മൂന്നു മക്കളും യാത്രയായി; ഇനി ദമ്പതികള്‍ തനിച്ച്
കെ.പി ഖമറുല്‍ ഇസ്‌ലാം
കുറ്റിപ്പുറം: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി നാല് പേര്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദമ്പതികള്‍ക്ക് നഷ്ടമായത് പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ആറ്റു നോറ്റുണ്ടായ മകനടക്കം മൂന്ന് മക്കളെ. കുറ്റിപ്പുറം മാണൂര്‍ കച്ചേരിപറമ്പ് സ്വദേശികളായ മൊയ്തീന്‍-ഖദീജ ദമ്പതികളുടെ മക്കളാണ് മലപ്പുറം-പാലക്കാട് അതിര്‍ത്തി പ്രദേശമായ തൃത്താല കുമ്പിടി ഉമ്മത്തൂര്‍ കടവിലുണ്ടാക്കിയ നാടിനെ നടുക്കിയ അപകടത്തില്‍ മരിച്ചത്.
വിദ്യാര്‍ഥികളും സഹോദരങ്ങളുമായ ഷാക്കിര്‍ (20), ജുമാന(14) ജാസിം(11) എന്നിവരാണ് മുങ്ങി മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിയ നാലംഗ സംഘത്തിലെ ഒരു കുട്ടിയെ വ്യാഴാഴ്ച രക്ഷപ്പെടുത്തിയിരുന്നു. മരണമടഞ്ഞ കുട്ടികളുടെ ഉമ്മയുടെ സഹോദരി തയ്യില്‍ ജമീലയുടെ മകന്‍ ജുനൈദിനെയാണ് അപകടമുണ്ടായ ഉടനെ നടത്തിയ തിരച്ചില്‍ രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. വ്യാഴാഴ്ച രാത്രി വരെ നടത്തിയ തിരച്ചിലില്‍ മൂവരെയും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ ആറ് മുതല്‍ നടത്തിയ തിരച്ചിലിലാണ് ആദ്യം ഷാക്കിറിന്റെ മയ്യിത്ത് കണ്ടെടുത്തത്. ഉച്ചയോടെ ജുമിയുടെ മയ്യിത്തും രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തി. അനിയന്‍ ജാസിമിന്റെ മയ്യിത്ത് വൈകിട്ട് ആറരയോടെയാണ് കണ്ടെടുത്തത്. പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് മൊയ്തീന്‍ ഖദീജ ദമ്പതിമാരുടെ മൂത്ത മകനായി ഷാക്കിര്‍ പിറക്കുന്നത്. ബംഗളൂരുവില്‍ ബിരുദത്തിന് പഠിക്കുന്ന ശാക്കിര്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
വ്യാഴാഴ്ചയാണ് ഇവര്‍ കുമ്പിടിയിലെ ബന്ധു വീട്ടിലേക്ക് പോയത്. ഇവിടെനിന്നാണ് നാലു പേരും കൂടി കുളിക്കാനായി ഉമ്മത്തൂര്‍ കടവിലേക്ക് പുറപ്പെട്ടത്.
പൊന്നുമക്കള്‍ക്ക് ഉണ്ടായ അപകട വിവരമറിഞ്ഞു ദുബൈയിലായിരുന്ന മൊയ്തീന്‍ എന്ന ബാവ ഇന്നലെ രാവിലെ നാട്ടിലെത്തി.
ജുമാന മറവഞ്ചേരി ഹില്‍ടോപ് ഹൈസ്‌കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയും ജാസിം എടപ്പാള്‍ ദാറുല്‍ ഹിദായയിലെ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല ബ്രാഞ്ച് വിദ്യാര്‍ഥിയുമാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും മുങ്ങല്‍ വിദഗ്ധരുമാണ് തിരച്ചിലില്‍ പങ്കെടുത്തത്. മന്ത്രി കെ.ടി ജലീല്‍, വി.ടി ബല്‍റാം എം.എല്‍.എ തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു.
കച്ചേരിപറമ്പ് മദ്‌റസ അങ്കണത്തില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അഞ്ചരയോടെ ഷാക്കിറിന്റെയും ജുമാനയുടെയും മയ്യിത്തുകള്‍ ഖബറടക്കി. രാത്രി എട്ടോടെയാണ് ജാസിമിന്റെ മയ്യിത്ത് മറവ് ചെയ്തത്. രാത്രി ആറരക്കാണ് പതിനൊന്ന് വയസുകാരനായ ജാസിമിന്റെ മയ്യിത്ത് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."