നടി ആക്രമിക്കപ്പെട്ട സംഭവവുമായി 'രണ്ടാമൂഴം' സിനിമയെ കൂട്ടിക്കെട്ടാന്‍ ശ്രമമെന്ന് സംവിധായകന്‍
കോഴിക്കോട്: നടി ആക്രമിക്കപ്പെട്ട സംഭവവുമായി രണ്ടാമൂഴം സിനിമയെ കൂട്ടിക്കെട്ടാന്‍ ചിലര്‍ ശ്രമിച്ചുവെന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.
മഞ്ജു വാര്യരുമായുള്ള സൗഹൃദത്തെപ്പോലും തെറ്റായി വ്യാഖ്യാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തി എം.ടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രം അകാരണമായി വൈകുന്നതില്‍ പ്രതിഷേധിച്ച് തിരക്കഥ തിരിച്ചുവാങ്ങുകയും നിയമനടപടികളുമായി മുന്നോട്ടുപോകുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു എം.ടിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ച. താന്‍ എം.ടിയോടു ക്ഷമചോദിച്ചെന്നു പറഞ്ഞ ശ്രീകുമാര്‍ മേനോന്‍, എം.ടിക്കു നല്‍കിയ വാക്ക് നിറവേറ്റുമെന്നും ഈ കേസ് നിയമയുദ്ധമായി മാറില്ലെന്നാണ് വിശ്വാസമെന്നും കൂട്ടിച്ചേര്‍ത്തു.
സിനിമയെ നടി ആക്രമിക്കപ്പെട്ട സംഭവവുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നവര്‍ സമയം പാഴാക്കുകയാണ്. 2020 അവസാനം രണ്ടാമൂഴത്തിന്റെ ആദ്യ ഭാഗവും 2021 ഏപ്രിലില്‍ രണ്ടാം ഭാഗവും റിലിസ് ചെയ്യാനാണ് ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബര്‍ 11നാണ് രണ്ടാമൂഴത്തില്‍നിന്നു താന്‍ പിന്മാറുന്നു എന്നറിയിച്ച് എം.ടി രംഗത്തെത്തിയിരുന്നത്. ചിത്രീകരണം വൈകുന്നതില്‍ പ്രതിഷേധിച്ചായിരുന്നു പിന്‍മാറ്റം. ഇതുമായി ബന്ധപ്പെട്ടു കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ തടസ ഹരജിയും നല്‍കി. കേസ് 25നു കോടതി പരിഗണിക്കാനിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."