ചാരം വീണ്ടും എരിയും
ലണ്ടന്‍: ഇംഗ്ലണ്ടും ആസ്‌ത്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ഇന്ന് തുടങ്ങും. രണ്ട് ടെസ്റ്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ആസ്‌ത്രേലിയ ഒരു ജയവുമായി മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഇതിന്റെ ആത്മവിശ്വാസം ഓസീസിന് കരുത്ത് നല്‍കുന്നുണ്ട്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ മൂന്നാമത്തെയും നിര്‍ണായകവുമായ മത്സരമായിരിക്കും ഇന്ന് തുടങ്ങുക. ഒരു പക്ഷെ ഇതില്‍ ആസ്‌ത്രേലിയ ജയിച്ചാല്‍ ഇംഗ്ലണ്ടിനെതിരേ മികച്ചൊരു മേല്‍ക്കൈ കംഗാരുക്കള്‍ക്ക് സ്വന്തമാക്കാം. ജയപ്രതീക്ഷയുണ്ടായിരുന്ന രണ്ടാം ടെസ്റ്റില്‍ സ്മിത്ത് പരുക്കേറ്റതായിരുന്നു ആസ്‌ത്രേലിയക്ക് തിരിച്ചടിയായത്. ഇന്നത്തെ മത്സരത്തില്‍ സ്മിത്ത് ഇല്ലാത്തതും ഓസീസിന് കനത്ത തിരിച്ചടി നല്‍കും. ഓസീസിന്റെ മറ്റൊരു ബാറ്റിങ് കരുത്ത് ഡേവിഡ് വാര്‍ണര്‍ ഫോമിലേക്ക് ഉയരാത്തത് ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്. ആദ്യ രണ്ട് ടെസ്റ്റിലും ആസ്‌ത്രേലിയക്കായിരുന്നു മേല്‍ക്കൈ. ഇംഗ്ലീഷ് താരങ്ങള്‍ ബാറ്റിങ്ങില്‍ മോശമായതായിരുന്നു തിരിച്ചടിക്ക് കാരണം. രണ്ട് മത്സരങ്ങളിലും ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്കായിരുന്നു ഇംഗ്ലണ്ടിന് തുണയായത്. റോറി ജോസഫ്, ജേസണ്‍ റോയി, ജോ റൂട്ട്, ജോസ് ബട്‌ലര്‍ എന്നിവര്‍ ഉണ്ടെങ്കിലും ബാറ്റിങില്‍ പിടിച്ച് നില്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. രണ്ടാം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ജൊഫ്ര ആര്‍ച്ചറിലും ഇംഗ്ലണ്ടിന് പ്രതീക്ഷയുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റായിരുന്നു ആര്‍ച്ചര്‍ സ്വന്തമാക്കിയത്. ബൗളിങ് പിച്ച് ഒരുക്കിയതിനാല്‍ ബൗളര്‍മാര്‍ക്ക് കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഇരു സംഘങ്ങളും. വൈകിട്ട് മൂന്ന് മുതലാണ് മത്സരം.
സാധ്യതാ ടീം
ഇംഗ്ലണ്ട്: റോറി ബണ്‍സ്, ജേസണ്‍ റോയി, ജോ റൂട്ട്, ജോ ഡെന്‍ലി, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോണി ബയറിസ്റ്റോ, ക്രിസ് വോക്‌സ്, ജാക്ക് ലീച്ച്, ജൊഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്.
ആസ്‌ത്രേലിയ: ഡേവിഡ് വാര്‍ണര്‍, കാമറൂന്‍ ബെന്‍ക്രോഫ്റ്റ്, ഉസ്മാന്‍ ഖാജ, മാര്‍നസ്, ട്രാവിസ് ഹെഡ്, മാത്യൂ വാഡെ, ടിം പെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, പീറ്റര്‍ സിഡില്‍, നഥാന്‍ ലിയോണ്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."