ദലിത് പീഡനം ഒരു അനുബന്ധ ചിന്ത
ഇന്ത്യന്‍ സമൂഹത്തില്‍ വംശാടിസ്ഥാനത്തില്‍ ഏറ്റവുമധികം പീഡനം ഏറ്റുവാങ്ങുന്നത് ആരാണ്? ദലിതര്‍ തന്നെ. മുസ്‌ലിംകള്‍ അടക്കമുള്ള പിന്നോക്ക വിഭാഗങ്ങള്‍ക്കും ഇത് ബാധകമാണെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ ചിന്തിക്കുന്ന അവസ്ഥ നിലവിലുണ്ട്. ഉത്തരേന്ത്യയിലെ മോതസഖ്യാല ഗ്രാമത്തില്‍ ജൂലായ് 11ന് ചമാര്‍ ജാതിക്കാരായ നാലു യുവാക്കളെ കെട്ടിയിട്ട് അതികഠിനമായി തല്ലുന്നത് ഇന്ത്യയാകെ കണ്ടു. പരമ്പരാഗതമായി തുകല്‍ സംസ്‌കരിച്ച് കുടുംബം പുലര്‍ത്തുന്ന അവര്‍ ഒരു ചത്ത പശുവിന്റെ തോല്‍ ഉരിച്ചു എന്നതായിരുന്നു കുറ്റം. മണിക്കൂറുകള്‍ നീണ്ട മര്‍ദനം. 13 കിലോമീറ്റര്‍ അകലെയുള്ള പൊലിസ് സ്റ്റേഷനില്‍ നടന്നെത്തും വരെ ഒരുവാഹനത്തില്‍ കെട്ടിവലിച്ച ഈ പാവങ്ങളെ വഴിനീളെ തല്ലിച്ചതയ്ക്കുകയായിരുന്നു. പൊലിസുകാരാകട്ടെ, അവരെ സന്തോഷത്തോടെ സ്വീകരിച്ച് കേസെടുത്തു ലോക്കപ്പിലിട്ടു.
ജാതീയത ദലിതര്‍ക്ക് വിധിക്കുന്ന നീതിപാലനത്തിന്റെ മോഡലാണിത്. ഈ ദുരവസ്ഥ വ്യാപകമായി തുടരുകയാണ്. 2013നും 2014നും ഇടയ്ക്ക് ദലിതര്‍ക്കുനേരെ നടന്ന അക്രമം 19 ശതമാനം വര്‍ധിച്ചതായി സീതാറാം യെച്ചൂരി രാജ്യസഭയില്‍ എടുത്തുകാട്ടുകയുണ്ടായി. യു.പിയിലെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക്കിനെ കൊലപ്പെടുത്തിയതും ജാര്‍ഖണ്ഡില്‍ കന്നുകാലിക്കച്ചവടം ചെയ്തു ജീവിച്ചുപോന്ന മുഹമ്മദ് മജ്‌ലുവിനെയും 15 വയസ് മാത്രമുള്ള അഹ്മദ്ഖാനെയും തല്ലിക്കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയതും മറക്കുന്നില്ല. രണ്ടിലും കൊലനടത്താന്‍ കണ്ടെത്തിയ കാരണം പശുസംബന്ധമായിരുന്നു. എന്നാല്‍, ദലിതര്‍ക്കെതിരേ നടത്തുന്ന ക്രൂരതയ്ക്കും മുസ്‌ലിംഹത്യകള്‍ക്കും പിന്നിലുള്ള ചേതോവികാരം ഒന്നല്ല. അതിന് ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് പടരുന്ന രണ്ടുതരം വേരുകളുണ്ട്.
ദലിത് പീഡനം മ്ലേച്ഛതയുമായി ബന്ധപ്പെട്ട അറപ്പ് എന്ന മാനസികാവസ്ഥയില്‍നിന്നും, മുസ്‌ലിം പീഡനം വിദ്വേഷാധിഷ്ഠിതമായ പകയില്‍നിന്നുമാണ് ഉത്ഭവിക്കുന്നത്. ദലിത് സ്പര്‍ശനംകൊണ്ടും സാമീപ്യംകൊണ്ടും കാഴ്ചയില്‍പ്പെടുന്നതുകൊണ്ടുമൊക്കെ മേല്‍ജാതിക്കാര്‍ മ്ലേച്ഛരായിപ്പോവുമെന്ന വിശ്വാസമാണ് ഈ അറപ്പ് ഉല്‍പാദിപ്പിക്കുന്നത്. മുജ്ജന്മപാപം കൊണ്ട് ശപിക്കപ്പെട്ട അവരോട് ദയ പാടില്ലെന്ന വിശ്വാസം. ഈ വിശ്വാസത്തിന് അയ്യായിരം വര്‍ഷങ്ങളുടെ രൂഢമായ ചരിത്രവേരുകളുണ്ട്. ആ വേരുകള്‍ പിഴുതെറിയാന്‍ അതിശക്തമായ ബദല്‍വ്യവസ്ഥകള്‍ ആവശ്യമാണ്.
ദലിതര്‍ക്കുവേണ്ടി ഉല്‍ക്കണ്ഠപ്പെട്ടു പ്രയത്‌നിച്ച ഗാന്ധിജി പോലും ആ ലക്ഷ്യത്തില്‍ വിജയിച്ചില്ല. വര്‍ണാശ്രമവ്യവസ്ഥക്കെതിരില്‍ നിലപാടെടുത്ത അംബേദ്ക്കറെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിയാതെ പോയി. ദലിതരെ ഹരിജനം (വിഷ്ണുവിന്റെ ജനം) എന്ന് പേരിട്ട് ആദരിക്കാന്‍ ഗാന്ധിജി നടത്തിയ ശ്രമത്തിനുപോലും തിരിച്ചടിയേല്‍ക്കുകയായിരുന്നു. വിഷ്ണുവിനെ തങ്ങളുടെ ദൈവമായി കാണാന്‍ ദലിതര്‍ക്ക് കഴിയുമായിരുന്നില്ല. ശിവനാണ് അവര്‍ക്ക് താരതമ്യേന സമ്മതം. ക്ഷേത്രങ്ങളിലും സത്രങ്ങളിലും വരേണ്യരുടെ ഇച്ഛാപൂരണത്തിന് ഹോമിക്കപ്പെട്ട സ്ത്രീജീവിതങ്ങളെ ദേവദാസികളെന്ന് വിളിച്ചാദരിച്ചപ്പോഴും അവരുടെ സ്ഥാനം കുലടകളുടേതായിരുന്നുവെന്നതുപോലെയുള്ള ഒരു പരിഷ്‌കരണത്തിനപ്പുറം ഹരിജനപ്രയോഗത്തിന് ദലിതരെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല.
മതവിശ്വാസത്തെ വെല്ലുവിളിച്ചുകൊണ്ട് നടത്തിയ രാഷ്ട്രീയസാമൂഹിക നവോത്ഥാനപ്രസ്ഥാനങ്ങളും ജാതിപാരമ്പര്യത്തിനുമുന്‍പില്‍ തളരുന്നതായാണ് നാം കാണുന്നത്. കേരളത്തിലെ പാരമ്പര്യ സാമൂഹികസാഹചര്യത്തിന്റെ അന്യാദൃശമായ കൂട്ടായ്മയുടെ പിന്‍ബലമുണ്ടായിട്ടും തൊഴിലാളിവര്‍ഗസിദ്ധാന്തസത്തയായ മാര്‍ക്‌സിസം ഇവിടെ ഏതളവില്‍ വിജയിച്ചു എന്ന ചര്‍ച്ച നാം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എല്ലാ അര്‍ഥത്തിലും ദലിത്പ്രശ്‌നം വിജയകരമായി കൈകാര്യം ചെയ്തു ഫലിപ്പിക്കപ്പെടേണ്ട മണ്ണായിരുന്നു കേരളം. എന്നിട്ടും ദലിതരും ആദിവാസിപിന്നോക്ക സമൂഹങ്ങളും ഇപ്പോഴും കരയുകയാണ്.
സമുദായത്തെ നയിക്കുന്ന വൈജ്ഞാനിക രാഷ്ട്രീയ സാമൂഹിക നേതൃത്വങ്ങളില്‍ ഉള്‍ക്കാഴ്ചയോടുകൂടിയ വീണ്ടുവിചാരവും പരിഷ്‌കരണബോധവും രൂപപ്പെടുത്താനായാല്‍ ചരിത്രപരവും വിശ്വാസപരവുമായ ധാരണകള്‍ സൃഷ്ടിച്ച വിടവുകള്‍ നികത്താന്‍ ദീര്‍ഘകാലംകൊണ്ടെങ്കിലും സാധ്യമാവും. പരസ്പരം ഉള്‍ക്കൊള്ളാനുള്ള രാജ്യസ്‌നേഹാധിഷ്ഠിതമായ താല്‍പര്യവും വിശാലതയും എല്ലാ വിഭാഗങ്ങളിലും വളര്‍ത്തിയെടുക്കാന്‍ അധികാരരാഷ്ട്രീയ തലങ്ങളില്‍ തന്റേടത്തോടെയുള്ള സമീപനമുണ്ടാവണം എന്നുമാത്രം.
കേരളത്തില്‍ ആപേക്ഷികമായി എളുപ്പമുള്ള കാര്യമാണിത്. ഇവിടെ മതരാഷ്ട്രീയ തലങ്ങളില്‍നിന്നുള്ള ആക്രമണപരമായ അധിനിവേശങ്ങളുണ്ടായിരുന്നില്ല. മതങ്ങളുടെ അടിസ്ഥാനത്തിലുള്ള സംഘര്‍ഷങ്ങള്‍ കേരളത്തിന് പരിചയവുമില്ല. ജാതിതന്നെയായിരുന്നു എന്നും ആളുകളെ തമ്മില്‍ അകറ്റിനിര്‍ത്തിയ നിര്‍ണായകഘടകം. അപ്പോഴും ക്രൂരതകള്‍ കുറവായിരുന്നു. ഈ സാഹചര്യത്തില്‍ ദലിത് വിമോചനവുമായി ബന്ധപ്പെട്ട് നിലപാടുകള്‍ ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ വിഭാഗങ്ങളിലും ജാതീയത നിലനില്‍ക്കുന്നുവെന്ന് കരുതാന്‍ ന്യായമുണ്ട്. ബുദ്ധമതാനുയായികളിലും സിഖ്മതത്തിലുംപെട്ട ദലിതരെ സര്‍ക്കാര്‍ അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ദലിത് ക്രിസ്ത്യാനികളെ ഭരണഘടനാപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും സാമൂഹികരാഷ്ട്രീയ മണ്ഡലങ്ങളില്‍ തികച്ചും വ്യക്തമാണ്
അവരുടെ സാന്നിധ്യം. ഹിന്ദുമതത്തിലെയും ക്രിസ്തുമതത്തിലെയും സവര്‍ണവിഭാഗങ്ങളോട് കലഹിച്ച് 1910 ല്‍തന്നെ പൊയ്കയില്‍ അപ്പച്ചന്‍ 'പ്രത്യേക്ഷരക്ഷാദൈവസഭ' എന്ന ദലിത് മതപ്രസ്ഥാനം ആരംഭിച്ചു എന്നോര്‍ക്കണം. ദലിതരെക്കുറിച്ചുള്ള മനുഷ്യത്വവിരുദ്ധ മനോഭാവങ്ങള്‍ക്കെതിരേ അവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒരു സമുദായമെന്ന നിലയ്ക്ക് മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് എത്രമാത്രം ശ്രമം ഉണ്ടായിട്ടുണ്ട് എന്ന് അവലോകനം അനിവാര്യമാണ്. സാമൂഹിക മനഃസാക്ഷിയെ നശിപ്പിക്കുന്ന ഒരു സംവിധാനമായി ജാതീയതയെ മനസിലാക്കി എതിര്‍ക്കാന്‍ വേണ്ടത് നീതിബോധവും സാമൂഹികബോധവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."