വീണ്ടും കനത്ത മഴക്ക് സാധ്യത: ജാഗ്രതാ മുന്നറിയിപ്പ്: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, ഇടുക്കി, ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത. പ്രളയ സമാനമായ സാഹചര്യം അവസാനിച്ച ശേഷം ഉരുള്‍പൊട്ടലില്‍ പൊലിഞ്ഞ ജീവിതങ്ങളെ മണ്ണിനടില്‍ നിന്ന് കണ്ടെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ശക്തമായ മഴ പെയ്യുമെന്ന അറിയിപ്പ് ഭീതിപ്പെടുത്തുന്നതാണ്.
എല്ലാവരോടും ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. നേരത്തെ തീവ്രമഴ വലിയ നാഷനഷ്ടവും ആള്‍ നാശവും വരുത്തിയ മലപ്പുറം, കോഴിക്കോട്,കണ്ണൂര്‍,ഇടുക്കി, ജില്ലകളില്‍ തന്നെയാണ് വീണ്ടും മഴപെയ്യുമെന്ന മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റതിരിഞ്ഞ് ശക്തമായ മഴക്കാണ് സാധ്യതയുള്ളത്.
കാറ്റിന്റെ വേഗത മണിക്കൂറില്‍ 55 കി.മീ വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. നാളെ വരെ തെക്ക് പടിഞ്ഞാറ് അറബിക്കടലിലും 23വരെ തെക്ക് പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും മധ്യ ബംഗാള്‍ ഉള്‍ക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിന് തടസങ്ങളില്ല.
ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിയ്ക്കുന്ന സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു. ഈ സ്ഥാപനങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാത്ത രീതിയില്‍ അധ്യയനം സാധ്യമാകുന്ന പക്ഷം അവയ്ക്ക് അവധി ബാധകമായിരിക്കില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."