പൗരത്വം കവര്‍ന്നെടുക്കുന്ന ഭരണകൂട ഭീകരത
പിറന്നുവീണ മണ്ണില്‍ അന്യരാവുക എന്നതിനെക്കാള്‍ ഭയാനകമായ ജീവിതദുരന്തം മാനവരാശി ഒരിക്കലും നേരിടേണ്ടിവന്നിട്ടുണ്ടാവില്ല. നികൃഷ്ട പ്രത്യയശാസ്ത്രങ്ങള്‍ എക്കാലത്തും 'ശത്രുക്കളെ' വേട്ടയാടിയിരുന്നത് അപരവത്കരണത്തലൂടെയാണ്. തങ്ങളോടൊപ്പം ജീവിക്കാന്‍ അര്‍ഹതയില്ലാത്തവര്‍ എന്ന് മുദ്രകുത്തി ആട്ടിയോടിക്കുകയോ കൊന്നൊടുക്കുകയോ ചെയ്തതിന്റെ എണ്ണമറ്റ ദൃഷ്ടാന്തങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഈ വിഷയത്തില്‍ ആര്‍.എസ്.എസ് വിഭാവന ചെയ്യുന്ന ഹിന്ദുത്വ കാഴ്ചപ്പാട് 1930-40കളില്‍ അഡോള്‍ഫ് ഹിറ്റ്‌ലറും അനുയായികളും എടുത്തുപയോഗിച്ച നാസിസത്തിന്റേതാണ്.
ജൂതപ്രശ്‌നത്തിന് 'ശാശ്വത പരിഹാരം' കാണുന്നതിന് ജര്‍മനിക്കു വേണ്ടാത്ത ജൂതസമൂഹത്തെ പോളണ്ടിലെ 'എക്റ്റര്‍മിനേഷന്‍ ക്യാംപു'കളിലേക്ക് ആട്ടിത്തെളിച്ചുകൊണ്ടുപോയി കൂട്ടക്കൊല ചെയ്യുകയാണ് രാജ്യം 'ശുദ്ധീകരിക്കാന്‍' എളുപ്പവഴിയെന്ന് ഹിറ്റ്‌ലര്‍ കണ്ടുപിടിച്ചു. സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് ഉണ്ടാക്കി രാജ്യത്തിന്റെ 'ശത്രുക്കളെ' തിരഞ്ഞുപിടിച്ചു ചാപ്പകുത്തി. അതോടെ പാത്രത്തില്‍നിന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ജൂതന്റെ നെറ്റിയിലേക്ക് പോലും വെടിയുണ്ട ഉതിര്‍ത്തു. തൊട്ടുപിറകില്‍ നിമിഷാര്‍ധം കൊണ്ട് വെട്ടിയ കുഴിയിലേക്ക് അയാളെ തള്ളിയിട്ട് കുഴിച്ചുമൂടി. ദേഹത്ത് മണ്ണ് വീഴുമ്പോഴും എന്തിനാണ് തന്റെ കഥ കഴിച്ചതെന്ന് അറിയാതെ അയാള്‍ കൈകാലിട്ടടിച്ച് നിലവിളിക്കുന്നുണ്ടായിരുന്നു. വിദേശികളെ കണ്ടെത്താനും കുടിയേറ്റക്കാരെ ആട്ടിയോടിക്കാനുമുള്ള ബി.ജെ.പി ഭരണകൂടത്തിന്റെ അത്യുല്‍സാഹം നാസിജര്‍മനിയുടെ നീറുന്ന അനുഭവങ്ങളാണ് ഓര്‍മപ്പെടുത്തുന്നത്. അന്ന് ജര്‍മനിയുടെ ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റാണെങ്കില്‍ ഇന്ന് ഇന്ത്യയുടെ പൗരത്വപ്പട്ടിക(നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍) ആണ് പിറന്നമണ്ണില്‍ ജീവിച്ചുമരിക്കാനുള്ള അവകാശത്തിന്റെ മൂലപ്രമാണമായി മാറിയിരിക്കുന്നത്.
അസം എന്ന അഗ്‌നിപര്‍വതം
വീടുവീടാന്തരം കയറിയിറങ്ങി പൗരന്മാരുടെ കണക്കെടുക്കുന്ന രീതി (എന്യൂമെറേഷന്‍) ആണ് സ്വാതന്ത്ര്യ ലബധി തൊട്ട് രാജ്യത്ത് പിന്തുടര്‍ന്നുപോന്നത്. എന്നാല്‍, അസമിന് പൗരത്വനിയമത്തില്‍ മറ്റൊരു വ്യവസ്ഥ എഴുതിവച്ചത് 1920കള്‍ തൊട്ട് കിഴക്കന്‍ ബംഗാളില്‍നിന്ന് കോളനിവാഴ്ചക്കാര്‍ കുടിയിരുത്തിയ തൊഴിലാളികളെ ഉന്നംവച്ചായിരുന്നു. തലമുറകള്‍ കടന്നുപോയിട്ടും ബംഗാളി ഭാഷ സംസാരിക്കുന്നവരെ അസമികളായി പരിഗണിക്കാനുള്ള വിമുഖത ഭാഷാപരമായ ഉച്ചനീചത്വങ്ങള്‍ക്കും അതുവഴി സാമൂഹിക സംഘര്‍ഷങ്ങള്‍ക്കും വഴിവച്ചു. സംസ്ഥാനത്തെ 3.29 കോടി ജനങ്ങള്‍ പൗരത്വത്തിനായി അപേക്ഷിക്കണം എന്നതാണ് സ്വീകരിക്കപ്പെട്ട വ്യവസ്ഥ. 'പൈതൃക വിവരങ്ങള്‍' യഥാവിധി സമര്‍പ്പിച്ചാലോ പൗരത്വത്തിന് അര്‍ഹത നേടാവൂ. അങ്ങനെ തയാറാക്കപ്പെട്ട അന്തിമ പൗരത്വപട്ടികയാണ് ആഗസ്റ്റ് 31ന് പുറത്തുവരാനിരിക്കുന്നത്. ഈ പട്ടികയില്‍ പേരുള്‍പ്പെടുത്താന്‍ സാധിക്കാത്തവരെ എന്തുചെയ്യും എന്ന ചോദ്യത്തിന് ഈ പ്രക്രിയക്കു മേല്‍നോട്ടം വഹിക്കുന്ന പരമോന്നത നീതിപീഠത്തിന്റെ പക്കലോ നരേന്ദ്രമോദി സര്‍ക്കാരിന്റെ കൈയിലോ ഉത്തരമില്ല.
വിദേശികളെയും കുടിയേറ്റക്കാരെയും കണ്ടെത്താനുള്ള തങ്ങളുടെ ബൃഹത് പദ്ധതി രാജ്യത്തിന്റെ ആഭ്യന്തരകാര്യമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കഴിഞ്ഞദിവസം ധാക്കയില്‍ വ്യക്തമാക്കുകയുണ്ടായി. അതായത്, നിയമവിരുദ്ധ കുടിയേറ്റക്കാരായി കണ്ടെത്തുന്നവരെ ഏറ്റെടുക്കേണ്ട ബാധ്യത ബംഗ്ലാദേശിന് ഇല്ലെന്ന് സാരം. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യമിതാണ്: 2018 ജൂലൈയില്‍ പ്രസിദ്ധീകരിച്ച അന്തിമ കരട് പട്ടികയില്‍ ഇടം നേടാതെ പോയ നാല്‍പത് ലക്ഷത്തിലേറെ വരുന്ന ഹതഭാഗ്യരില്‍ സര്‍വപരിശോധനകള്‍ക്കും ശേഷം പൗരത്വം നേടാനാവാത്തവരെ എന്തുചെയ്യാനാണ് മോദി ഭരണകൂടം ഉദ്ദേശിക്കുന്നത്. ഇവരെ അഭയാര്‍ഥികളായി അംഗീകരിച്ച് 'ഡിറ്റെഷന്‍ സെന്ററുകളില്‍' നിറക്കാനാണ് അമിത് ഷായും ഹിന്ദുത്വവാദികളും ഉദ്ദേശിക്കുന്നതെങ്കില്‍ ജനാധിപത്യ ഇന്ത്യയും നാസി ജര്‍മനിയും തമ്മില്‍ എന്ത് അന്തരം? സുപ്രിംകോടതിക്കോ അസം സ്വദേശിയായ രജിസ്റ്റാര്‍ ജനറല്‍ ഓഫ് ഇന്ത്യക്കോ ഇക്കാര്യത്തില്‍ ഒരു പരിഹാരവും നിര്‍ദേശിക്കാനുണ്ടാവില്ല എന്നു മാത്രമല്ല, രാഷ്ട്രീയഭരണമേലാളന്മാരുടെ കോര്‍ട്ടിലേക്ക് പന്ത് തള്ളിവിട്ട് നീതിപീഠം കൈ കഴുകാനാണ് സാധ്യത.
പൗരത്വനിര്‍ണയത്തിന്റെ പേരില്‍ അസമില്‍ നടമാടുന്ന ക്രൂരതയുടെ കുറേ മാതൃകകള്‍ നാം കണ്ടു. കരട് പൗരത്വപ്പട്ടികയുടെ ആദ്യഭാഗം 2017 ഡിസംബര്‍ 31ന് പുറത്തുവന്നപ്പോള്‍ ന്യൂനപക്ഷ ദലിത് ശാക്തീകരണത്തിന് നേതൃത്വം കൊടുക്കുന്ന ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് സ്ഥാപകന്‍ ബദ്‌റുദ്ദീന്‍ അജ്മലും സഹോദരനും പാര്‍ലമെന്റംഗവുമായ സിറാജുദ്ദീന്‍ അജ്മലും പട്ടികക്ക് പുറത്തായിരുന്നു. ഒടുവിലത്തെ പട്ടിക വന്നപ്പോള്‍ രാജ്യം നടുങ്ങിയത് യശ്ശശരീരനായ മുന്‍ രാഷ്ട്രപതി ഫക്‌റുദ്ദീന്‍ അലി അഹമ്മദിന്റെ ബന്ധുക്കള്‍ക്ക് പൗരത്വം നഷ്ടപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോഴാണ്. ആധാറും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും ഹാജരാക്കിയിട്ടും മുന്‍ രാഷ്ട്രപതിയുടെ കുടുംബത്തെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ എന്ന് മുദ്ര കുത്തിയ ഭരണകൂട ഭീകരത പൗരത്വനിര്‍ണയത്തിന്റെ പേരില്‍ എന്താണ് യഥാര്‍ഥത്തില്‍ അരങ്ങേറുന്നതെന്ന് മനസ്സിലാക്കിത്തരുന്നു.
റോഹിംഗ്യ അഭയാര്‍ഥികളെയും ബംഗ്ലാദേശികളെയും കണ്ടുമുട്ടിയാല്‍ വെടിവച്ചു കൊല്ലണമെന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു എം.എല്‍.എ ആക്രോശിക്കുമ്പോള്‍ ജൂതരെ എവിടെ വച്ചു കണ്ടാലും കൊന്നുതള്ളണമെന്ന് പുലമ്പിയ നാസികളെയല്ലേ കേന്ദ്രം ചാണിനു ചാണായി പിന്തുടരുന്നതെന്ന് ചോദിച്ചുപോകാം. ഇരുളുറഞ്ഞ ഭാവി മുന്നില്‍ കണ്ട്, എത്രയോ ആത്മാഹുതികള്‍ അസമിന്റെ മണ്ണില്‍ ഇതിനകം സംഭവിച്ചുകഴിഞ്ഞു.
അസം ഉടമ്പടിയുടെ തിക്തഫലം
ദശകങ്ങളായി പൊട്ടിത്തെറിക്കാന്‍ തീപൊരിക്കു കാത്തുനില്‍ക്കുന്ന അസമിന്റെ സാമൂഹികാവസ്ഥ വിവരണാതീതമാവും വിധം അതീവ പ്രക്ഷുബ്ധമാണിന്ന്. ഓഗസ്റ്റ് 31ന് അന്തിമ പൗരത്വപട്ടിക അനാവൃതമാകുന്നതോടെ അന്തരീക്ഷം കൂടുതല്‍ സ്‌ഫോടനാത്മകമാവുമെന്നുറപ്പ്. 1985 ഓഗസ്റ്റ് 15ന് പ്രധാനമന്ത്രി രാജീവ് ഗാന്ധി അസം ഗണപരിഷത്ത് നേതൃത്വവുമായി ഒപ്പുവച്ച അസം കരാറിലെ വ്യവസ്ഥ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത ഒരു അസാധാരണ കണക്കെടുപ്പിലൂടെ യഥാര്‍ഥ പൗരന്മാരെ കണ്ടെത്താനുള്ള ശ്രമത്തിന് സുപ്രിംകോടതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. 1971നു ശേഷം അസമിലെ കുടിയേറിയ വിദേശികളെ അല്ലെങ്കില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരെ കണ്ടെത്തി പുറന്തള്ളണം എന്നതാണ് കരാറിലെ മുഖ്യവ്യവസ്ഥ.
1966നും 71നും ഇടയില്‍ കുടിയേറിയവര്‍ക്ക് പത്തുവര്‍ഷത്തേക്ക് വോട്ടവകാശം ഉണ്ടാവില്ല എന്നതായിരുന്നു മറ്റൊരു വ്യവസ്ഥ. അസം കരാറിന്റെ ഊന്നല്‍ പൗരത്വനിഷേധവും അതുവഴി രാഷ്ട്രീയ നിരായുധീകരണവുമാണെന്ന് സൂക്ഷ്മതലത്തില്‍ വിലയിരുത്തിയാല്‍ മനസ്സിലാക്കാം. ഇരകളില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ പാവപ്പെട്ട മുസ്‌ലിംകളാണ് എന്നതിനാല്‍ നിയമസഹായമോ രാഷ്ട്രീയ പിന്‍ബലമോ സഹായത്തിനെത്തില്ല എന്നതാണ് ആംനെസ്റ്റി ഇന്റര്‍നാഷനല്‍ പോലുള്ള മനുഷ്യാവകാശ കൂട്ടായ്മകള്‍ എടുത്തുകാട്ടുന്ന ഗൗരവതരമായ വസ്തുത. കശ്മിര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിം ജനസംഖ്യ (35ശതമാനം ) രേഖപ്പെടുത്തപ്പെട്ട അസമിന്റെ സാമുദായിക സന്തുലനം തകര്‍ക്കാന്‍ നേരത്തെ തന്നെ ആര്‍.എസ്.എസ് രഹസ്യപദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്.
അസം ഒരു തുടക്കം മാത്രമാണ്. പൗരത്വനിര്‍ണയം രാജ്യത്തൊട്ടാകെ നടപ്പാക്കി 'വിദേശികളെ' കണ്ടെത്താനുള്ള നിയമഭേദഗതികള്‍ അമിത് ഷാ കൊണ്ടുവന്നുകഴിഞ്ഞു. ഇതുവരെ സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ അസമില്‍ മാത്രം നടപ്പാക്കിയ നാഷനല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഇക്കഴിഞ്ഞ മെയ് 30ന് 1964ലെ ഫോറിനേഴ്‌സ് (ട്രിബ്യൂണല്‍സ് ) ഓര്‍ഡര്‍ ഭേദഗതി ചെയ്യുകയുണ്ടായി. എല്ലാ ജില്ലകളിലും വിദേശികളെ കണ്ടെത്താനുള്ള ട്രിബ്യൂണലുകള്‍ സംവിധാനിക്കാന്‍ നിയമം അനുശാസിക്കുന്നുണ്ട്. പൗരത്വഭേദഗതി നിയമം പാസാക്കുന്നതോടെ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബര്‍മ, ബംഗ്ലാദേശ് തുടങ്ങിയ അതിര്‍ത്തി രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിംകള്‍ ഒഴികെയുള്ള ഏതൊരാള്‍ക്കും 'മാതൃരാജ്യം' അഭയം നല്‍കുമെന്ന് ഭരണകൂടം ഉറപ്പ്‌നല്‍കുന്നതിനാല്‍, അപരവത്കരണത്തിന്റെ ദുരന്തം അനുഭവിക്കുന്നത് മുസ്‌ലിംകള്‍ മാത്രമായിരിക്കും. പൗരത്വത്തിനുള്ള മാനദണ്ഡം മതമാണെന്ന് നിയമംവഴി ഭരണകൂടം പരസ്യമായി പ്രഖ്യാപിക്കുമ്പോള്‍, ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് സുമനസ്സുകള്‍ അമ്പരപ്പോടെ ചോദിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."