മണ്ണന്തലയില്‍ ഫ്ളാറ്റ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു
തിരുവനന്തപുരം: ഫ്ളാറ്റ് നിര്‍മാണത്തിനായി പൈലിങ് നടത്തുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ മണ്ണന്തല സൂര്യപ്രഭാ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം.
കന്യാകുമാരി ചെറുകണ്ണൂര് ചാക്കോട്ടുകോണം കോലാടി സ്വദേശി ജയന്(47) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേര് ഓടി മാറിയതിനാല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു.
പൈലിങ് നടക്കുന്നതിനിടയില്‍ ഉയരത്തില്‍ നിന്നും മണ്ണിടിഞ്ഞു വീഴുകയായിരുന്നു. വലിയ ശബ്ദത്തില്‍ മണ്ണിടിഞ്ഞതോടെ കൂടെയുണ്ടായിരുന്ന രണ്ടു പേര് ഓടി മാറി. ഇതിന് സാധിക്കാത്ത ജയന് ഇടിഞ്ഞു വീണ മണ്ണിനടിയില്‍പ്പെട്ടു. ചെങ്കല്‍ചൂളയില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘമെത്തി അരമണിക്കൂര്‍ നേരം പരിശ്രമിച്ച് ജയനെ പുറത്തെടുത്ത് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍. കന്യാകുമാരിയില്‍ നിന്നും ഇന്നു ബന്ധുക്കള്‍ എത്തിയതിന് ശേഷം ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റുമാര്‍ട്ടം നടത്തി വിട്ടു നല്‍കും. ഫ്ളാറ്റ് നിര്‍മാണത്തിനായി ഇവിടെ മണ്ണിടിച്ചു താഴ്ത്തിയിരുന്നു. ഇതാണ് അപകടത്തിന് കാരണമായതെന്ന് പൊലിസ് പറഞ്ഞു. മണ്ണന്തല പൊലിസ് കേസെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."