പട്ടേല്‍ പ്രതിമക്കായി 200 കോടി രൂപ നല്‍കാന്‍ എണ്ണക്കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍
പെട്രോളിയം മന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്
ന്യൂഡല്‍ഹി: ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പണം നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വിവാദത്തില്‍.
പ്രതിമാനിര്‍മാണത്തിലേക്ക് 200 കോടി രൂപനല്‍കാനാണ് എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം വാക്കാല്‍ നല്‍കിയ നിര്‍ദേശം. നര്‍മദാ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെ സാധുബേത് ദ്വീപിലാണ് 182 മീറ്റര്‍ ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
ഇതിനായി ഒ.എന്‍.ജി.സി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവരോട് അവരുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്ന് 50 കോടി വീതവും മറ്റു കമ്പനികളോട് 25 കോടി വീതവും നല്‍കാനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഓയില്‍ ഇന്ത്യാ ലിമിറ്റഡ്, ഗെയ്ല്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ 25 കോടി നല്‍കാമെന്ന് സമ്മതിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 1,040 കോടിരൂപയാണ് പ്രതിമാ നിര്‍മാണത്തിനു വരുന്ന ചെലവ്. ഇതിന്റെ അഞ്ചിലൊന്നാണ് എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടത്.
ഗുജറാത്തിലെ 14 പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് 104.88 കോടി രൂപ നല്‍കും. ഗുജറാത്ത് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 17 കോടിയും ഗുജറാത്ത് സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ സര്‍വിസ് 15.88 കോടിയും ഗുജറാത്ത് മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ 15 കോടിയും ഗുജറാത്ത് സ്‌റ്റേറ്റ് ഫെര്‍ട്ടിലൈസര്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡും സര്‍ദാര്‍ സരോവര്‍ നര്‍മദാ നിഗം ലിമിറ്റഡും 10 കോടി വീതവും നല്‍കിയിട്ടുണ്ട്.
സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഇത്തരത്തിലുള്ള ആവശ്യങ്ങള്‍ക്ക് നല്‍കാന്‍ പാടില്ലെന്നും വിദ്യാഭ്യാസം, ആരോഗ്യം, ആദിവാസികള്‍ക്കിടയിലെ ശുചീകരണ പദ്ധതികള്‍, ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കല്‍, കല-സംസ്‌കാരം തുടങ്ങിയവയ്ക്കാണ് നല്‍കാന്‍ അനുമതിയുള്ളതെന്നും ഒ.എന്‍.ജി.സി വ്യക്തമാക്കുന്നു. എന്നാല്‍ഇതിനോട് പെട്രോളിയം മന്ത്രാലയം പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."