ദുരിതബാധിതര്‍ക്ക് ആശ്വാസമേകാന്‍; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും
കോഴിക്കോട്: സംസ്ഥാനത്ത് മഴയെത്തുടര്‍ന്ന് ദുരിതം ഏറ്റവും കൂടുതല്‍ ബാധിച്ച വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എം.പി കൂടിയായ രാഹുല്‍ ഗാന്ധി ഇന്നെത്തും. രാഹുല്‍ ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തനം.രാഹുല്‍ സന്ദര്‍ശനത്തിനെത്തുന്ന കാര്യം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് മാധ്യമങ്ങളെ അറിയിച്ചത്.
ഇന്ന് വൈകിട്ട് മൂന്നോടെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ആദ്യം മലപ്പുറം ജില്ലയാകും സന്ദര്‍ശിക്കുക. തുടര്‍ന്ന് വയനാടില്‍ ദുരന്തം വിതച്ച മേപ്പാടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മലപ്പുറം, വയനാട് കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന പ്രവര്‍ത്തനം ചര്‍ച്ച ചെയ്യും. കോഴിക്കോട് എത്തിയ ശേഷമായിരിക്കും പ്രളയബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനത്തെപ്പറ്റി തീരുമാനിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രളയം കേരളത്തെ ബാധിച്ച നിമിഷം തന്നെ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് വരാന്‍ തയാറായിരുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. 9, 10, 11, 12 തിയതികളില്‍ കേരളത്തില്‍ വരാനുള്ള തീരുമാനം അറിയിച്ചിരുന്നു. താനുമായും പ്രതിപക്ഷ നേതാവുമായും അക്കാര്യം ചര്‍ച്ച ചെയ്തു. ലോക്‌സഭയിലെ പ്രശ്‌നങ്ങള്‍ കാരണം അവിടെ തങ്ങേണ്ട അവസ്ഥയുണ്ടായി. സംസ്ഥാന ഭരണകൂടവുമായി ചര്‍ച്ച ചെയ്തപ്പോള്‍ ഇപ്പോള്‍ വരേണ്ടെന്ന് അറിയിച്ചിരുന്നു.
വയനാട്ടില്‍ കനത്ത മഴ നാശം വിതച്ചതിന് പിന്നാലെ വയനാട്ടിലെ ജനങ്ങളാണ് തന്റെ ചിന്തയിലും പ്രാര്‍ഥനയിലുമെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. വയനാട് സന്ദര്‍ശിക്കുന്നതിനുള്ള അനുമതിക്കായി കാത്തിരിക്കുകയാണെന്നും അനുമതി ലഭിച്ചാല്‍ വയനാട്ടിലെത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വയനാട്ടിലെ ജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കലക്ടര്‍മാരുമായി അദ്ദേഹം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. ഇക്കാര്യങ്ങളും രാഹുല്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
report on kerala flood,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."