വീട് അക്രമിച്ച് മോഷണം; രണ്ടു തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍
കോട്ടയം: മോഷണശ്രമത്തിനിടെ വീട്ടമ്മയടക്കം നാലു പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ രണ്ടു തമിഴ്‌നാട് സ്വദേശികള്‍ പൊലിസ്
പിടിയിലായി. തമിഴ്‌നാട് ശിവഗംഗയിലെ തിരുട്ടു ഗ്രാമസംഘാംഗങ്ങളായ ഇരുവരുടെയും അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തും. കൊള്ളസംഘ തലവന്‍ ശെല്‍വരാജിനെയും കൂട്ടാളി രാജ്കുമാറിനെയുമാണ് പൊലിസ് പിടികൂടിയത്. കേസിലെ രണ്ടാം പ്രതിയുടെ സഹോദരന്‍ അരുള്‍രാജിനെ ഇനിയും പിടികൂടാനായിട്ടില്ല.
മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരുക്കേറ്റ വീട്ടമ്മയുടെ കാഴ്ച ശക്തി തകരാറിലായിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് നീറിക്കാട് അയ്യങ്കോവില്‍ മഹാദേവക്ഷേത്രത്തിനു സമീപം തെക്കേച്ചാലയ്ക്കല്‍ അമ്മനത്തു വീട്ടില്‍ റോയി (45), ഭാര്യ ഡെയ്‌സി (38), ഇടപ്പള്ളി കുഞ്ഞ്(50), ഭാര്യ ശോഭ (45) എന്നിവരെ ആക്രമിച്ചു സംഘം മൂന്നര പവന്റെ സ്വര്‍ണം കവര്‍ന്നത്.
നീറിക്കാടിന്റെ 400 മീറ്റര്‍ പരിധിയിലുള്ള മൂന്നു വീടുകളിലാണ് ഒരു മണിക്കൂറിനിടെ സംഘം ആക്രമണം നടത്തിയത്. മോഷണം നടത്തിയ സംഘത്തില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. ആക്രമണത്തിനിരയായ റോയി അയര്‍ക്കുന്നം പൊലിസ് സ്റ്റേഷനിലെത്തി കേസിലെ പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെയാണ് ഇവര്‍ തന്നെയാണ് പ്രതികളെന്നു പൊലീസ് ഉറപ്പിച്ചത്. ഇന്ന് ഉച്ചയോടെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. മോഷണത്തിനു ശേഷം രക്ഷപെട്ട പ്രതികളെ ഇന്നലെ പുലര്‍ച്ചയോടെ തന്നെ പൊലീസ് സംഘം പിടികൂടിയിരുന്നു. അയര്‍ക്കുന്നത്തു നിന്നു മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്നാണ് സംഘം മോഷണം നടത്തിയത്. പ്രദേശത്തെ പത്തിലേറെ വീടുകളില്‍ മോഷണം
നടത്താന്‍ സംഘം പദ്ധതി തയ്യാറാക്കിയിരുന്നതായി പൊലീസ് സംഘം പറയുന്നു. എന്നാല്‍, കുഞ്ഞിന്റെ വീട്ടില്‍ നടന്ന മോഷണത്തിനു ശേഷം സംഭവം നാട്ടുകാര്‍ അറിഞ്ഞതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് പ്രതികള്‍ കൃത്യം അവസാനിപ്പിച്ചു മടങ്ങാന്‍ തയ്യാറായിരുന്നു. മോഷണം അറിഞ്ഞെത്തിയ പൊലീസ് സംഘം സംശയാസ്പദമായ സാഹചര്യത്തില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തെ
തടയുകയായിരുന്നു. എന്നാല്‍, പ്രതികളില്‍ ഒരാള്‍ പൊലിസിന്റെ കണ്ണുവെട്ടിച്ചു മുങ്ങി. പിടികൂടിയ പ്രതികളെ ഇന്നലെ രാത്രി മുഴുവന്‍ ചോദ്യം ചെയ്‌തെങ്കിലും തങ്ങള്‍ കൂലിപ്പണിക്കായി എത്തിയവരാണെന്ന നിലപാടാണ് പ്രതികള്‍ ആദ്യം സ്വീകരിച്ചത്. ജില്ലാ പൊലിസ് മേധാവി എന്‍.രാമചന്ദ്രന്‍, എ.എസ്.പി ചൈത്രാ തേരേസ ജോണ്‍, ഡി.വൈ.എസ്.പി സക്കറിയ മാത്യു, സിഐമാരായ നിര്‍മ്മല്‍ ബോസ്, അനീഷ്
വി.കോര, എസ്.ഐമാരായ എം.ജെ അരുണ്‍, യു.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്. മണിക്കൂറുകള്‍
നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇന്നലെ പുലര്‍ച്ചെയോടെ പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി സൂചനയുണ്ട്. ഇവരുടെ കൂട്ടാളിയും പിടിയിലായ രാജ്കുമാറിന്റെ സഹോദരനുമായ അരുള്‍രാജിനെ കണ്ടെത്തുന്നതായി ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള മൂന്നു സംഘം തമിഴ്‌നാട് അതിര്‍ത്തിയിലേയ്ക്കു തിരിച്ചിട്ടുണ്ട്.
മോഷണം നടത്തിയതിനു മുന്നു ദിവസം മുന്‍പ് പ്രതികള്‍ അയക്കുന്നം നീറിക്കാട് പ്രദേശത്ത് എത്തിയതായി നാട്ടുകാര്‍ പൊലിസിനെ അറിയിച്ചിട്ടുണ്ട്.
കച്ചവടക്കാരെന്ന വ്യാജേനെയാണ് പ്രതികള്‍ ഇവിടെ എത്തിച്ചേര്‍ന്നത്.
മഴക്കാലമെത്തിയതോടെ രാത്രിയില്‍ മോഷണം നടത്തുന്നതിനായിരുന്നു പദ്ധതി. ഒന്നിച്ചെത്തിയാല്‍ നാട്ടുകാര്‍ ശ്രദ്ധിക്കുമെന്നു പൊലീസില്‍ വിവരം
കൈമാറുമെന്നുമുള്ള സൂചനകളെ തുടര്‍ന്നു പല സംഘങ്ങളായി തിരിഞ്ഞാണ് പ്രതികള്‍ അയര്‍ക്കുന്നത് തമ്പടിച്ചതെന്നും പൊലീസ് പറയുന്നു.
പിടിയിലായ ശെല്‍വരാജും, രാജ്കുമാറും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലിസിനു നല്‍കുന്നത്. കുറ്റസമ്മതം നടത്തിയതിന് ശേഷവും പിന്നീട് പല തവണ പ്രതികള്‍ മൊഴി മാറ്റി പറയുന്നത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അടുത്ത കാലത്തു നടന്ന മോഷണ സംഭവങ്ങളില്‍ ഇപ്പോള്‍ പിടിയിലായവര്‍ക്കു പങ്കുണ്ടോ എന്നു പൊലിസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍, സംഘത്തിലെ പ്രധാനിയായ ശെല്‍വരാജ് ചോദ്യം ചെയ്യലുമായി ഒരു തരത്തിലും സഹകരിക്കാത്തതാണ് പൊലിസിനെ കുഴക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."