ജില്ലാ ആശുപത്രിയിലെ ഭക്ഷണശാല മാനദണ്ഡങ്ങള്‍ പാലിക്കാത്തതെന്ന്
പാലക്കാട്: ജില്ലാ ആശുപത്രിയില്‍ ടെന്‍ഡര്‍ നിബന്ധനകള്‍ പാലിക്കാതെ കാന്റീന്‍ പ്രവര്‍ത്തിക്കുന്നതായി ആരോപണം. കണ്ണാടി യൂനിറ്റിലെ കുടുംബശ്രീക്കാണ് രണ്ടു വര്‍ഷമായി ഇതിന്റെ ചുമതല. അതിന് മുമ്പ് മറ്റൊരു വ്യക്തിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന കാന്റീന്‍, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കെന്നു പറഞ്ഞ് ടെന്‍ഡര്‍ അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് താല്‍കാലികമായി കണ്ണാടി കുടുംബശ്രീ യൂനിറ്റിനെ ഏല്‍പിക്കുകയായിരുന്നു. പിന്നീട് വന്ന ടെന്‍ഡറില്‍ പതിനഞ്ച് ലക്ഷം രൂപക്ക് ഇവര്‍ തന്നെ കാന്റീന്‍ പ്രവര്‍ത്തനം ഏറ്റെടുത്തു. ഇതിനു പിന്നില്‍ വ്യക്തി താല്‍പര്യങ്ങള്‍ ഉള്ളതായി ആരോപണങ്ങള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കാന്റീന്‍ ഉദ്ഘാടനം ചെയ്തത്.
ടെന്‍ഡറില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ പ്രകാരം ഭക്ഷണം പുറമെനിന്ന് കൊണ്ടുവരാന്‍ പാടുള്ളതല്ല. കാന്റീനില്‍ തന്നെ പാകം ചെയ്തു വേണം വിതരണം ചെയ്യാന്‍. എന്നാല്‍ നിലവില്‍ പ്രസ്തുത കുടുംബശ്രീ യൂനിറ്റ് പുറമെനിന്നും ഭക്ഷണമുണ്ടാക്കി കൊണ്ടുവരികയാണ് ചെയ്യുന്നത്. എണ്ണ പലഹാരങ്ങള്‍ മാത്രമാണ് ഉണ്ടാക്കുന്നത്. ആശുപത്രി ജീവനക്കാര്‍ക്ക് പ്രത്യേക കൗണ്ടറോ, ആനുകൂല്യങ്ങളോ, സൗകര്യങ്ങളോ ഇല്ല.
സ്വകാര്യ ആശുപത്രികളില്‍ പോലും ജീവനക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങളും വിലക്കുറവുണ്ട്. ആശുപത്രിലെത്തുന്ന രോഗികളും കൂടെ വരുന്നവരും ജീവനക്കാരും ഒരേ സ്ഥലത്താണ് ഭക്ഷണം കഴിക്കേണ്ടത്. ഇവിടെ വിലവിവരപ്പട്ടിക സ്ഥാപിച്ചിട്ടില്ല.
മാത്രമല്ല പുറമേയുള്ളതിനേക്കാള്‍ വിലകൂടുതലാണ് പലതിനും. കാന്റീന്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഗുണം ജീവനക്കാര്‍ക്ക് ലഭ്യമല്ലാത്ത സാഹചര്യമാണുള്ളത്.
പുറത്ത് ചായയും പലഹാരങ്ങളും ആശുപത്രി സ്റ്റാഫിന് അഞ്ചു രൂപക്ക് ലഭിക്കുമ്പോള്‍ ഇവിടെ സ്ഥിതികള്‍ മറിച്ചാണ്.
മുന്‍കാലങ്ങളില്‍ ഊണിന് 12.50 രൂപയായിരുന്നത് ഇപ്പോള്‍ മുപ്പത് രൂപയാണ്. ടെന്‍ഡര്‍ നല്‍കിയെങ്കിലും ഇതുവരെ കരാറ് ഒപ്പിട്ടിട്ടില്ല. ഇതിനെക്കുറിച്ച് തനിക്കൊന്നുമറിയില്ല എന്ന മട്ടിലാണ് ആശുപത്രി സൂപ്രണ്ട്. ഇവര്‍ക്ക് ഒത്താശ ചെയ്യുന്നത് ജില്ലാ പഞ്ചായത്ത് ഭരണകൂടമാണെന്ന ആരോപണവും ഉയരുന്നുണ്ട്.
കാന്റീന്‍ ദിവസം മുഴുവനും പ്രവര്‍ത്തിക്കണമെന്നാണ് നിയമമെങ്കിലും ഇവിടെ വൈകുന്നേരത്തോടെ അടച്ചു പൂട്ടുകയാണ് ഇതുമൂലം ജീവനക്കാരും രോഗികളുടെ സഹായികളും ഒരുപോലെ ബുദ്ധിമുട്ടുന്നു.
മാത്രമല്ല ആശുപത്രിക്ക് പുറത്തും രാത്രിയില്‍ ഭക്ഷണശാലകള്‍ കുറവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."