യുവേഫ സൂപ്പര്‍ കപ്പ്; കിരീടം ലിവര്‍പൂളിന്
അങ്കാറ: യുവേഫ സൂപ്പര്‍ കപ്പില്‍ ഇംഗ്ലീഷ് കരുത്തന്മാര് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ ജയം ചെമ്പടയ്ക്ക്. ലിവര്‍പൂളും ചെല്‍സിയും മാറ്റുരച്ചപ്പോള്‍ നിശ്ചിതസമയത്തും അധികസമയത്തും സമനിലയില്‍ കലാശിച്ച മത്സരത്തില്‍ വിജയിയെ കണ്ടെത്താന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ഷൂട്ടൗട്ടില്‍ 5-4ന് യൂറോപ്പ ലീഗ് ജേതാക്കളായ ചെല്‍സിയെ തകര്‍ത്ത് നിലവിലെ ചാംപ്യന്‍സ് ലീഗ് ചാംപ്യന്മാരായ ലിവര്‍പൂള്‍ സീസണിലെ ആദ്യ കിരീടവും സ്വന്തമാക്കി. ലിവര്‍പൂളിന് വേണ്ടി കിക്കെടുത്ത അഞ്ചു താരങ്ങളും ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ചെല്‍സിക്കായി അവസാന കിക്കെടുത്ത ടാമി എബ്രഹാമിന്റെ ഷോട്ട് ഗോള്‍ കീപ്പര്‍ തടുത്തതോടെ കിരീടം ലിവര്‍പൂള്‍ ഉയര്‍ത്തുകയായിരുന്നു.
തുര്‍ക്കിയിലെ സൂപ്പര്‍ ക്ലബായ ബെസിക്തസിന്റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
നേരത്തേ സാദിയോ മാനെയുടെ ഇരട്ടഗോളാണ് ലിവര്‍പൂളിന് സമനില സമ്മാനിച്ചത്. ചെല്‍സിക്കായി ഒളിവര്‍ ജിറൗഡും ജോര്‍ജിഞ്ഞോയും ഗോള്‍ കണ്ടെത്തി.
മത്സരത്തിന്റെ 36ാം മിനുട്ടില്‍ ഫ്രഞ്ച് താരം ഒളിവര്‍ ജിറൗഡിലൂടെ ചെല്‍സിയാണ് ലീഡെടുത്തത്. രണ്ടാം പകുതി തുടങ്ങിയ ഉടന്‍ സെനഗല്‍ താരം സാദിയോ മാനെ ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. ഇതോടെ നിശ്ചിതസമയത്ത് സമനിലയായ മത്സരം അധികസമയത്തേക്ക് നീണ്ടു.
അധിക സമയത്തിലെ അഞ്ചാം മിനുട്ടില്‍ ഫിര്‍മിനോയുടെ പാസില്‍ സാദിയോ മാനെ തന്റെ രണ്ടാം ഗോളിലൂടെ ലിവര്‍പൂളിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ ആറ് മിനുട്ടിനകം പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ജോര്‍ജിഞ്ഞോ ചെല്‍സിയെ ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടില്‍ ലിവര്‍പൂളിന്റെ അഞ്ച് താരങ്ങളും പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ചെല്‍സിയുടെ ടാമി എബ്രഹാമിന്റെ കിക്ക് ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ അഡ്രിയാന്‍ തടുത്തതോടെ ചെല്‍സിയുടെ കിരീടമോഹം കാറ്റില്‍ പറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."