലം ബ്രൂവറി അഴിമതിയില്‍നിന്ന് മുഖം രക്ഷിക്കാനും പിന്നീട് കോടതി വഴി ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി പുനഃസ്ഥാപിച്ചു നല്‍കാനുമുള്ള വളഞ്ഞ ബുദ്ധിയാണ് സര്‍ക്കാര്‍ പ്രയോഗിച്ചിരിക്കുന്നത്.
കോടതി ഈ ഉത്തരവ് റദ്ദാക്കുമ്പോള്‍ കോടതി പറയുന്നതിനാല്‍ കൊടുക്കുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന സര്‍ക്കാരിന്റെ കണക്കുകൂട്ടലാണ് ഇതിന് പിന്നിലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."