യുവാവിനെ നാലംഗ സംഘം തല്ലിക്കൊന്ന് കടലില്‍ താഴ്ത്തി
ആലപ്പുഴ: മദ്യപിക്കുന്നതിനിടെ ബാറില്‍വച്ചുണ്ടായ തര്‍ക്കത്തിന്റെ പേരില്‍ നാലംഗ സംഘം യുവാവിനെ തല്ലിക്കൊന്ന് കടലില്‍ താഴ്ത്തി. പുന്നപ്ര പറവൂര്‍ രണ്ടുതൈ വെളിയില്‍ മനോഹരന്റെ മകന്‍ മനുവാണ് (കാകന്‍ മനു-27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ പുന്നപ്ര വടക്ക് പഞ്ചായത്ത് തൈപ്പറമ്പില്‍ അപ്പാപ്പന്‍ പത്രോസ് (പത്രോസ് ജോണ്‍ -28), വടക്കേ തൈയ്യില്‍ സനീഷ് (സൈമണ്‍ -29) എന്നിവരെ കഴിഞ്ഞ ദിവസം പൊലിസ് പിടികൂടിയിരുന്നു. പൊലിസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവാവിനെ കൊലപ്പെടുത്തി കടലില്‍ കല്ലുകെട്ടി താഴ്ത്തിയതായി പ്രതികള്‍ മൊഴി നല്‍കിയത്.
കൂട്ടുപ്രതികളായ പുന്നപ്ര വടക്ക് പഞ്ചായത്ത് കാക്കിരിയില്‍ ഓമനക്കുട്ടന്‍ (ജോസഫ് -19), പനഞ്ചിക്കല്‍ വിപിന്‍ (ആന്റണി സേവ്യര്‍ -28) എന്നിവര്‍ ഒളിവിലാണ്. മരിച്ച മനുവും പ്രതികളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ 19 മുതല്‍ മനുവിനെ കാണാതായതായി പിതാവ് പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പുന്നപ്ര പൊലിസ് പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
19ന് രാത്രി 10 ഓടെ പുന്നപ്ര പറവൂറിലെ ബാറില്‍ മത്സ്യത്തൊഴിലാളികളായ മനുവും നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട നാലംഗ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് മനു പുറത്തിറങ്ങിയപ്പോള്‍ സംഘം പിന്നാലെയെത്തി ഇയാളെ അടിച്ചുവീഴ്ത്തുകയായിരുന്നു. ക്രൂരമായ മര്‍ദനത്തിനൊടുവില്‍ മനുവിനെ സ്‌കൂട്ടറിന് പിന്നിലിരുത്തി കൊണ്ടുപോയി കടലില്‍ കല്ലുകെട്ടി താഴ്ത്തിയെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. പുന്നപ്ര എസ്.ഐ ശിവപ്രസാദിന്റെ നേതൃത്വത്തില്‍ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോഴാണ് മര്‍ദനത്തിന്റെ ചിത്രങ്ങള്‍ ലഭിച്ചത്. പറവൂരിലുള്ള ബാറില്‍നിന്ന് മദ്യപിച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങുമ്പോള്‍ മനു കയറിവരുന്നതു കണ്ടു. ഓമനകുട്ടന്‍ ഇയാളെ തടഞ്ഞു നിര്‍ത്തുകയും വിപിന്‍ മര്‍ദിക്കുകയുമായിരുന്നു.
നിലത്തുവീണ മനുവിനെ വീണ്ടും മര്‍ദിച്ച ശേഷം ഇരുവരും വീണ്ടും ബാറില്‍ക്കയറി ബിയറുമായി പുറത്തുവരുമ്പോള്‍ ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് ഇവരുടെ ആക്ടിവ സ്‌കൂട്ടറിനു സമീപം നിന്നുകൊണ്ട് മനു ഫോണില്‍ സംസാരിക്കുന്നതു കണ്ടു. മനു സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയാണെന്നുകരുതി പ്രതികള്‍ ബിയര്‍ കുപ്പിക്കും ബ്ലോക്ക് ഇഷ്ടിക കൊണ്ടും തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പായതോടെ സ്‌കൂട്ടറില്‍ മൃതദേഹം ഗലീലിയ തീരത്തു കൊണ്ടുവന്നു. ശേഷം കല്ലില്‍ കയറുകെട്ടി മൃതദേഹം പൊന്തുവള്ളത്തില്‍ കയറ്റി കടലില്‍ അഞ്ചടി താഴ്ചയുള്ള ഭാഗത്ത് ഉപേക്ഷിച്ചതായാണ് പൊലിസിനോട് പ്രതികള്‍ പറഞ്ഞത്.
തുടര്‍ന്ന് പ്രതികളുടെ വസ്ത്രങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. അക്രമിക്കാനുപയോഗിച്ചതായി പറയുന്ന ബ്ലോക്ക് ഇഷ്ടികയും പൊട്ടിയ ബിയര്‍ കുപ്പിയും പരിശോധനക്കായി ശേഖരിച്ചു. ഫോറന്‍സിക് വിഭാഗം ആലപ്പുഴ ജില്ലാ ഓഫിസര്‍ വി. ചിത്ര, ബിജു, ഫോട്ടോഗ്രാഫര്‍ ചന്ദ്രദാസ് എന്നിവര്‍ പരിശോധന നടത്തി. ആലപ്പുഴ ഡിവൈ.എസ്.പി പി.വി ബേബി, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം.കെ ബിനുകുമാര്‍, സൗത്ത് സി.ഐ കെ.എന്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് അന്വഷണം നടത്തുന്നത്. പിടിയിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. തീരദേശ പൊലിസും മത്സ്യത്തൊഴിലാളികളും രാത്രിവരെ കടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."