ബീഫിന്റെ പേരില്‍ ഗുഡ്ഗാവില്‍ മലയാളിയുടെ ഹോട്ടല്‍ പൂട്ടിച്ചു
ന്യൂഡല്‍ഹി: ബീഫിന്റെ പേരില്‍ ഡല്‍ഹിക്കടുത്തുള്ള ഗുഡ്ഗാവില്‍ ഒരു സംഘം അക്രമികള്‍ മലയാളിയുടെ ഹോട്ടല്‍ പൂട്ടിച്ചു. ഗുഡ്ഗാവിലെ ഗോള്‍ഫ് കോഴ്സ് റോഡില്‍ കേരള വിഭവങ്ങള്‍ വിളമ്പുന്ന ഹോട്ടലാണ് പൂട്ടിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദലിയുടെതാണ് ഹോട്ടല്‍. രണ്ടാഴ്ച മുന്‍പാണ് സംഭവം.
15 ദിവസം മുന്‍പ് ഒരാള്‍ ഹോട്ടലിലെത്തി ഭക്ഷണങ്ങള്‍ പരിശോധിച്ചു. പിന്നാലെ എത്രയും വേഗം ഹോട്ടല്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആളുകള്‍ ഹോട്ടലിലെത്തി ബഹളമുണ്ടാക്കി. തുടര്‍ന്ന് ഹോട്ടല്‍ പൂട്ടേണ്ടി വരികയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് ഹോട്ടല്‍ തുടങ്ങിയത്.
മുഹമ്മദലിയുടെ സൗത്ത് ഡല്‍ഹിയിലുള്ള ഹോട്ടലിനെതിരേ ചിലര്‍ പ്രശ്നമുണ്ടാക്കിയതിനെത്തുടര്‍ന്ന് ബീഫ് വിഭവങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നിരുന്നു. ഡല്‍ഹിയിലെ ഗാസിര്‍പുര്‍ മാര്‍ക്കറ്റിലെ സര്‍ക്കാര്‍ അംഗീകൃത അറവ് ശാലയില്‍ നിന്നാണ് പോത്തിറച്ചി വാങ്ങുന്നതെന്ന് മുഹമ്മദലി പറഞ്ഞു. എല്ലാ അനുമതികളും ഹോട്ടല്‍ നടത്തിപ്പിന് വേണ്ടി വാങ്ങിയിട്ടുണ്ട്. എന്നിട്ടും നിയമപരമായി ഹോട്ടല്‍ നടത്തുന്നതില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയാണ്. 2004 മുതല്‍ ഡല്‍ഹിയില്‍ ഹോട്ടല്‍ നടത്തിവരികയാണ് മുഹമ്മദലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."