ഓണപ്പരീക്ഷ സമയത്തു തന്നെ; പുസ്തകവിതരണം തിങ്കളാഴ്ച തുടങ്ങും
തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപ്പരീക്ഷ മാറ്റിവയ്ക്കില്ല. പേമാരിയും പ്രളയവും മൂലം വടക്കന്‍ ജില്ലകളില്‍ മാത്രമാണ് അധ്യയനം നഷ്ടപ്പെട്ടതെന്നും അതിനാല്‍ സംസ്ഥാനമാകെ പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ഡി.പി.ഐ ജീവന്‍ ബാബു പറഞ്ഞു.
പ്രളയക്കെടുതിയില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയവ തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യും. ക്ലാസുകള്‍ പുനരാരംഭിക്കുമ്പോള്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് പുസ്തകങ്ങള്‍ ലഭിക്കും. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളില്‍ തിരുവനന്തപുരത്തുനിന്ന് 26000 പാഠപുസ്തകങ്ങളും കൊല്ലത്തുനിന്ന് 36000 പാഠപുസ്തകങ്ങളും എത്തിക്കുമെന്ന് ജീവന്‍ ബാബു പറഞ്ഞു.
ഓരോ ജില്ലയിലും എത്രപുസ്തകങ്ങള്‍ വേണമെന്ന കണക്ക് ക്ലാസുകള്‍ പുനരാരംഭിച്ച ശേഷമേ ലഭിക്കൂ. അതനുസരിച്ച് പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്തുനിന്ന് പാഠപുസ്തകങ്ങള്‍ക്കൊപ്പം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ ശേഖരിച്ചിരിക്കുന്ന പഠനോപകരണങ്ങളും സ്‌കൂളുകളിലേക്ക് എത്തിക്കും.
വിവിധ സ്‌കൂളുകളില്‍ നിന്നായി ജില്ലാകേന്ദ്രങ്ങളിലും അധിക പാഠപുസ്തകങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കോട്ടയത്ത് ഇതിനകം 8000 പുസ്തകങ്ങള്‍ ശേഖരിച്ചു. ഇത് ആവശ്യാനുസരണം പത്തനംതിട്ടയിലെയും തൊടുപുഴയിലെയും സ്‌കൂളുകളില്‍ എത്തിക്കും. മലപ്പുറത്ത് 15000 പുസ്തകങ്ങള്‍ വണ്ടൂര്‍, പരപ്പനങ്ങാടി പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ എത്തിച്ചു.
ബാക്കി 19ന് നല്‍കും. പാലക്കാട് ശേഖരിച്ച 35000 പാഠപുസ്തകങ്ങള്‍ മണ്ണാര്‍ക്കാട്, പട്ടാമ്പി പ്രദേശങ്ങളിലെ സ്‌കൂളുകളിലും കോഴിക്കോട് 24000 പുസ്‌കകങ്ങള്‍ ആവശ്യമനുസരിച്ച് വയനാട്ടിലേക്കും നല്‍കും. തൃശൂരില്‍ ശേഖരിക്കുന്നവ 20ന് സ്‌കൂളുകളില്‍ എത്തിക്കും. മറ്റു ജില്ലകളിലും സ്‌കൂളുകളില്‍നിന്ന് അധിക പുസ്തകങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തികയാതെ വരുന്ന പാഠപുസ്തകങ്ങള്‍ കെ.ബി.പി.സി.യില്‍നിന്നും ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."