സഹോദരങ്ങളുടെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി
കുറ്റിപ്പുറം: സഹോദരങ്ങളുടെ മരണം കുറ്റിപ്പുറത്തിനും എടക്കുളത്തിനും കുറ്റൂരിനും തേങ്ങലായി. ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട് മരിച്ച മൂന്ന് കുട്ടികളുടെ മരണം കുറ്റിപ്പുറത്തിനും എടക്കുളത്തിനുമാണ് നൊമ്പരമായി മാറിയത്. കുറ്റിപ്പുറത്തിനടുത്ത മാണൂര്‍ കച്ചേരിപ്പറമ്പ് സ്വദേശികളായ ചെറുവത്തൂര്‍ മൊയ്തീന്-ഖദീജ ദമ്പതികളുടെ മക്കളായ ഷാക്കിര്‍ (21), ജുമാന (18),ജാസിം (11) എന്നിവരുടെ അപ്രതീക്ഷമായ വിയോഗമാണ് മൂന്ന് പ്രദേശങ്ങളെയും കണ്ണീരിലാഴ്ത്തിയത്.
22 വര്‍ഷം മുന്‍പാണ് മൊയ്തീനും കുടുംബവും എടക്കുളം തിരുത്തിയില്‍ നിന്നും മാണൂരിലെ കച്ചേരിപറമ്പിലേക്ക് താമസം മാറ്റിയത്. മാതാവ് ഖദീജയുടെ വീട് കുറ്റൂരിലുമാണ്. വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഖദീജയുടെ സഹോദരി തയ്യില്‍ ജമീലയുടെ കുമ്പിടിയിലെ വീട്ടിലേക്ക് വിരുന്ന് പോയതായിരുന്നു മൂന്ന് സഹോദരങ്ങളും. ഇവിടെ നിന്ന് ജമീലയുടെ മകനായ ജുനൈദിനെ കൂട്ടി നാലുപേരും കൂടി ഭാരതപ്പുഴയിലേക്ക് കുളിക്കാന്‍ പോയതായിരുന്നു.
ഉമ്മത്തൂര്‍ കടവിലാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്. ജുനൈദിനെ വ്യാഴാഴ്ച രക്ഷപ്പെടുത്തിയെങ്കിലും ഷാക്കിറിനെയും ജുമാനെയെയും ജാസിമിനെയും കണ്ടെത്തായില്ല. വെള്ളിയാഴ്ച നടത്തിയ തിരച്ചിലിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കച്ചേരിപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് സഹോദരങ്ങള്‍ക്ക് അന്ത്യവിശ്രമം ഒരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."