നമ്മുടെ നാഥനെ നമുക്ക് സന്തോഷിപ്പിക്കാം
നമ്മുടെ നേതാവ് മുഹമ്മദ് മുസ്ഥഫ(സ) തങ്ങളുടെ ഉമ്മത്തായ നമുക്ക് അല്ലാഹു നല്‍കിയ വലിയ ഔദാര്യമാണല്ലൊ പരിശുദ്ധ റമദാന്‍. റമദാനിലെ ആദ്യഘട്ടം വിട പറഞ്ഞിരിക്കുന്നു. രണ്ടാം ഘട്ടത്തിലേക്ക് നാം പ്രവേശിക്കുകയും ചെയ്തു. ഈ ഘട്ടത്തെ നബി(സ) വിശേഷിപ്പിച്ചത് മഅ്ഫിറത്തിന്റെ ഘട്ടമെന്നാണ്. മഅ്ഫിറത്ത് (പാപമോചനം തേടല്‍) അല്ലാഹുവിനെ വളരെയേറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്. ഇമാം മുസ്‌ലിം(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ ഒരു അടിമ ഖേദിച്ച് മടങ്ങുമ്പോഴുള്ള അല്ലാഹുവിന്റെ സന്തോഷാധിക്യം രേഖപ്പെടുത്തുന്നുണ്ട്. വിജനമായ മരുഭൂമിയില്‍ ഒട്ടകപ്പുറത്ത് സഞ്ചരിക്കുന്ന ഒരു മനുഷ്യന്‍ വിശ്രമത്തിന് വേണ്ടി ഇറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ അന്നപാനീയങ്ങള്‍ അടങ്ങുന്ന ഒട്ടകം നഷ്ടപ്പെട്ടു. ഒട്ടകം നടന്നുപോയ ദിശ പോലും മനസ്സിലാക്കാന്‍ കഴിയാതെ കടുത്ത ദാഹവും വിശപ്പും സഹിക്കാന്‍ വയ്യാത്ത അവസ്ഥയില്‍ ആ മരുഭൂമിയില്‍ അദ്ദേഹം ഒറ്റപ്പെട്ടു. നഷ്ടപ്പെട്ട ഒട്ടകത്തെ ഒരിക്കലും തിരികെ ലഭിക്കല്ല എന്ന നിരാശയില്‍ മരണം പ്രതീക്ഷിച്ച് ആ മനുഷ്യന്‍ ഒരു മരത്തണലില്‍ ഇരുന്ന് തളര്‍ന്നുറങ്ങിപ്പോയി. മയക്കത്തില്‍ നിന്നും പതിയെ ഉണര്‍ന്ന അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞത് തന്റെ ഒട്ടകം മുന്നില്‍ നില്‍ക്കുന്നതാണ്. ചാടിയെഴുന്നേറ്റ് ഒട്ടകത്തിന്റെ കടിഞ്ഞാണില്‍ പിടിച്ച് സന്തോഷാധിക്യത്താല്‍ അദ്ദേഹം പറഞ്ഞു. '
അല്ലാഹുവേ.. നീ എന്റെ അടിമയും ഞാന്‍ നിന്റെ റബ്ബുമാണ്'. സന്തോഷം അധികമാകുമ്പോഴാണ് കാര്യങ്ങള്‍ നേര്‍വിപരീതമാകുക. വിദേശരാജ്യങ്ങളില്‍ തലവെട്ടാന്‍ വിധിക്കപ്പെട്ടവന് മാപ്പ് ലഭിച്ച് നാട്ടിലെത്തുമ്പോള്‍ അവന്റെ ഉറ്റ ബന്ധുക്കള്‍ അയാളെ ആശ്ലേഷിച്ച് കരയുന്നത് കാണാറുണ്ട്. യഥാര്‍ത്ഥത്തില്‍ സന്തോഷിക്കേണ്ട സന്ദര്‍ഭം നേര്‍ വിപരീതമായ കരച്ചിലിലേക്ക് വഴിമാറിയത് സന്തോഷാധിക്യം കൊണ്ടാണ്. മേല്‍പ്പറഞ്ഞ ഹദീസിലെ ഒട്ടകക്കാരനും സംഭവിച്ചത് സന്തോഷാധിക്യത്താല്‍ വിപരീതം പറയുകയായിരുന്നു. നബി(സ)തങ്ങള്‍ പറയുന്നു ' ഈ മനുഷ്യനേക്കാള്‍ സന്തോഷമാണ് അടിമ ഖേദിച്ച് മടങ്ങുമ്പോള്‍ അല്ലാഹുവിന് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ നാഥനെ അതിരറ്റ് സന്തോഷിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് നമുക്ക് മുന്നിലെത്തിയിരിക്കുന്നത്.
പാപമോചനം തേടേണ്ടത് പാപം ചെയ്തവര്‍ മാത്രമല്ല. മഹാനായ നബി(സ)തങ്ങള്‍ പാപം ഒരിക്കല്‍പോലും ചെയ്തിട്ടില്ലാത്ത ആളായിട്ടുപോലും ദിവസവും നൂറുതവണ ഇസ്തിഅ്ഫാര്‍ നടത്താറുണ്ടായിരുന്നു എന്നത് നാം ഗൗരവത്തോടെ കാണേണ്ടതാണ്. ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു.' നബി(സ)യുടെ പിതൃസഹോദരനും ഇസ്‌ലാമിക ധര്‍മ്മ സമരങ്ങളിലെ മുന്നണിപ്പോരാളിയുമായിരുന്ന ഹംസ(റ)വിന്റെ ഘാതകന്‍ നബി(സ) തങ്ങള്‍ക്ക് ഒരു കത്തെഴുതി. ഉള്ളടക്കം ഇപ്രകാരമായിരുന്നു. 'ഞാന്‍ മുസ്‌ലീമാകാന്‍ ആഗ്രഹിക്കുന്നു. പക്ഷെ താങ്കള്‍ക്ക് ഇറക്കപ്പെട്ട ഖുര്‍ആനിലെ ഒരു വാചകമാണ് അതില്‍ നിന്നും എന്നെ തടയുന്നത്. അല്ലാഹുവിനോട് കൂടെ മറ്റൊരു വസ്തുവിനെ ആരാധിച്ചവരും അന്യായമായി ഒരു മനുഷ്യനെ വധിച്ചവനും വ്യഭിചരിച്ചവനും കുറ്റത്തെ കണ്ടെത്തിക്കുക തന്നെ ചെയ്യും (സൂറത്തുല്‍ ഫുര്‍ഖാന്‍ 62). ഇത് മൂന്നും ഞാന്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എനിക്ക് തൗബയുണ്ടാകുമൊ'. കത്ത് വായിച്ചശേഷം എന്തുമറുപടി നല്‍കണമെന്ന് നബി(സ)തങ്ങള്‍ ആലോചിക്കുമ്പോഴാണ് നാഥന്റെ കല്‍പ്പനയുമായി ജിബ്‌രീല്‍(അ) വരുന്നത്.
' വിശ്വസിക്കുകയും ആത്മാര്‍ത്ഥമായി ഖേദിച്ച് മടങ്ങുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ഇതില്‍ നിന്നും ഒഴിവാണ് ' (സൂറത്തുല്‍ ഫുര്‍ഖാന്‍ 70). നബി(സ)തങ്ങള്‍ ഈ വിവരംവെച്ച് വഹ്ശിക്കു മറുപടി നല്‍കി. മറുപടി ലഭിച്ച വഹ്ശി വീണ്ടും കത്തെഴുതി'. ഈ ആയത്തില്‍ സല്‍കര്‍മ്മം തുടര്‍ന്ന് ചെയ്യണമെന്ന ഉപാധി കാണുന്നു. എനിക്ക് സല്‍കര്‍മ്മം ചെയ്യാന്‍ കഴിയുമോയെന്ന് അറിയില്ല. അത്തരത്തില്‍ എനിക്ക് തൗബ ഉണ്ടാകുമോ'. വീണ്ടും അല്ലാഹുവിന്റെ വചനവുമായി ജിബ്‌രീല്‍(അ)വന്നു'. അല്ലാഹു ഉദ്ദേശിച്ചവര്‍ക്ക് അവന്‍ മാപ്പ് നല്‍കും '(സൂറത്ത് നിസാഅ് 116). ഈ വചനം വഹ്ശിക്ക് മറുപടിയായി തങ്ങള്‍ നല്‍കി. ഇത് വായിച്ച വഹ്ശി വീണ്ടും തങ്ങള്‍ക്ക് കത്തെഴുതി. ഈ ആയത്തില്‍ അല്ലാഹു ഉദ്ദേശിച്ചവര്‍ എന്നല്ലേ പറയുന്നത്. അല്ലാഹു എന്നെ ഉദ്ദേശിക്കുമോ എന്ന് എനിക്കറിയില്ലല്ലൊ. തിരുവചനവുമായി ജിബ്‌രീല്‍(അ) വീണ്ടും വന്നു. ' സ്വന്തം ശരീരങ്ങളുടെ മേല്‍ അമിതം പ്രവര്‍ത്തിച്ച അടിമകളേ നിങ്ങള്‍ അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് നിരാശരാകരുത്. അല്ലാഹു മുഴുവന്‍ പാപങ്ങളും പൊറുക്കുന്നവനാണ് ' (സൂറത്തു സുമര്‍ 53). ഈ ആയത്ത് തിരുദൂതര്‍ വഹ്ശിക്ക് അയച്ചുകൊടുത്തു.
പാപമോചനത്തിന് ഒരു ഉപാധിയും ഈ ആയത്തില്‍ അല്ലാഹു നിര്‍ബന്ധമാക്കിയിട്ടില്ല എന്ന് കണ്ട വഹ്ശി മദീനയില്‍ വന്ന് ഇസ്‌ലാം മതം സ്വീകരിച്ചു. ഈ സംഭവം എത്ര വലിയ പാപമാണ് നാം ചെയ്തിട്ടുള്ളതെങ്കിലും അതില്‍ ആത്മാര്‍ത്ഥമായി ഖേദിച്ച് മടങ്ങിയാല്‍ ഒരു ഉപാധിയും കൂടാതെ അല്ലാഹു നമ്മെ സ്വീകരിക്കുമെന്നതിനു തെളിവാണ്. മാത്രമല്ല വിശ്വസിച്ച് ഖേദിച്ച് മടങ്ങി സല്‍കര്‍മ്മം ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ മുന്‍കാല പാപങ്ങള്‍ ഗുണങ്ങളാക്കി അതിനുകൂടി പ്രതിഫലം നല്‍കപ്പെടുമെന്നും പ്രസ്തുത ആയത്തിലൂടെ (സൂറത്ത് ഫുര്‍ഖാന്‍ 70) അല്ലാഹു പറയുമ്പോള്‍ അടിമയുടെ ആത്മാര്‍ഥമായ തൗബ അവനെ എത്രമാത്രം സന്തോഷിപ്പിക്കുന്നുവെന്ന് നമുക്ക് ഊഹിക്കാം.
(എസ്.കെ.എസ്.എസ് എഫ് ജില്ലാ പ്രസിഡന്റാണ് ലേഖകന്‍ )
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."