താരസംഘടനയെ വിമര്‍ശിച്ച ഡബ്ല്യു.സി.സിക്ക് സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം
കൊച്ചി:താരസംഘടനയായ എ.എം.എം.എയുടെ ഭാരവാഹികള്‍ക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചതിനു പിന്നാലെ ഡബ്ല്യു.സി.സിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ അസഭ്യവര്‍ഷം.
പ്രമുഖ നടന്‍മാരുടെ ആരാധകരാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് പലരും ഫേസ്ബുക്ക് പേജില്‍ നടിമാര്‍ക്കെതിരേ അശ്ലീല പദപ്രയോഗങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള സൈബര്‍ ആക്രമണം നടത്തിയത്. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ച രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവര്‍ ഫീല്‍ഡ് ഔട്ട് ആയ നടിമാരെന്നും വിശേഷിപ്പിക്കുന്നുണ്ട്.
മീ റ്റു കാംപയിനെതിരേയും വളരെ മോശമായ രീതിയിലാണ് പലരും പ്രതികരിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നടിമാരെന്നു വിശേഷിപ്പിച്ചത് എങ്ങനെ അപമാനമാകുമെന്നും എ.എം.എം.എയുടെ പ്രസിഡന്റിനെ അയാള്‍ എന്നു വിളിക്കുന്നത് ശരിയാണോയെന്നും ചിലര്‍ ചോദിക്കുന്നു. ദീലിപിനെ പിന്തുണച്ചുള്ള പോസ്റ്റുകളും ഇടയ്ക്കു പ്രത്യക്ഷപ്പെടുന്നുണ്ട്. പേരെടുത്ത് പറഞ്ഞ് ഓരോ നടിമാരെയും അവഹേളിക്കുന്നതോടൊപ്പം ഇനി തിയറ്ററില്‍ അവരുടെ സിനിമകള്‍ ഇറങ്ങുമ്പോള്‍ കാണിച്ചു തരാമെന്നും ഭീഷണിപ്പെടുത്തുന്നു.
കിലുക്കം സിനിമയിലെ രേവതിയുടെയും മോഹന്‍ലാലിന്റെയും സീനുകള്‍ ചേര്‍ത്തുള്ള ട്രോളുകളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എറണാകുളം പ്രസ് ക്ലബില്‍ ശനിയാഴ്ച്ച നടന്ന വാര്‍ത്താസമ്മേളനം സംഘടനയുടെ പേജില്‍ ലൈവായി ഷെയര്‍ ചെയ്തിരുന്നു. ആ ഫേസ്ബുക്ക് ലൈവിന്റെ തൊട്ടു താഴെയുള്ള കമന്റുകളിലാണ് ആരാധകരുടെ അതിരുവിട്ട പ്രയോഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."