രാജ്കുമാറിന്റെ കസ്റ്റഡി മരണം പ്രതികള്‍ വ്യാജരേഖയുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍
കൊച്ചി: രാജ്കുമാര് കസ്റ്റഡിയില്‍ മരിച്ച കേസില്‍ പ്രതികള്‍ വ്യാജരേഖയുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. മരിച്ച രാജ്കുമാറിനെ ഹോസ്പിറ്റലില്‍ നിന്ന് വിട്ടയച്ചത് സംബന്ധിച്ചാണ് വ്യാജരേഖ ചമച്ചത്. മൂന്നു തവണ മെഡിക്കല്‍ പരിശോധനക്കു വിധേയമാക്കിയ രേഖകള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് മുന്‍പ് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലിസിലെ മേലുദ്യോഗസ്ഥരുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സാമ്പത്തിക തട്ടിപ്പു കേസില്‍ നെടുങ്കണ്ടം പൊലിസ് അറസ്റ്റ് ചെയ്ത രാജ്കുമാര് കസ്റ്റഡി മര്‍ദനത്തെ തുടര്‍ന്ന് മരിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ വിജയയും മാതാവും മകനും നല്കിയ ഹരജിയിലാണ് ക്രൈംബ്രാഞ്ചിന്റെ വിശദീകരണം.
സി.ബി.ഐക്ക് കേസ് വിട്ട് കഴിഞ്ഞ 16ന് സര്‍ക്കാര്‍ ഉത്തരവിറക്കിയതായും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്സണ് ജോസഫ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു. ജൂണ്‍ 12 മുതല്‍ പ്രതികളായ പൊലിസുകാര്‍ രാജ്കുമാറിനെ കസ്റ്റഡിയില്‍വച്ച് പീഡിപ്പിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ വിട്ടയച്ചതായി വ്യാജരേഖയുണ്ടാക്കിയെന്നും വിശദീകരണത്തില്‍ പറയുന്നു. ജൂണ്‍ 21ന് രാജ്കുമാര് മരിച്ച ശേഷമാണ് വ്യാജരേഖയുണ്ടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."