പ്രളയം, ഉരുള്‍പൊട്ടല്‍: മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നു ഗാഡ്ഗില്‍, നിങ്ങളാണ് ശരി
കോഴിക്കോട്: 'പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു .ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങള്‍ ഒന്നും വേണ്ട .നാലോ അഞ്ചോ വര്‍ഷം മതി അന്ന് ഞാനും നിങ്ങളും ജീവിച്ചിരുപ്പുണ്ടാകും .ആരാണ് കള്ളം പറയുന്നത് ഭയപ്പെടുന്നത് എന്ന് നിങ്ങള്‍ക്കു തന്നെ മനസ്സിലാകും (മാധവ് ഗാഡ്ഗില്‍ 2011)''.
സാമൂഹിക മാധ്യമങ്ങളിലും മറ്റും ഈ സന്ദേശം നിറഞ്ഞു കവിയുന്നു. കേരളത്തെ വീണ്ടും പ്രളയവും ഉരുള്‍പൊട്ടലുമെല്ലാം ദുരിത ഭൂമിയാക്കിമാറ്റുമ്പോള്‍ നാടിന്റെ അവസ്ഥയെക്കുറിച്ച് നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയ രാജ്യത്തെ ഏറ്റവും തലമുതിര്‍ന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്റെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാവുന്നത്. പരിസ്ഥിതിപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി സാമൂഹിക പ്രവര്‍ത്തകരാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രൊഫ.മാധവ് ഗാഡ്ഗില്‍ സമര്‍പ്പിക്കുകയും പലരും വിവാദമാക്കുകയും ചെയ്ത റിപ്പോര്‍ട്ടിനെക്കുറിച്ച് വീണ്ടും ചര്‍ച്ച ചെയ്യുന്നത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനാണ് മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായുള്ള 13 അംഗ കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയത്.
കേരളം വലിയ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്ക് സാക്ഷിയാവാന്‍ പോവുകയാണെന്ന് ഗാഡ്ഗിലിന്റെ മുന്നറിയിപ്പ് വിവാദമാക്കി തള്ളാനായിരുന്നു അന്നു പലരും ശ്രമിച്ചത്. അതിലെ മുന്നറിയിപ്പുകള്‍ സത്യമായി ഭവിക്കാന്‍ തുടങ്ങിയതോടെയാണ് ഇതു വീണ്ടും ചര്‍ച്ചയായിത്തുടങ്ങുന്നത്.
കേരളത്തില്‍ പ്രളയത്തിനു പുറമേ എണ്‍പതിലേറെ ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചതാണ് ഇത്തവണത്തെ പ്രകൃതിക്ഷോഭം ഇത്ര രൂക്ഷമാവാന്‍ കാരണമെന്ന് മുഖ്യമന്ത്രിയടക്കം അറിയിക്കുമ്പോള്‍ അനിയന്ത്രിതമായ പാരിസ്ഥിതിക കൈയേറ്റങ്ങള്‍ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.
ഉരുള്‍പൊട്ടലും രൂക്ഷമായ മണ്ണിടിച്ചിലും ഉണ്ടായ ഓരോ പ്രദേശത്തും അനധികൃത ക്വാറികളെക്കുറിച്ചും മലയിടിച്ചുള്ള മണ്ണെടുപ്പിനെക്കുറിച്ചുമുള്ള പരാതികള്‍ നേരത്തെ തന്നെ ഉയര്‍ന്നിട്ടുണ്ട്. അധികൃതര്‍ ഇത്തരം പരാതികളോട് മുഖം തിരിഞ്ഞുനില്‍ക്കുന്ന സാഹചര്യമാണ് വലിയ ദുരന്തത്തിലേക്ക് കേരളത്തെ എത്തിച്ചതെന്ന് ഇവര്‍ പറയുകയാണ്. പശ്ചിമഘട്ടമലനിരകളിലും അനുബന്ധമായുള്ള കുന്നുകളിലും വന്‍തോതിലുള്ള കൈയേറ്റവും നശീകരണവുമാണ് ഇപ്പോഴും നടക്കുന്നത്.
ക്വാറി മണ്ണ് മാഫിയകള്‍ കുന്നുകളും പാറക്കെട്ടുകളും തുരന്നും തീര്‍ത്തും കേരളത്തിന്റെ പരിസ്ഥിതിക്കും ജനങ്ങള്‍ക്കും ജീവനും വലിയ ഭീഷണിയാണുണ്ടാക്കിയിരിക്കുകയാണ്. പുത്തുമലയിലെയും കവളപ്പാറയിലെയും മഹാദുരന്തങ്ങളെ ഇതില്‍നിന്നു മാറ്റി നിര്‍ത്താനാവില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നുണ്ട്.
''ഹരിതമേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാജിച്ച പശ്ചിമഘട്ടം അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങള്‍ ചുറ്റി നാണം മറയ്ക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്. അതിനെ അങ്ങനെ പിച്ചിച്ചീന്തിയതിന് പിന്നില്‍ ദരിദ്രരുടെ വിശപ്പടക്കാനുള്ള പരാക്രമത്തേക്കാള്‍ അതിസമ്പന്നരുടെ അടക്കി നിര്‍ത്താനാവാത്ത ആര്‍ത്തിയുടെ ക്രൂരനഖങ്ങളാണ് എന്നത് ചരിത്രസത്യം മാത്രമാണ്. പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു'' എന്നായിരുന്നു ഗാഡ്ഗില്‍ തന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്.
ഇതിനെ അംഗീകരിക്കാനോ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താനോ തയാറാവാതെ റിപ്പോര്‍ട്ടിനെ അട്ടിമറിക്കാനുള്ള ശ്രമമാണുണ്ടായതെന്നും ഇതിന്റെ ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നുമാണ് ജനങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."