എന്‍.ഡി.എ അപകട മുന്നണിയെന്ന് ശരത് യാദവ്
മുസാഫര്‍പൂര്‍: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയെപോലെയുള്ള ഒരു അപകട മുന്നണി ഇതുവരെ അധികാരത്തില്‍ വന്നിട്ടില്ലെന്ന് ലോക് താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) നേതാവ് ശരത് യാദവ്. സ്വാതന്ത്ര്യത്തിനു ശേഷം ഇത്തരത്തിലുള്ള ഒരു ഭരണം രാജ്യം നേരിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ മുസാഫര്‍പൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ ഏതെങ്കിലും ഒരു വാഗ്ദാനം പൂര്‍ത്തീകരിക്കാന്‍ നരേന്ദ്ര മോദിക്ക് കഴിഞ്ഞിട്ടില്ല. ഒന്നു കഴിഞ്ഞാല്‍ മറ്റൊന്ന് എന്ന രീതിയില്‍ പൊള്ളയായ വാഗ്ദാനങ്ങളാണ് മോദി നല്‍കുന്നത്. രാജ്യത്തെ എല്ലാ സാധനങ്ങള്‍ക്കും വില കുതിച്ചുയര്‍ന്നത് മോദിയുടെ കാലത്ത് മാത്രമാണ്. പെട്രോളിനും ഡീസലിനും ദിനംപ്രതി വില വര്‍ധിക്കുന്നത് സാധന വില കുതിച്ചുയരാന്‍ ഇടയാക്കുകയാണ്. പെട്രോളിയം വില വര്‍ധനവിലൂടെ കേന്ദ്ര സര്‍ക്കാര്‍ നേടിയത് 11 ലക്ഷം കോടി രൂപയാണെന്നും ശരത് യാദവ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെപ്പോലെ ബിഹാര്‍ സര്‍ക്കാരിനും ജനവിശ്വാസം നഷ്ടമായിരിക്കുയാണ്. മഹാസഖ്യത്തില്‍ മത്സരിച്ച് ജയിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്തെ 11 കോടി ജനങ്ങളെ വഞ്ചിച്ചാണ് ബി.ജെ.പി പാളയത്തിലെത്തിയത്- യാദവ് ആരോപിച്ചു. രാജ്യത്തെ ജനങ്ങളെ മോദി സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്. ഇത്തരത്തിലൊരു സര്‍ക്കാരിനെ രാജ്യത്തെ ജനങ്ങള്‍ ഇതുവരെ നേരിട്ടിട്ടില്ലെന്നും ശരത് യാദവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."