എട്ട് പവന്‍ കവര്‍ന്ന ഹോംനഴ്‌സ് അറസ്റ്റില്‍
പയ്യന്നൂര്‍: പ്രായമായ സ്ത്രീയെ ശുശ്രൂഷിക്കാനെത്തി സ്വര്‍ണാഭരണങ്ങളുമായി കടന്നുകളഞ്ഞ ഹോം നഴ്‌സിനെ പൊലിസ് അറസ്റ്റുചെയ്തു. കാസര്‍കോട് ബന്തടുക്ക മലാംകുണ്ട് സ്വദേശിനിയായ രാധാ ജാനകിയെ (48) ആണ് പൊലിസ് പിടികൂടിയത്. കൊളച്ചേരി കമ്പില്‍ സ്വദേശിനിയായ പ്രിയ നല്‍കിയ പരാതിയിലാണു പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പ്രിയയുടെ മാതാവിനെ ശുശ്രൂഷിക്കുന്നതിനായാണ് തളിപ്പറമ്പ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോംനഴ്‌സ് സെന്റര്‍ മുഖേന രാധയെ ഹോംനഴ്‌സായി നിയമിച്ചത്. ഒക്ടോബര്‍ 12ന് വീട്ടിലെത്തിയപ്പോള്‍ സ്വര്‍ണാഭരണം മോഷണം പോയതറിഞ്ഞ് പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു.
എസ്.ഐ കെ.പി ഷൈനും സംഘവും ബന്ധപ്പെട്ടതിനെ തുടര്‍ന്നു ഹോംനഴ്‌സ് സെന്റര്‍ അധികൃതര്‍ രാധയെ കണ്ടെത്തി പൊലിസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ സ്വര്‍ണാഭരണം മോഷണം നടത്തിയതായി രാധ സമ്മതിച്ചു. മോഷ്ടിച്ച ആറര പവന്റെ മാലയും ഒന്നരപവന്റെ രണ്ടു വളകളും പയ്യന്നൂരിലെ മൂന്നു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലായി പണയംവച്ച് രണ്ടുലക്ഷത്തോളം രൂപ കൈപ്പറ്റിയതായും ഇവര്‍ പൊലിസിനോടു സമ്മതിച്ചു. മെഡിക്കല്‍ പരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതി രാധയെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."