നാഷനല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം ചമഞ്ഞ് തട്ടിപ്പ്; മലയാളി ഉള്‍പ്പെടെയുള്ള എട്ടുപേര്‍ പിടിയില്‍
മംഗളൂരു: നാഷനല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം ചമഞ്ഞ് സഞ്ചരിച്ച മലയാളി ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തെ പൊലിസ് പിടികൂടി. ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്ന പേരില്‍ മംഗളൂരുവിലെ ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിച്ചു സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിവന്നിരുന്ന സംഘത്തെയാണ് അറസ്റ്റ് ചെയ്തതെന്ന് മംഗളൂരു പൊലിസ് കമ്മിഷണര്‍ ഡോ.പി.എസ് ഹര്‍ഷ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേസില്‍ മുഖ്യപ്രതിയായ മലപ്പുറം ജില്ലയിലെ ടി. പീറ്റര്‍ സാം (53), ടി.കെ ബൊപ്പണ്ണ (33), കര്‍ണാടക മടിക്കേരി സ്വദേശി മദന്‍ (41), ബംഗളൂരു സ്വദേശികളായ ചിന്നപ്പ (38), സുനില്‍ രാജു (35), കോദണ്ഡരാമ (39), മംഗളൂരു സ്വദേശികളായ ജി. മുഹ്‌യുദ്ദീന്‍ (70), അബ്ദുല്‍ ലത്തീഫ് (59) എന്നിവരെയാണ് പൊലിസ് പിടികൂടിയത്.
മംഗളൂരു, ബംഗളൂരു നഗരങ്ങളില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് പൊലിസ് ലോഡ്ജുകളിലും ഹോട്ടലുകളിലും റെയ്ഡ് നടത്തിയത്. പമ്പ്‌വെല്‍ സര്‍ക്കിളിനു സമീപത്തെ ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത്.
കേരളത്തില്‍ ഉള്‍പ്പെടെ സംഘം വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതായി സൂചനയുണ്ട്. പിടികൂടിയവരെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന വാഹനവും പൊലിസ് പിടിച്ചെടുത്തു. നാഷനല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്ന ലേബലിലുള്ള സ്റ്റിക്കറുകള്‍ ഇവരുടെ പക്കല്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് വാഹനത്തില്‍ പതിച്ചാണ് സംഘം സഞ്ചരിച്ചിരുന്നത്.
മംഗളൂരു ഈസ്റ്റ് പൊലിസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്. സംഘത്തില്‍നിന്ന് ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, പിസ്റ്റള്‍ എന്നിവയും പൊലിസ് പിടിച്ചെടുത്തു. കാസര്‍കോട് ജില്ലയിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നതായി സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."