സ്ലോ ഫുഡ് ഒരു ഭക്ഷ്യവിപ്ലവം
ലോകം ഒരുപാട് വിപ്ലവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുണ്ടെങ്കിലും ഭക്ഷ്യരംഗത്ത് ഏറെയൊന്നും കൊട്ടിഘോഷിക്കാതെ വിപ്ലവത്തിന് തുടക്കമിട്ട പ്രസ്ഥാനമാണ് ഇറ്റലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ലോഫുഡ്. ഫാസ്റ്റ്ഫുഡിനും ഫാസ്റ്റ്‌ലൈഫിനും എതിരായി 1986ല്‍ രൂപംകൊണ്ട പ്രസ്ഥാനത്തിന് 30 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 2016ലെ കണക്കുപ്രകാരം ഇന്ത്യ ഉള്‍പ്പെടെ 150 രാജ്യങ്ങളിലായി 1,500 ചാപ്റ്ററുകളുണ്ട്.
ഇറ്റലിയിലെ ബ്രാ നഗരമാണ് ആസ്ഥാനം. കോര്‍പറേറ്റ് കമ്പനികളുടെ പാചകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെ വിപണനവും രാസവളസമൃദ്ധമായ, ലാഭക്കണ്ണോടെയുള്ള കൃഷിരീതിയും പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍ക്കും കൃഷിരീതികള്‍ക്കും ഭീഷണിയാകുന്നുവെന്ന തിരിച്ചറിവില്‍ നിന്നാണ് ഇറ്റലിക്കാരനായ കാര്‍ലൊ പെട്രീനിയെന്ന പത്രപ്രവര്‍ത്തകന്‍ ഈ പ്രസ്ഥാനത്തിനു തുടക്കമിട്ടത്. അന്നു മുതല്‍ സ്ലോഫുഡ് പ്രസ്ഥാനത്തിന്റെ പ്രസിഡന്റും പെട്രീനി തന്നെ. 67ാം വയസിലും മാനവരാശിയെ സ്‌നേഹിക്കുന്ന ഈ മനുഷ്യന്‍ ഊര്‍ജസ്വലനാണ്.
റോമില്‍ മാക്‌ഡോണാള്‍ഡ്‌സിന്റെ ആഗമ നത്തിനെതിരേ 1986ല്‍ സമരവുമായി രംഗത്തെത്തിയ ആര്‍സിയോള ഓര്‍ഗനൈസേഷന്റെ പിന്‍ഗാമിയായിരുന്നു സ്ലോഫുഡ് പ്രസ്ഥാനം. റോമിലെ സ്പാനിഷ് സ്റ്റെപ്പ് മേഖലയില്‍ തന്നെ മാക്‌ഡോണാള്‍ഡ്‌സിന്റെ കട പ്രതിഷേധത്തെത്തുടര്‍ന്നു കുത്തകഭീമന്‍മാര്‍ക്കു പൂട്ടേണ്ടിവന്നു.
പ്രകൃതിയുടെ സന്തുലനത്തെയും മറ്റു ജീവിവര്‍ഗങ്ങളുടെ നിലനില്‍പ്പിനെയും ചോദ്യംചെയ്യാത്ത ഒരു പ്രകൃതി സൗഹൃദ ലോകം നിര്‍മിച്ചെടുക്കാനാണു പ്രസ്ഥാനം ലക്ഷ്യമിടുന്നത്. ഡോ. വന്ദനാ ശിവയുടെ നവ് ധന്യയുമായി ചേര്‍ന്നാണു സ്ലോഫുഡ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
നാടന്‍വിത്തിനങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ സംരക്ഷിക്കുക, രാസവളങ്ങളും ജനിതകവ്യതിയാനം വരുത്തിയ കാര്‍ഷികോല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കുക, ഇവയുടെ ദൂഷ്യങ്ങളെക്കുറിച്ച് ആഗോളതലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക, മാംസത്തിനായി വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുക, വീടുകളില്‍ നിന്നു ശീതീകരിച്ച മാംസവും പച്ചക്കറികളും പുറന്തള്ളുക ഇതിനെല്ലാം വേണ്ടി ഈ പ്രസ്ഥാനം ലോകം മുഴുവന്‍ പ്രചാരണം സംഘടിപ്പിച്ചുവരികയാണ്.
പുത്തന്‍ വലകളും ഫിഷിങ് ട്രോളറുകളും ഉപയോഗിച്ചുള്ള അമിതമായ മത്സ്യചൂഷണം തടയാ
നും യന്ത്രവല്‍കൃത ബോട്ടുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനും ലക്ഷ്യമിടുന്ന സ്ലോഫിഷ് പ്രസ്ഥാനം സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അമിതമായ ചൂഷണത്തിലൂടെ സ്രാവുകളും മറൈന്‍ ക്യാറ്റ് ഫിഷും വംശനാശഭീഷണിയെ നേരിടുന്നുവെന്ന ഭീതിതമായ സത്യവും ഇവര്‍ ഉറക്കെപറയുന്നു. സ്ലോഫുഡ് പ്രസ്ഥാനം 2004ല്‍ ഇറ്റലിയിലെ ടൂറിനി ല്‍ നടത്തിയ പ്രഥമ ആഗോള സമ്മേളന മായിരുന്നു ടെറാ മാഡ്രെ(മദര്‍ എര്‍ത്ത്). കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 22 മുതല്‍ 26 വരെയും ടൂറിനില്‍ സമ്മേളനം നടന്നിരുന്നു. രുചി ശില്‍പശാല, പാചകഗുരുകുലം, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവയും 2016ല്‍ നടന്നിരുന്നു. മായം കലരാത്ത രുചിയുള്ള ഭക്ഷണം ലഭ്യമാക്കുന്നതിനുള്ള പ്രതിബന്ധങ്ങളെക്കുറിച്ച് ആഴത്തിലുള്ള ചര്‍ച്ചകളായിരുന്നു ടെറാ മാഡ്രെ സലൊണ്‍ ഡി ഗസ്റ്റോയില്‍ നടന്നത്.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഈ സമ്മേളനത്തിന്റെ 2008 എഡിഷനിലായിരുന്നു ഇന്ത്യയില്‍ നിന്നു വന്ദനാ ശിവയടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു. 134 രാജ്യങ്ങളില്‍ നിന്ന് അന്‍പതിനാ യിരം പ്രതിനിധികള്‍ എത്തിയിരുന്നു. കൃഷിക്കാര്‍, ചെറുകിട ഭക്ഷ്യനിര്‍മാതാക്കള്‍, പാചകക്കാര്‍, സാമൂഹികപ്രവര്‍ത്തകര്‍, അക്കാഡമീഷന്‍ തുടങ്ങിയ വരായിരുന്നു ഈ കൂട്ടായ്മയിലേക്കു ക്ഷണിക്കെപ്പട്ടത്. ലോകത്തിന്റെ വൈവിധ്യങ്ങളും രുചിഭേദങ്ങളും സാംസ്‌കാരിക വ്യതിരിക്തതയുമെല്ലാം ഒത്തുചേര്‍ന്നതായിരുന്നു അന്നത്തെ ടൂറിനിലെ സമ്മേളന നഗരി. വിവിധ രാജ്യക്കാരായ പ്രതിനിധികള്‍ ഗ്രാമങ്ങളില്‍ കീടങ്ങളെ അകറ്റാന്‍ തങ്ങള്‍ സ്വീകരിച്ചുവരുന്ന നാടന്‍ പ്രയോഗങ്ങളെക്കുറിച്ചും നാട്ടിലെ കാര്‍ഷികമേഖലയിലെ മാറ്റങ്ങളെ ക്കുറിച്ചുമെല്ലാം അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു.
ആഗോളശ്രദ്ധ നേടിയ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-വൈന്‍ ചന്തയായ 'സലോണ്‍ ഡെല്‍ ഗസ്‌റ്റോ' ഇറ്റലിയിലെ ടൂറിനില്‍ സംഘടിപ്പിച്ചതു സ്ലോഫുഡ് പ്രസ്ഥാനമായിരുന്നു. ഇതിന്റെ ചുവടു
പിടിച്ചായിരുന്നു ബ്രാ നഗരത്തിലെ ചീസ് ചന്തയും ജിനോനില്‍ സംഘടിപ്പിച്ച ഫിഷ് ഫെസ്റ്റിവലും. ഭക്ഷ്യവൈവിധ്യമുണ്ടാവാന്‍ ജൈവവൈവിധ്യം സംരക്ഷിക്കുകയും അതുവഴി ഭക്ഷ്യ സ്വയംപര്യാ
പ്തത ഉറപ്പുവരുത്തുകയും വേണം. 'ഭക്ഷണത്തിലൂടെ സന്തോഷ'മെന്ന താണ് ഈ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യം തന്നെ.
മാംസത്തിനായി ലാഭക്കണ്ണോടെ ഫാമുകളില്‍ വളര്‍ത്തുന്ന മൃഗങ്ങളെയും പക്ഷികളെയും ഭക്ഷിക്കുന്നതു വര്‍ജിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അന്ന് ചര്‍ച്ചകള്‍ നടന്നിരുന്നു. പരമ്പരാഗത കൃഷിരീതികളുടെ പുനരുദ്ധാരണം, ജൈവവൈവിധ്യ സംരക്ഷണം, ഭക്ഷണവും സംസ്‌കാരവുമായുള്ള ബന്ധം, കൃഷിശാസ്ത്രത്തിലെ നൂതനപ്രവണതകള്‍ എന്നിവയെക്കുറിച്ചെല്ലാം ആധികാരികമായ പഠനഗവേഷണങ്ങള്‍ നടത്തുന്നുണ്ട് ഈ പ്രസ്ഥാനം.
2004 സ്ലോ ഫുഡ് പ്രസ്ഥാനം ഇറ്റലിയിലെ
പൊളെന്‍സോയില്‍ സ്ഥാപിച്ച യൂനിവേഴ്‌സിറ്റി ഓഫ് ഗ്യാസ്‌ട്രോണമിക് സയന്‍സസില്‍ നിന്ന് ഇതുവരെ 1,500ല്‍ അധികം കുട്ടികള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. യൂറോപ്പില്‍ സ്ലോഫു ഡ് പ്രസ്ഥാനത്തിന് ആശയതലത്തിലും പ്രയോഗതലത്തിലും നേതൃത്വം നല്‍കുന്നത് ഈ സ്ഥാപനമാണ്. സ്വകാര്യ സര്‍വകലാശാലയായ ഇവിടെ തുടക്കത്തില്‍ 60 വിദ്യാര്‍ഥികളാണ് പഠനം നടത്തിയിരുന്നത്. ഇന്നത് 85 ആയി ഉയര്‍ന്നിട്ടുണ്ട്. ഡിഗ്രി, പി.ജി കോഴ്‌സുകളാണ് നടത്തുന്നത്. 2015 മാര്‍ച്ചില്‍ ഇവിടെ പഠനത്തിനെത്തിയവരില്‍ 57 കുട്ടികള്‍ ഇറ്റലിക്ക് പുറത്തു നിന്നുള്ളവരായിരുന്നു.
ഭക്ഷണത്തിന്റെ ഭാഷയും
തത്വശാസ്ത്രവും
ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമെന്നതിനൊപ്പം തത്വചിന്താപരമായ അനേകം തലങ്ങളും ഭക്ഷണത്തിനുണ്ടെന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് പ്രതിനിധി സംഘവുമായി എത്തിയ പ്രൊഫ. ഡേവിഡ് നിക്കോളിനോ ഓര്‍മിപ്പിച്ചത് ആ പരിപാടിയുടെ ഭാഗമായവര്‍ മറക്കില്ല.
ഭക്ഷണത്തിനു ഭാഷപോലുമുണ്ടെന്നാണ് മുപ്പത്താറുകാരനായ അദ്ദേഹത്തിന്റെ അഭിപ്രായം. എളുപ്പത്തില്‍ ദഹിക്കുന്നതും പ്രകൃതിക്കും മനുഷ്യ നും യോജിക്കുന്ന നാടന്‍ പാചകരീതികളും പ്രോ ത്സാഹിപ്പിക്കപ്പെടണം. ആരോഗ്യത്തിനു ഹാനികരമല്ലാത്ത ഏതു ഭക്ഷണം കഴിക്കാനും പൗരന്മാര്‍ക്ക് അവകാശമുണ്ട്. ഈ അവകാശമാണു കുത്തകകള്‍ തങ്ങളുടെ വിഷജന്യമായ ഭക്ഷ്യവസ്തുക്കള്‍ പരസ്യങ്ങളിലൂടെ സ്വാധീനിച്ച് ആമാശയത്തില്‍ എത്തിക്കുന്നതിലൂടെ തടയാന്‍ ശ്രമിക്കുന്നത്. നാട്ടിലെ തനത് പാചക രീതികളെയെല്ലാം മാറ്റിമറിച്ചു തങ്ങളുടെ ഉല്‍പ്പന്നം മാത്രം ഭക്ഷിക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചെടുക്കുകയാണ് ഇത്തരം കുത്തകകള്‍ ലക്ഷ്യമാക്കുന്നത്.
കമ്പനി ഉല്‍പ്പന്നങ്ങളുടെ ഉപഭോക്താക്കളാവുന്നതോടെ ജനങ്ങള്‍ക്കു കാലാന്തരത്തില്‍ തങ്ങള്‍ നൂറ്റാണ്ടുകളിലൂടെ ആര്‍ജിച്ച പാചകരീതികള്‍ എന്നന്നേക്കുമായി കൈമോശം വരുന്ന ഭീകരാവസ്ഥ ഉണ്ടാവുമെന്നും ഈ അധ്യാപകന്‍ മുന്നറിയിപ്പു നല്‍കി. ഇതേ അവസ്ഥയാവും കാര്‍ഷികമേഖലയിലും കന്നുകാലി പരിപാലനത്തിലും ഭാവിയില്‍ സംജാതമാവുക. ഇത്തരം ഭവിഷ്യത്ത് കുറയ്ക്കാനായി നാടന്‍ വിത്തിനങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശേഖരിച്ചു സംരക്ഷിക്കാന്‍ വിത്ത്ബാങ്കിനു രൂപംനല്‍കിയിട്ടുണ്ട്. തങ്ങളുടെ പറമ്പിലും ഗ്രാമത്തിലും നാട്ടിലും ഉല്‍പ്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികളും ആറ്റിലേയും കടലിലേയും മല്‍സ്യവുമെല്ലാം തങ്ങളുടെ വീട്ടില്‍ പാചകം ചെയ്തു കഴിക്കുന്ന
പഴയകാലത്തിലേക്കു തിരിച്ചുപോയാലെ മനുഷ്യരെ ആധുനികരോഗങ്ങളില്‍ നിന്നു പ്രത്യേകിച്ചും ജീവിതശൈലീ രോഗങ്ങളില്‍ നിന്നുരക്ഷിക്കാന്‍ കഴിയൂവെന്നാണ് ഇദ്ദേഹം പറയുന്നത്.
ആമാശയം വെറുമൊരുപോളിത്തീനല്ല
അമേരിക്കയില്‍ തോട്ടത്തില്‍ നിന്നു ശേഖരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ 1,500 മുതല്‍ 2,500 കിലോമീറ്റര്‍ വരെ സഞ്ചരിച്ചാണ് ഉപഭോക്താവില്‍ എത്തുന്നത്. ചരക്കുകടത്തിലൂടെ ഇന്ധനവിലയും കടത്തുകൂലിയും ഉപഭോക്താവ് സഹിക്കേണ്ടതായി വരുന്നു. കേടാവാതിരിക്കാന്‍ ശീതീകരിക്കുന്നതിലൂടെ ആമാശയത്തി
നും ഒംഗ്രീന്‍ ഹൗസ് ഇഫക്ടിനും ഇത് ഇടയാക്കുന്നു. യൂറോപ്പിലും ജനിതകമാറ്റം വരുത്തിയ ധാരാളം കാര്‍ഷികോല്‍പ്പന്നങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ചോളവും ഉരുളക്കിഴങ്ങുമാണു കൂടുതലായും കൃഷിചെയ്യുന്നത്. ജര്‍മനിയും ഫ്രാന്‍സുമാണ് ഈ കൃഷിയുടെ മുഖ്യ സംരംഭകര്‍. ഓസ്ട്രിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ജനിതകമാറ്റം വരുത്തിയ കാര്‍ഷികോല്‍പ്പന്നങ്ങള്‍ നിരോധിച്ചിട്ടുണ്ട്.
സ്ലോ ഫൂഡുമായി അടുത്തതോടെ ഭക്ഷണത്തിന്റെ ചൂടും തണുപ്പും തൊട്ടറിയാനായും ചവച്ചരച്ചു സാവധാനം ഭക്ഷിക്കാനായി കത്തിയും മുള്ളും പെട്ടിയില്‍വച്ചു പൂട്ടിയ തന്റെ സുഹൃത്തിന്റെ കഥ ഡേവിഡ് സന്ദര്‍ശനവേളയില്‍ അനുസ്മരിച്ചിരുന്നു. ആമാശയം ഒരുകാലത്തും കാണുന്നതെല്ലാം വലിച്ചുകേറ്റാനുള്ള ഒരു പോളിത്തീനല്ല. ചിന്തിച്ചും ആസ്വദിച്ചും സാവധാനം കഴിച്ചാലേ ഭക്ഷണത്തിന്റെ ദഹനത്തിനാവശ്യമായ എന്‍സൈമുകള്‍ ഉല്‍പ്പാദിപ്പിക്കെപ്പടുകയുള്ളുവെന്നും ഡേവിഡ് പറഞ്ഞു. തണുപ്പിച്ചതും ടിന്നില്‍ അടച്ചതുമായ ഭക്ഷ്യവസ്തുക്കള്‍ അമിത വണ്ണത്തിനും ദേഹത്തിലെ ഉപ്പിന്റെ അളവ് അപകടകരമാംവിധം വര്‍ധിക്കാനും ഇടയാക്കും.
എഴുപത്തിയഞ്ചു ശതമാനം ജനങ്ങള്‍ അരി ആഹാരം ഭക്ഷിക്കുന്ന ഇന്ത്യയില്‍ 2014ലെ കണക്കുപ്രകാരം 2,700 ഔട്ട്‌ലെറ്റുകളിലായി 25 ലക്ഷം കോടിയുടെ ഫാസ്റ്റ് ഫുഡ് ബിസിനസാണ് നടക്കുന്നത്. 2020 ആവുമ്പോഴേക്കും ഇത് 60 ലക്ഷം കോടിയായി ഉയരുമെന്ന് അറിയുമ്പോള്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും ഊഹിക്കാമല്ലോ. മെട്രോ നഗരങ്ങള്‍, ചെറുപട്ടണങ്ങള്‍, ടൗണുകള്‍ എന്നിവിടങ്ങളിലാണ് ഇവയെല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ പിസ്സ ശൃംഖലയായ ഡോമിനോവിന്ന ഇന്ത്യയില്‍ 850 ഔട്ട്‌ലെറ്റുകളുണ്ട്. മാക്‌ഡൊണാള്‍ഡിന് 400 എണ്ണവുമെന്നാണ് 2014ലെ കണക്ക്. അടുത്ത അഞ്ചു വര്‍ഷത്തിനകം(2019) പുതിയ 250 എണ്ണം ആരംഭിക്കാനാണ് അവര്‍ പദ്ധതിയിടുന്നത്.
എട്ടു വര്‍ഷം മുന്‍പ് 100 കോടി രൂപയുടെ ഫാസ്റ്റ്ഫുഡ് ഉല്‍പ്പന്നങ്ങളാണ് പ്രമുഖ ഫാസ്റ്റ്ഫുഡ് ശൃംഖലകള്‍ വിറ്റഴിച്ചിരുന്നത്. 40 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ ഓരോ വര്‍ഷവും അന്ന് പ്രതീക്ഷിച്ചിരുന്നത്.
കാര്‍ട്ടൂണ്‍ ചാനലുകളിലൂടെ കുത്തകക്കമ്പനികള്‍ നല്‍കുന്ന തുടര്‍ച്ചയായ പരസ്യങ്ങള്‍ ജനങ്ങളെ ഇത്തരം ഭക്ഷണസാധനങ്ങളുടെ അടിമകളാക്കി മാറ്റുകയാണ.് കുട്ടികളെയും യുവാക്കളെയും ലഹരി കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് അടിമകളാക്കി നിത്യരോഗങ്ങളിലേക്കു തള്ളിവിടുകയാണു കോര്‍പറേറ്റ് കമ്പനികള്‍. ഇതിനു തടയിടുന്നതിനു രാജ്യത്തു നിയമനിര്‍മാണം നടത്താന്‍ ഇനിയും വൈകിക്കൂടാ. ഫാസ്റ്റ്ഫുഡ് വില്‍പ്പനയില്‍ ഇന്നു ലോകത്തെ പത്താമത്തെ രാജ്യമായി മാറിയിരിക്കയാണ് ഇന്ത്യയെന്നത് മണ്ണിനെയും മരങ്ങളെയും ജീവജാലങ്ങളെയും സ്‌നേഹിക്കുന്നവര്‍ മറക്കരുത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."