ഒരു രാജ്യം ഒരു ഭരണഘടന എന്നത് നടപ്പാക്കി, ഇനി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം; പ്രധാനമന്ത്രിയുടെ സ്വതന്ത്രദിന പ്രഭാഷണത്തിലെ പ്രസക്ത ഭാഗങ്ങള്‍ ഇവയാണ്
ന്യൂഡല്‍ഹി: ഒരൊറ്റ രാജ്യം ഒരൊറ്റ ഭരണഘടന എന്ന നയം നടപ്പാക്കിയെന്നും ഇനി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയം ആണ് നടപ്പാക്കുകയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എഴുപത്തിമൂന്നാം സ്വാതന്ത്രദിനത്തിന്റെ നിറവില്‍ ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയെന്ന നിലയ്ക്കുള്ള ചെങ്കോട്ടയിലെ തന്റെ ആറാമത്തെ പ്രഭാഷണത്തില്‍ മുത്വലാഖ്, ജമ്മു കശ്മീര്‍ ഉള്‍പ്പെടെയുള്ള ചൂടേറിയ വിഷയങ്ങളും പ്രധാനമന്ത്രി പരാമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:
ബലിദാനികളെ സ്മരിച്ചു
രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ സ്മരിച്ചും കേരളമുള്‍പ്പെടെ രാജ്യത്തെ വിവിധയിടങ്ങളിലുണ്ടായ പ്രളയത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയുമാണ് രണ്ടാം എന്‍.ഡി.എ സര്‍ക്കാരിനു കീഴില്‍ ആദ്യമായി നടത്തിയ സ്വാതന്ത്രദിന പ്രസംഗം പ്രധാനമന്ത്രി ആരംഭിച്ചത്. നിരവധിപേര്‍ നമ്മുടെ രാജ്യത്തിനായി ജീവന്‍ബലിനല്‍കി. നമ്മുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അവര്‍ തൂക്കിലേറി. ഇന്ന് ഞാന്‍ അവരെയെല്ലാം ഓര്‍മ്മിക്കുന്നു.
കശ്മീര്‍ നടപ്പാക്കിയത് പട്ടേലിന്റെ സ്വപ്‌നം
ജമ്മുകശ്മീരിന് പ്രത്യേക പദവി ലഭിക്കുന്ന ഭരണഘടനയിലെ അനുച്ഛേദം 370 ഒഴിവാക്കിയതോടെ സര്‍ക്കാര്‍ നടപ്പാക്കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്‌നമാണ്. പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാരല്ലിത്. 70 വര്‍ഷമായി ചെയ്യാനാകാത്തത് 70 ദിവസത്തിനകം നടപ്പാക്കാന്‍ പുതിയ സര്‍ക്കാരിനു കഴിഞ്ഞു. ലഡാക്കിലെയും ജമ്മു കശ്മീരിലെയും ജനങ്ങളുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. 130 കോടി ജനങ്ങളും അതിനൊപ്പമുണ്ട്.
പ്രളയ ബാധിതര്‍ക്ക് പിന്തുണ നല്‍കും
രാജ്യത്തെ വിവിധ ഇടങ്ങളില്‍ പ്രളയത്തില്‍ ഉഴലുന്നവര്‍ക്കു പിന്തുണ നല്‍കും. പ്രളയത്തില്‍ വലിയൊരു വിഭാഗം പൗരന്മാര്‍ കഷ്ടപ്പെടുന്നു. പ്രളയരക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും.
അടിസ്ഥാന സൗകര്യ വികസനത്തിന് 100 ലക്ഷം കോടി
സര്‍ക്കാര്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കും. ദാരിദ്രനിര്‍മാര്‍ജനവും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനവുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്ലാവര്‍ക്കും ആരോഗ്യമെന്ന ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ജനപിന്തുണയുണ്ടങ്കില്‍ മാത്രമേ സര്‍ക്കാര്‍ സംരഭങ്ങള്‍ വിജയിക്കൂ. ആളുകളുടെ മനോഭാവം മാറാതെ സാമൂഹിക പരിഷ്‌കരണം ലക്ഷ്യം കാണില്ല. അടിസ്ഥാന സൗകര്യ വികസനത്തിനായി നൂറ് ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.
സതി നിരോധിക്കാമെങ്കില്‍ എന്തുകൊണ്ട് മുത്വലാഖ് നിരോധിച്ചുകൂടാ?
മുസ്‌ലിം സ്ത്രീകളുടെ സമത്വത്തിന് വേണ്ടിയാണ് മുത്വലാഖ് നിരോധിച്ചത്. മുത്വലാഖ് നിരോധനത്തിലൂടെ മുസ്‌ലിം സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ നീതി നടപ്പാക്കി. മുസ്‌ലിം സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും മേല്‍ തൂങ്ങി നിന്ന വാളായിരുന്നു മുത്വലാഖ്. അവരെ സ്വാതന്ത്ര്യത്തോടെ ജീവിക്കാന്‍ അത് അനുവദിച്ചില്ല. പല ഇസ്‌ലാമിക രാജ്യങ്ങളും ഇത് വളരെ മുന്‍പ് നിരോധിച്ചിരുന്നു. എന്നാല്‍ എന്തു കൊണ്ടോ ഇന്ത്യയില്‍ അത് നടപ്പാക്കിയിരുന്നില്ല. സതി നടപ്പാക്കുന്നതിനെതിരെ ശബ്ദമുയര്‍ത്താന്‍ നമുക്കായെങ്കില്‍ മുത്വലാഖിനെതിരെയും അതിനാകണം. അംബേദ്കറുടെ ഭാവന ഉള്‍ക്കൊണ്ട് ജനാധിപത്യത്തിന്റെ പൊരുള്‍ ഉള്‍ക്കൊണ്ടാണ് സര്‍ക്കാര്‍ മുത്വലാഖ് നിരോധിച്ചത്.
കുടിവെള്ള പ്രശ്‌നത്തിന് ജല്‍ ജീവന്‍ മിഷന്‍
കുടിവെള്ളമില്ലാത്ത നിരവധി വീടുകള്‍ രാജ്യത്തുണ്ട്. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും കുടിവെളളം ലഭ്യമാക്കുന്നതിനായി ജല്‍ ജീവന്‍ മിഷന്‍ നടപ്പാക്കും. ഇതിനായി 3.5 ലക്ഷം കോടി രൂപ വകയിരുത്തും. എല്ലാവര്‍ക്കും കുടിവെള്ളം എന്ന ലക്ഷ്യത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കും. പിന്നിട്ട 70 വര്‍ഷം ചെയ്തതിനേക്കാള്‍ നാലു മടങ്ങ് ഏറെ ഇതിനായി ചെയ്യേണ്ടതുണ്ട്. ജല്‍ ജീവന്‍ മിഷന്‍ ഒരു സര്‍ക്കാര്‍ പദ്ധതി മാത്രമാവില്ല. സ്വച്ഛതാ മിഷന്‍ എന്ന ദൗത്യത്തിലേതു പോലെ ഇത് ജനപങ്കാളിത്തം ഉറപ്പാക്കുന്ന ദൗത്യമാക്കാനാണ് ലക്ഷ്യം.
ഇനി ഇനി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്
ഒരു രാജ്യം ഒരു ഭരണഘടന എന്നത് നടപ്പാക്കി, ഇനി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നയമാണ് നടപ്പാക്കാനുള്ളത്. ഇതേകുറിച്ച് ആലോചിക്കേണ്ട സമയാണിത്. ഒരു രാജ്യം ഒരൊറ്റ നികുതി (ജി.എസ്.ടി) എന്ന നയവും നടപ്പാക്കി.
കര്‍ഷകരുടെ സര്‍ക്കാര്‍
ഈ സര്‍ക്കാര്‍ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ്. താങ്ങുവില ഉറപ്പാക്കിയതിലൂടെയും വിവിധ പെന്‍ഷനുകള്‍ ആവിഷ്‌കരിച്ചതിലൂടെയും അത് തെളിയിച്ചു. ആരോഗ്യവിദ്യാഭ്യാസവും ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. രാജ്യത്തെ കുട്ടികള്‍ അനീതികള്‍ക്ക് ഇരയായിരുന്നു. ഇതെല്ലാം പരിഹരിക്കാന്‍ ഞങ്ങള്‍ പദ്ധതികള്‍ തയ്യാറാക്കുന്നു.
ഒരൊറ്റ സൈനിക മേധാവി
രാജ്യത്ത് മൂന്ന് സേനാവിഭാഗങ്ങള്‍ക്കും കൂടി ഒറ്റ തലവനെ നിയമിക്കും. ഇതിനായി ഡിഫന്‍സ് ചീഫ് സ്റ്റാഫ് തസ്തിക സൃഷ്ടിക്കും. നമ്മുടെ സുരക്ഷാ സേനകള്‍ നമ്മുടെ അഭിമാനമാണ്. സേനകള്‍ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താന്‍ ഞാന്‍ ഇന്നൊരു പ്രധാനപ്പെട്ട തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനിമുതല്‍ ചീഫ് ഓഫ് ഡിഫന്‍സ് ഉണ്ടാകും. ഇത് സേനകളെ കൂടുതല്‍ ശക്തമാക്കും.
Independence Day 2019 PM Modi speech
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."