പരിത്യാഗത്തിലൂടെ പാപമോചനം നേടി പുതുജീവിതത്തിലേക്ക്
അബ്ദുസ്സലാം കൂടരഞ്ഞി
മിന: അറഫാത്തില്‍ പാപമോചനം തേടി ഉള്ളുരുകി പ്രാര്‍ഥിച്ച്, മുസ്ദലിഫയിലെ കല്ലും പാറകളും നിറഞ്ഞ പരുക്കന്‍ തറയില്‍ ആകാശം കൂടാരമാക്കി ഒരു രാത്രി അന്തിയുറങ്ങി, ഒടുവില്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലെറിഞ്ഞു പുതുജീവിതത്തിലേക്കു കാലെടുത്തുവച്ച് ഹാജിമാര്‍ നാളെ മുതല്‍ മിന താഴ്‌വാരം വിട്ടിറങ്ങും.
പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് ബുധനാഴ്ചയോടെ പരിസമാപ്തിയിലേക്ക് കടക്കുമ്പോള്‍ വിശ്വാസികള്‍ പ്രസവിച്ച കുഞ്ഞു പോലെ പരിശുദ്ധമായാണ് തിരിച്ചു പോകുക . ആദ്യ കല്ലേറ് ദിവസമായ ഇന്നലെ ഹാജിമാര്‍ സുഖകരമായാണ് ജംറതുല്‍ അഖബയിലെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കിയത്. ഇന്ന് ഹാജിമാര്‍ പിശാചിന്റെ പ്രതീകങ്ങളായ ജംറതുല്‍ ഊല, ജംറതുല്‍ വുസ്ത്വാ, ജംറതുല്‍ അഖബ എന്നീ സ്തൂപങ്ങളില്‍ ഏഴു വീതം കല്ലെറിയല്‍ ചടങ്ങു പൂര്‍ത്തിയാക്കും.
നാളത്തെ കല്ലേറ് കര്‍മം കൂടി പൂര്‍ത്തിയായാല്‍ മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മഗ്‌രിബ് നിസ്‌കാരത്തിന് മുന്‍പായി മിനാ താഴ്‌വരയില്‍ നിന്ന് യാത്രയാകും. അല്ലാത്തവര്‍ അന്നു കൂടി മിനായില്‍ കഴിച്ചുകൂട്ടി ബുധനാഴ്ചയിലെ കല്ലേറിനു ശേഷം മഗ്‌രിബിനു മുന്‍പ് മടങ്ങും.
ശനിയാഴ്ച രാത്രി മുസ്ദലിഫയില്‍ രാപാര്‍ത്ത ഹാജിമാര്‍ ഞായര്‍ രാവിലെ മിനായിലേക്ക് മടങ്ങി ആദ്യത്തെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി. ജംറ പാലത്തിനു മുകളിലും താഴെയുമായി പാല്‍ക്കടല്‍ പോലെ നിറഞ്ഞൊഴുകിയ ഹാജിമാര്‍ തിന്മയുടെ പ്രതീകമായ ജംറതുല്‍ അഖബയിലാണ് കല്ലെറിഞ്ഞത്.
ഹജ്ജ് കര്‍മത്തില്‍ ഏറ്റവും തിരക്കേറിയതും അപകട സാധ്യതയേറിയതുമാണ് ബലി പെരുന്നാള്‍ ദിനത്തിലെ ഈ കര്‍മം. തിരക്കുകളും അനിഷ്ട സംഭവങ്ങളും ഇല്ലാതിരിക്കാന്‍ വേണ്ടി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്കും ആഭ്യന്തര ഹാജിമാര്‍ക്കും പ്രത്യേക സമയ ക്രമങ്ങള്‍ അനുവദിച്ചു നല്‍കിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ളവര്‍ രാവിലെ തന്നെ കല്ലേറ് കര്‍മം നിര്‍വഹിക്കാനായി മിനയില്‍ എത്തിയിരുന്നു. കല്ലേറ് നടക്കുന്ന ജംറയിലെ തിരക്ക് ഒഴിവാക്കാന്‍ ഓരോ മക്തബുകള്‍ക്കും പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് രണ്ടിനും ആറിനുമിടയിലും ദുല്‍ഹജ്ജ് 12ന് രാവിലെ പത്തിനും ഉച്ചക്ക് രണ്ടിനുമിടയില്‍ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കണമെന്നാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നിര്‍ദേശം.
ഞായാറാഴ്ച ജംറയിലെ കല്ലേറിനു ശേഷം തല മുണ്ഡനം ചെയ്തു ഇഹ്‌റാമില്‍ നിന്നും മുക്തരായ ഹാജിമാര്‍ സാധാരണ വസ്ത്രം ധരിച്ചതോടെ പാല്‍ക്കടല്‍ കണക്കെ നിന്ന മിനാ താഴ്‌വാരം വര്‍ണ വൈവിധ്യങ്ങളാല്‍ നിറഞ്ഞു. പിന്നീട് ഇവര്‍ മക്കയിലെത്തി ഹജ്ജിന്റെ ത്വവാഫും സഅയും പൂര്‍ത്തിയാക്കി മിനായിലെ ടെന്റിലേക്ക് തന്നെ നീങ്ങി.
നാളെ മുതല്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മക്കയില്‍ തിരിച്ചെത്തി വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങും. നേരത്തെ മദീന സന്ദര്‍ശനം നടത്താത്തവര്‍ മദീനയില്‍ പോയി റൗദാ ശരീഫ് സന്ദര്‍ശനവും മറ്റു സിയാറത്തുകളും പൂര്‍ത്തീകരിച്ചാണ് നാട്ടിലേക്ക് മടങ്ങുക.
ഏറ്റവും സുപ്രധാന കര്‍മങ്ങളായ മിന താമസവും അറഫ സംഗമവും അപകടം നിറഞ്ഞ ആദ്യ ദിവസത്തെ കല്ലേറും സുഗമമായി പര്യവസാനിച്ചതിന്റെ ആശ്വാസത്തിലാണ് സഊദി ഭരണ കൂടവും ഹജ്ജ്, ഉംറ മന്ത്രാലയവും. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളുമായിരുന്നു നടത്തിയിരുന്നത്.
അതേസമയം ഹജ്ജിനെത്തിയ തീര്‍ഥാടകരുടെ പൂര്‍ണ എണ്ണം സഊദി അധികൃതര്‍ വെളിപ്പെടുത്തി.
24,89,406 തീര്‍ഥാടകരാണ് ഈ വര്‍ഷം ഹജ്ജിനെത്തിയത്. ഇതില്‍ 18,55,027 തീര്‍ഥാടകര്‍ വിദേശികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."