നൗഷാദ് ദുബൈയിലേക്ക് പറക്കുന്നു; ഇനിയും ദുരിതബാധിതരെ സഹായിക്കാന്‍
കൊച്ചി: ദുരിതാശ്വാസ ക്യാംപിലേക്ക് കടയിലെ പുതു വസ്ത്രങ്ങള്‍ നല്‍കി മാതൃകയായ നൗഷാദിന് ഈ കാരുണ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി ദുബൈയിലേക്കു പറക്കാന്‍ അവസരം. ഗള്‍ഫിലെ സ്മാര്‍ട്ട് ട്രാവല്‍സ് ഉടമ പയ്യന്നൂര്‍ സ്വദേശി അഫി അഹമ്മദാണ് നൗഷാദിനും കുടുംബത്തിനും ഗള്‍ഫ് യാത്രക്കുള്ള അവസരമൊരുക്കിയത്. എന്നാല്‍ താന്‍ ദുബൈയിലേക്ക് പോകുന്നത് ദുരിതബാധിതര്‍ക്കുവേണ്ടിയാണെന്ന് നൗഷാദ് പറഞ്ഞു. നൗഷാദിനെയും കുടുംബത്തെയും രണ്ടാഴ്ച്ചത്തെ സന്ദര്‍ശനത്തിനായി യു.എ.ഇയിലേക്ക് കൊണ്ടുപോകുമെന്നും നിരവധി പ്രവാസികള്‍ അദ്ദേഹത്തെ അഭിനന്ദിക്കാന്‍ അവിടെ കാത്തിരിക്കുകയാണെന്നും അഫി അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈ യാത്രയില്‍ തനിക്ക് ലഭിക്കുന്നതൊക്കെ ദുരിതബാധിതര്‍ക്ക് നല്‍കുമെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അവ കൈമാറുമെന്നും നൗഷാദ് പറഞ്ഞു. 19ന് നൗഷാദ് കൊച്ചി ബ്രോഡ്വേയിലെ അപ്സര ബില്‍ഡിങ്ങില്‍ ആരംഭിക്കുന്ന പുതിയ കടയില്‍ നിന്നും സ്മാര്‍ട്ട് ട്രാവല്‍സ് ഒരു ലക്ഷം രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങി പ്രളയ ദുരിത ബാധിതര്‍ക്ക് നല്‍കും.
നൗഷാദ് തന്റെ ഒരു ലക്ഷം രൂപയുടെ പാരിതോഷികം നിരസിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. സ്മാര്‍ട്ട് ട്രാവല്‍സ് വാങ്ങുന്ന വസ്ത്രങ്ങള്‍ 'ബിസിനസ് കേരള' എന്ന ഏജന്‍സി വഴിയാണ് ദുരിത ബാധിതരിലേക്ക് എത്തിക്കുന്നത്. ' നൗഷാദിക്കാന്റെ കട 'എന്നു പേരിട്ടിരിക്കുന്ന കടയുടെ ഉദ്ഘാടനം നൗഷാദ് തന്നെയാണ് നിര്‍വഹിക്കുന്നത്. രണ്ടുമാസം മുമ്പ് ആരംഭിച്ച കടയുടെ പണികള്‍ ഈ അടുത്താണ് പൂര്‍ത്തിയായത്. വിദേശത്തേക്ക് പോകേണ്ടെന്നതായിരുന്നു തന്റെ ആദ്യ തീരുമാനമെന്നും എന്നാല്‍ ഗള്‍ഫില്‍ നിന്നും പലരും നിരന്തരം വിളിച്ചുകൊണ്ടേയിരിക്കുന്നതിനാലാണ് പോകുന്നതെന്നും നൗഷാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."