അനധികൃത പാര്‍ക്കിങ്; കണ്ടെയ്നറുകള്‍ പാതയോരത്ത്
തേഞ്ഞിപ്പലം. കണ്ടെയ്നര്‍ ലോറികളും പാചക വാതക ടാങ്കറുകളും കൂട്ടത്തോടെ പാതയോരത്ത് പാര്‍ക്ക് ചെയ്യുന്നത് പതിവാകുന്നു. ദേശീയപാതയോരത്തെ ഈ അനധികൃത പാര്‍ക്കിംങ് പലപ്പോഴും ഗതാഗത തടസങ്ങള്‍ക്കും അപകടങ്ങള്‍ക്കും വഴിവെക്കുന്നു. ദേശീയപാത കാലിക്കറ്റ് യൂനിവേഴ്സിറ്റിക്കും കോഹിനൂരിനും ഇടയിലുള്ള ഇറക്കത്തിലാണ് വണ്ടികള്‍ നിര്‍ത്തിയിടുന്നത്.
ദേശീയപാതയില്‍ നിന്ന് കടക്കാട്ടുപാറയിലേക്ക് തിരിയുന്ന ജംഗ്ഷനാണിവിടെ. ക്യാംപസിനകത്തേക്കും ഇവിടെ റോഡുണ്ട്. വാഹനങ്ങള്‍ പെട്ടെന്ന് ഈ റോഡിലേക്ക് തിരിയ്ക്കുന്നതും കൂട്ടിയിടിച്ച് അപകടങ്ങളുണ്ടാകുന്നതും പതിവാണ്. ദേശീയപാത കോഹിനൂര്‍ മുതല്‍ ചെട്ട്യാര്‍മാട് വരേയുള്ള ഭാഗം അടുത്തിടെ വീതികൂട്ടി വികസിപ്പിച്ചിരുന്നു. ഇതോടെ വാഹനങ്ങളുടെ വേഗവും കൂടിയിരിക്കുകയാണ്. അവസ്ഥ ഇതായിരിക്കേ വലിയവാഹനങ്ങള്‍ പാതയോരത്ത് പാര്‍ക്ക്ചെയ്യുന്നത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും. കണ്ണൂരിലെ ചാല ദുരന്ത നാളുകളില്‍ ടാങ്കര്‍ ലോറികളുടെ പാര്‍ക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവ പാലിക്കാതെയാണ് പലരും ടാങ്കര്‍ ലോറികള്‍ പാതയോരത്ത് നിര്‍ത്തിയിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."