സാലറി ചലഞ്ച്; ഒരുവിഭാഗം ജീവനക്കാര്‍ രാഷ്ട്രീയം കളിക്കാന്‍ ശ്രമിച്ചു: ഇ.പി ജയരാജന്
തളിപ്പറമ്പ്: മഹാപ്രളയത്തില്‍ തകര്‍ന്ന കേരളത്തെ സഹായിക്കാന്‍ സാധാരണക്കാര്‍ പോലും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തപ്പോള്‍ സാലറി ചലഞ്ചിന്റെ പേരില്‍ രാഷ്ട്രീയം കളിക്കാനാണ് ഒരു വിഭാഗം ജീവനക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി ഇ.പി ജയരാജന്. മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങായ സേനാംഗങ്ങള്‍ക്ക് നല്കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തില്‍ നിലവിലുള്ള ഐക്യവും സമാധാനവും നിലനിര്‍ത്തുന്നതിന് വേണ്ടി മാത്രമാണ് ബ്രൂവറി ലൈസന്‍സ് റദ്ദാക്കിയതെന്നും ലൈസന്‍സ് സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടുകളില്‍ യാതൊരുവിധ തെറ്റുകളും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍ പുതുതായി വനിതാ ബറ്റാലിയനും ഫയര്‍ഫോഴ്സില്‍ വനിതകളുടെ പ്രത്യേക വിഭാഗവും ആരംഭിക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളായ സേനാംഗങ്ങള്‍ക്ക് മന്ത്രി ഉപഹാരം നല്കി. കേരളാ പൊലിസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് പി.വി റെനീഷ് അധ്യക്ഷനായി. കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്, ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമള, സണ്ണി ജോസഫ്, റോയ് പി. ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."