ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി
തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ തൊഴില്‍ പ്രതിസന്ധിയില്‍പെട്ട മലയാളികളുടെ കാര്യത്തില്‍ നോര്‍ക്ക നടപടികള്‍ തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് വിഷയത്തില്‍ നോര്‍ക്ക ഇടപെട്ടത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നോര്‍ക്ക സെക്രട്ടറിയ്ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി, മലയാളി സംഘടനകള്‍ എന്നിവയെ ഏകോപിപ്പിച്ചു വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് അടിയന്തര നടപടികളെടുക്കാനാണ് നിര്‍ദേശിച്ചത്.
അതേ സമയം, ഗള്‍ഫ് മലയാളികളുടെ പുനരധിവാസത്തിന് മുന്തിയ പരിഗണന നല്‍കുമെന്നു മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. മലയാളികള്‍ ഏറ്റവും കൂടുതല്‍ ജോലിചെയ്യുന്ന ഗള്‍ഫ് രാജ്യമാണ് സഊദി അറേബ്യ. നിര്‍മാണ മേഖലയിലാണു മലയാളികളേറെയും ജോലി ചെയ്യുന്നത്. ഇവിടങ്ങളിലാണു പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കാന്‍ തയാറാകണം. ഇപ്പോള്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രിയെയാണു സഊദിയിലേയ്ക്ക് അയച്ചിരിക്കുന്നത്.
ഇതു പ്രശ്‌നത്തിന്റെ ഗൗരവം കുറയ്ക്കും. അതിനാല്‍ വിദേശകാര്യമന്ത്രി നേരിട്ടു സഊദിയില്‍ പോയി ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ഏകോപിപ്പിക്കണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. വരുംനാളുകളില്‍ ഗള്‍ഫില്‍നിന്നുള്ള മടക്കം വര്‍ധിക്കാനേ വഴിയുള്ളൂ. അതു ഗൗരവമായാണു സര്‍ക്കാര്‍ കാണുന്നത്. കേരളത്തിലേയ്ക്കു വിദേശനാണ്യം കൊണ്ടുവരാന്‍ രാപകലില്ലാതെ കഷ്ടപ്പെടുന്നവരാണു പ്രവാസി മലയാളികള്‍. അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പ്രവാസി സംഘടനകളുടെ സഹായം
തേടണം: പി.കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സഊദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ക്ക് തിരികെയെത്താനുള്ള സൗകര്യമൊരുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസി സംഘടനകളുടെ സഹായം തേടണണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. ഇന്ത്യക്കാരുടെ തൊഴില്‍ സുരക്ഷ എംബസിയുമായി ബന്ധപ്പെട്ടും ഉഭയകക്ഷി ചര്‍ച്ചകളിലൂടെയും ഉറപ്പുവരുത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
മലയാളികളടക്കമുള്ള പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് നിതാഖാത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ടമായത്.
കെട്ടിട നിര്‍മാണ മേഖലയിലെ നിരവധിപേര്‍ക്ക് ശമ്പള കുടിശികയുമുണ്ട്. ഇക്കാമയും ശമ്പള കുടിശികയുമടക്കമുള്ള പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ പ്രവാസി സംഘടനകള്‍ക്കു കാര്യമായ ഇടപെടല്‍ നടത്താനാകും.
സഊദിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് സമാനമായി ഒമാനിലും മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ തൊഴില്‍പ്രതിസന്ധി നേരിടുന്നുണ്ടെന്നാണു ലഭ്യമായ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.
ഗുരുതരമായ ഈ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്ത് അടിയന്തര പരിഹാരനടപടി കൈക്കൊള്ളണം.
കെ.എം.സി.സി ഭാരവാഹികളുമായി ബന്ധപ്പെട്ട് തൊഴില്‍ നഷ്ടമായവര്‍ക്ക് സാധ്യമായ പരമാവധി സഹായം ലഭ്യമാക്കി വരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."