പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് സമിതിയായി
തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സമിതിക്കു രൂപം നല്‍കിയും ,പുനര്‍നിര്‍മാണത്തിനുള്ള ആദ്യഘട്ട പദ്ധതിരേഖയ്ക്കും ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കി.
നീതിപൂര്‍വമായ പുനരധിവാസം സാധ്യമാക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ നടത്തിപ്പ് ചുവപ്പുനാടയില്‍ കുരുങ്ങാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനും, അതിനു പ്രത്യേക സംഘടനാ സംവിധാനം രൂപീകരിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
സംഘടനാ സംവിധാനത്തില്‍ ഏറ്റവും മുകളില്‍ മന്ത്രിസഭയായിരിക്കും. പുനര്‍നിര്‍മാണ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് മന്ത്രിസഭയുടെ അനുമതി ഉണ്ടായിരിക്കണം.തുടര്‍ന്ന് ത്രിതല സമിതിയാണ് പുനര്‍ നിര്‍മാണ പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉപദേശക സമിതി, ഉന്നതതല അധികാര സമിതി,നിര്‍വഹണ സമിതി എന്നിങ്ങനെയാണ് രൂപം കൊടുത്തത്. ഇതിനു പുറമെ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന ഒരു സെക്രട്ടറിയേറ്റ് സംവിധാനവും പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുന്നതിന് രൂപീകരിക്കും. മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉപദേശക സമിതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജല വിഭവ മന്ത്രി മാത്യു. ടി തോമസ്, ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, തുറുമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ.വി.കെ രാമചന്ദ്രന്‍ നായര്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ നായര്‍, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയായിരുന്ന കെ.എം ചന്ദ്രശേഖര്‍, ബൈജൂസ് ആപ്പിന്റെ സി.ഇ.ഒ ബൈജു രവീന്ദ്രന്‍, സാമ്പത്തിക വിദഗ്ധന്‍ ആലീസ് വൈദ്യന്‍, വ്യവസായി എം.എ. യൂസുഫലി, സി.ഡി.എസ് മുന്‍ ഡയരക്ടര്‍ ഡോ. കെ.പി കണ്ണന്‍, മുന്‍ ഹഡ്‌കോ ചെയര്‍മാന്‍ വി. സുരേഷ്, യു.എന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവര്‍ ഈ സമിതിയില്‍ അംഗങ്ങളായിരിക്കും.പദ്ധതികള്‍ സംബന്ധിച്ച് ഉപദേശവും മാര്‍ഗനിര്‍ദേശവും നല്‍കുകയാണ് ഉപദേശക സമിതിയുടെ മുഖ്യ ചുമതല. ഉപദേശക സമിതിയുടെ ആദ്യ യോഗം ഈ മാസം 22ന് ചേരും.
ഇവര്‍ക്ക് കീഴില്‍ ചീഫ് സെക്രട്ടറി ടോം ജോസ് ചെയര്‍മാനായി ഉന്നതതല അധികാര സമിതി പ്രവര്‍ത്തിക്കും. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാരും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു സമിതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായിരിക്കും. മന്ത്രിസഭയുടെയും ഉപദേശക സമിതിയുടെയും അംഗീകാരത്തിനായി നിര്‍വഹണ സമിതി മുന്നോട്ടുവയ്ക്കുന്ന പദ്ധതി നിര്‍ദേശങ്ങള്‍ പരിശോധിച്ച് അംഗീകരിക്കുകയെന്നതാണ് ഈ സമിതിയുടെ പ്രധാന ചുമതല. മന്ത്രിസഭ അംഗീകരിക്കുന്ന വിവിധ പദ്ധതികളുടെയും പരിപാടികളുടെയും നിര്‍വഹണ നിരീക്ഷണവും ഈ സമിതി നടത്തും. വിവിധ വകുപ്പുകളുമായുള്ള ഏകോപനം, ധനസമാഹരണത്തിന് സര്‍ക്കാരിന് ഉപദേശം നല്‍കല്‍ എന്നിവയും ഈ സമിതിയുടെ ചുമതലകളാണ്.
ഉന്നതല അധികാര സമിതിക്ക് താഴെയായി മൂന്ന് അംഗങ്ങളുള്ള ഒരു നിര്‍വഹണ സമിതിയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം എബ്രഹാം ഈ സമിതിയുടെ ചെയര്‍മാനും സി.ഇ.ഒ ഡോ. വി വേണു, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ എന്നിവര്‍ അംഗങ്ങളായിരിക്കും. പുനര്‍നിര്‍മാണ പദ്ധതി നടപ്പാക്കുന്നത് നിരീക്ഷിക്കാന്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന മോണിറ്ററിങ് സെല്‍ സെക്രട്ടറിയേറ്റില്‍ പ്രവര്‍ത്തിക്കും. പുനര്‍നിര്‍മാണ പദ്ധതികളുടെ നിര്‍വഹണത്തിനു വകുപ്പുതലത്തിലും ജില്ലാതല സമിതികള്‍ രൂപീകരിച്ചുള്ള ക്രമീകരണവും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."