അമ്മക്കിളിയെയും കാത്ത് ശ്രീലോക
കുന്നംകുളം: ഈ കുഞ്ഞി കിളികളുടെ അമ്മയെ തേടുകയാണ് കലശമലയിലെ ആര്യ ലോകാശ്രമത്തിലെ ശ്രീലോക എന്ന എട്ടു വയസുകാരി. കഴിഞ്ഞ ദിവസം അയല്പക്കത്തെ വീട്ടിലെ പുക കുഴല്‍ (ചിമ്മിണി) വൃത്തിയാക്കുന്നതിനിടെയാണ് അഞ്ച് കുഞ്ഞി കിളികളെ കണ്ടെത്തിയത്. കൂട്ടില്‍ പറക്കമുറ്റാത്ത കുഞ്ഞി കുളികളെ എന്ത് ചെയ്യണമെന്നറിയാതെ വീട്ടുകാര്‍ സങ്കടപെട്ടപ്പോഴാണ് ശ്രീലോക ഇവരുടെ സംരക്ഷണം ഏറ്റെടുത്തത്. ഡ്രോപ്പറില്‍ വെള്ളവും പക്ഷി തീറ്റയും നല്കി ഇവരെ സംര ക്ഷിക്കുകയാണിപ്പോള് ശ്രീലോക.
ആര്യ ലോക് ആശ്രമത്തിലെ ആര്യ മഹര്‍ഷിയുടെ ഇളയമകളും കുന്നംകുളം ബഥനി ഇംഗ്ലീഷ് സ്കൂളിലെ മൂന്നാം തരം വിദ്യാര്‍ഥിനിയുമാണ്. വീടിനു മുന്നിലെ കുഞ്ഞി മരത്തിനു മുകളില്‍ കൂട് വച്ച് അഞ്ച് കിളികളേയും ഇവിടെ പാര്‍പ്പിച്ചിരിക്കുകയാണ്. പുലര്‍ച്ചെ തന്നെ കലശമലയിലെ കുന്നിന് മുകളില്‍ ശ്രീലോക കിളി കുഞ്ഞുങ്ങളുടെ അമ്മയെ തിരഞ്ഞു നടക്കും. മരച്ചില്ലകള്‍ അകത്തി പിടിച്ച് പറന്നു പോകുന്ന കിളികള്‍ക്ക് കാണാന്‍ പാകത്തില്‍ കൂട് നിര്‍ത്തി വെക്കും. ഒപ്പം ഇവരെ കളിപ്പിച്ചും വെള്ളം കൊടുത്തും മരത്തിന് അടുത്ത് തന്നെ കത്തിരിപ്പാണ്.
അമ്മയ്ക്ക് പകരം കുഞ്ഞുങ്ങളെ റാഞ്ചാന്‍ പരുന്തോ മറ്റോ വന്നാലോ. ശ്രീലോക ഡ്രോപ്പറില്‍ വെള്ളം നിറച്ചെത്തുമ്പോള്‍ കൊക്ക് തുറന്ന് കുഞ്ഞു കിളികള്‍ അവളുടെ കൈകു മ്പിളിലേക്ക് തലയെത്തിക്കും. വെള്ളം കുടിച്ച് അവരുടെ കളിയും കണ്ട് ശ്രീലോക ഇവിടെ തന്നെ ഇരിക്കുകയാണ്. കലശമലയുടെ താഴ് വാരത്തെങ്ങോ ഇവരുടെ അമ്മക്കിളി കുഞ്ഞുങ്ങളെ തേടി അലയുന്നുണ്ടെന്നറിയാം പക്ഷെ, എവിടെ. പ്രഭാത പ്രാര്‍ഥനയില്‍ എത്രയും പെട്ടന്ന് അമ്മ കിളിയെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നുവെന്ന് മഹര്‍ഷി പറയുന്നു. രാത്രിയില്‍ അമ്മ കിളി കുഞ്ഞുങ്ങളെ കാണാതെ കരയുന്നുണ്ടോ എന്ന് കാതോര്‍ത്ത് ഇരുട്ടില്‍ വരാന്തയില്‍ പതുങ്ങിയിരിക്കും.
തന്റെ കുഞ്ഞുങ്ങള്ക്കിത്തിരി അപ്പവുമായി ഈ പാവം അമ്മ കിളി ഇത് വഴിയെങ്ങാനും വന്നോ എന്ന് പരിസര വാസികളോടും ശ്രലോക അന്വേഷിക്കുന്നുണ്ട്. ഉണ്ടാകും, കലശമലക്കുന്നിന്റെ താഴ് വരകളില്‍ കുഞ്ഞുങ്ങളെ തേടി ആ അമ്മ അലയുന്നുണ്ടാകും. ഇതിനിടിയില്‍ എന്നേങ്കിലും ഈ വഴിയും അവരെത്തും. ശ്രലോക ഉറപ്പിച്ചു പറയുന്നു. തന്റെ കുഞ്ഞുങ്ങളെ സുരക്ഷിത രായി കാണുന്ന ആ അമ്മയുടെ സന്തോഷം കാണാനുള്ള തിടുക്കത്തിലാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."