ആനന്ദിബെന്‍ രാജി ബി.ജെ.പിക്കു തുണയാവില്ല
ഗുജറാത്ത് മുഖ്യമന്ത്രി ആന്ദിബെന്‍ പട്ടേല്‍ രാജിപ്രഖ്യാപിച്ചത് ഗുജറാത്തില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള ആര്‍.എസ്.എസിന്റെയും ബി.ജെ.പി അധ്യക്ഷന്‍ അമിതാഷായുടെയും രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമായി കണ്ടാല്‍ മതി. മുഖ്യമന്ത്രിയുടെ രാജികൊണ്ട് ഗുജറാത്തില്‍ ബി.ജെ.പിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ചയ്ക്ക് പരിഹാരമാവില്ല.
പട്ടേല്‍ സമരം മുഖ്യമന്ത്രി ആനന്ദിബെന്‍ കൈകാര്യം ചെയ്ത രീതിയും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ദലിതു പ്രക്ഷോഭവും ഗുജറാത്തില്‍ ബി.ജെ.പിയുടെ അടിവേരുതന്നെ അറുത്തുകളഞ്ഞേക്കുമോ എന്ന ആശങ്കയിലാണ് ആര്‍.എസ്.എസ് നേതൃത്വം. ഈ ആശങ്കയാണ് ആനന്ദിബെന്നിനു പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കി, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രതിഛായ തിരികെ പിടിക്കാമെന്ന് ബി.ജെ.പി കരുതുന്നത്.
പ്രധാനമന്ത്രിയാകാന്‍ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഒഴിവിലാണ് മുഖ്യമന്ത്രിയായി 2014 മെയ് 22ന് ആനന്ദിബെന്‍ ചുമതലയേറ്റത്. രണ്ടുഘട്ടങ്ങളിലായി ഗുജറാത്തില്‍ പട്ടേല്‍ വിഭാഗം ഒ.ബി.സി സംവരണത്തിനായി പ്രക്ഷോഭം നടത്തിയപ്പോള്‍ ബി.ജെ.പിയെ പ്രതിരോധിക്കും വിധമുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ആനന്ദിബെന്നിന് കഴിയാതെപോയി എന്ന പരാതി അവര്‍ക്കെതിരേ നേരത്തേതന്നെയുണ്ട്. പട്ടേല്‍ പ്രക്ഷോഭത്തിന്റെ ചൂടാറും മുന്‍പേ ഗുജറാത്തില്‍ നടന്ന ജില്ലാ-തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തറപറ്റിയത് ആര്‍.എസ്.എസ് നേതൃത്വത്തെയാണ് ഞെട്ടിച്ചത്. തുടര്‍ന്നാണ് പട്ടേല്‍ വിഭാഗത്തിന് പത്തുശതമാനം സംവരണം നല്‍കിക്കൊണ്ട് പട്ടേല്‍ സമരം അവസാനിപ്പിക്കാന്‍ ബി.ജെ.പി കോര്‍കമ്മിറ്റി തീരുമാനിച്ചത്. 20 ശതമാനം സംവരണം വേണമെന്നാവശ്യപ്പെട്ട് ഹാര്‍ദിക് പട്ടേല്‍ നയിക്കുന്ന പട്ടിഭാര്‍ അനാമത്ത് ആന്തോളന്‍ സമിതി വീണ്ടും സമരകാഹളം മുഴക്കിയപ്പോള്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തു ജയിലിലടച്ചത് ബി.ജെ.പിയുടെ ഗുജറാത്തിലെ നില കൂടുതല്‍ പരുങ്ങലിലാക്കി. അന്‍പതു ശതമാനത്തിലധികം സംവരണം പാടില്ലെന്ന സുപ്രിംകോടതി വിധി മറികടന്നാണ് പട്ടേല്‍ വിഭാഗത്തിന് സംവരണം നല്‍കിയിരിക്കുന്നത്. ഇതിനെതിരേ ആരെങ്കിലും കോടതിയെ സമീപിക്കുകയാണെങ്കില്‍ ഈ സംവരണം എടുത്തുകളയേണ്ടിവരും.
31 ജില്ലാപഞ്ചായത്തുകളില്‍ 21 ഉം, 230 താലൂക്ക് പഞ്ചായത്തുകളില്‍ 110 എണ്ണവും ബി.ജെ.പിക്കു നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നിലംതൊടുകയില്ലെന്ന് ആര്‍.എസ്.എസ് നേതൃത്വത്തിനും അമിത്ഷാക്കും തികച്ചും ബോധ്യമുണ്ട്. ഇത്തരമൊരു പ്രതിസന്ധി തരണം ചെയ്യാനുംകൂടിയായിരിക്കണം ആനന്ദിബെന്‍ രാജിവച്ചൊഴിഞ്ഞത്. പട്ടേല്‍ വിഭാഗത്തെ ചൊടിപ്പിച്ച് ബി.ജെ.പിക്കു ഗുജറാത്തില്‍ നിവര്‍ന്നുനില്‍ക്കാനാവില്ല. എന്നിരിക്കേ, പട്ടേല്‍ വിഭാഗം ആവശ്യപ്പെടുന്ന 20 ശതമാനം സംവരണം തന്നെ പുതുതായി വരുന്ന മുഖ്യമന്ത്രിയുടെ കീഴില്‍ അധികാരത്തില്‍വരുന്ന മന്ത്രിസഭ അനുവദിച്ചേക്കാം. അതുവഴി അന്‍പത് ശതമാനം സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന ദലിത് പിന്നോക്കക്കാരുടെ സംവരണമായിരിക്കും അട്ടിമറിക്കപ്പെടുക.
ഇതൊക്കെയാണെങ്കിലും ആം ആദ്മിക്ക് ഗുജറാത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരവും ദലിത് പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കുന്നതും പുതിയ മുഖ്യമന്ത്രിക്കും വെല്ലുവിളിയാകും. ബി.ജെ.പിയുടെ സവര്‍ണ നേതൃത്വത്തിന് ഒരിക്കലും ദലിതുകളെ ഹൈന്ദവരായി കാണാന്‍ കഴിയില്ല. ചാതുര്‍വര്‍ണ്യത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ അടിയുറച്ചുപോരുന്നവരാണ് ആര്‍.എസ്.എസ് നേതൃത്വവും ബി.ജെ.പിയും എന്നിരിക്കേ ദലിതുപ്രക്ഷോഭം ഗുജറാത്തില്‍ ആളിപ്പടരുക തന്നെ ചെയ്യും. മായാവതിയുടെ അവസരവാദ രാഷ്ട്രീയ നിലപാട് ഗുജറാത്തില്‍ പയറ്റുകയില്ലെങ്കില്‍ ബി.ജെ.പിക്ക് പുതിയ മുഖ്യമന്ത്രി ഗുജറാത്തില്‍ ഒരുഫലവും ചെയ്യില്ല. മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ കേന്ദ്രീകരിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുജറാത്തില്‍ അഴിമതിയാരോപണം പുറത്തുവന്നതാണ്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ കീഴില്‍ റവന്യൂ മന്ത്രിയായിരിക്കേ ആനന്ദിബെന്‍ തന്റെ രണ്ടുമക്കള്‍ക്ക് ഗീര്‍ വന്യജീവി സങ്കേതത്തിനരികെയുള്ള 250 ഏക്കര്‍ റവന്യൂ ഭൂമി ചുളുവിലക്ക് തരപ്പെടുത്തിക്കൊടുത്തുവെന്നതായിരുന്നു അവര്‍ക്കെതിരേ ഉയര്‍ന്ന അഴിമതിയാരോപണം. ഏക്കറിനു അന്‍പതുലക്ഷം രൂപ വിലവരുന്ന സ്ഥലം മകളായ അനാര്‍ ജയേഷിന് ചതുരശ്ര മീറ്ററിന് 15 രൂപ നിരക്കിലാണ് റവന്യൂ മന്ത്രിയായിരുന്ന ആനന്ദിബെന്‍ നല്‍കിയത്. 172 ഏക്കര്‍ കൃഷിഭൂമി കര്‍ഷകരില്‍ നിന്നു നിസാരവിലക്ക് വാങ്ങി മകള്‍ക്കു ചാര്‍ത്തിക്കൊടുത്തു. കാര്‍ഷികഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി ഗുജറാത്തില്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കുമ്പോഴാണ് റിസോര്‍ട്ട് പണിയാന്‍ മകള്‍ക്ക് ആനന്ദിബെന്‍ സര്‍ക്കാര്‍ അനധികൃതമായി ഭൂമി നല്‍കിയത്.
ചത്ത പശുവിന്റെ തൊലിയുരിഞ്ഞു വിറ്റു എന്നാരോപിച്ച് ഗുജറാത്തിലെ ഉന ഗ്രാമത്തില്‍ ഏഴു ദലിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ചതിനെത്തുടര്‍ന്ന് ഗുജറാത്തില്‍ ദലിത് പ്രക്ഷോഭം ശമനമില്ലാതെ തുടരുകയാണ്. ആയിരക്കണക്കിനു ദലിതര്‍ തെരുവിലിറങ്ങി ഓട വൃത്തിയാക്കുന്നതും ചത്ത പശുക്കളെ കുഴിച്ചുമൂടുന്നതും ഉപേക്ഷിച്ച് സമരഭൂമിയിലാണിപ്പോഴും.
മാതൃകാ സംസ്ഥാനമായി നരേന്ദ്രമോദി ഉയര്‍ത്തിക്കാട്ടിയ ഗുജറാത്തിലാണ് ഇതെല്ലാം അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ദലിതരെ മര്‍ദിച്ചതില്‍ തെറ്റൊന്നുമില്ലെന്നാണ് തെലുങ്കാനയില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ രാജാസിങിന്റെ നിലപാട്. എരിതീയില്‍ എണ്ണയൊഴിക്കുന്ന ഇത്തരം പദപ്രയോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ദലിത് പ്രക്ഷോഭത്തിന് മാന്യമായ പരിഹാരം കാണുവാന്‍ ആര്‍.എസ്.എസിനോ ബി.ജെ.പിക്കോ കഴിയില്ല. സംസ്ഥാന ആരോഗ്യമന്ത്രി നിഥിന്‍ ഭായ് പട്ടേലിനെ മുഖ്യമന്ത്രിയാക്കി പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണ നിലനിര്‍ത്താമെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്.
സംവരണ സമരം നയിക്കുന്ന പട്ടേല്‍ വിഭാഗത്തിന് പ്രിയങ്കരനാണ് ആരോഗ്യമന്ത്രി നിഥിന്‍ പട്ടേല്‍ എന്നതുകൊണ്ട് പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണ തിരിച്ചുപിടിക്കാമെന്ന് ബി.ജെ.പി കരുതുണ്ടാകും. എന്നാല്‍ സംസ്ഥാനത്തെ ദലിത് വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന സമരം അവരുടെ സ്വത്വത്തെ തിരിച്ചറിഞ്ഞതില്‍ നിന്നും ഉരുള്‍പൊട്ടിയതാണ്. മൊത്തം വോട്ടിന്റെ പതിനഞ്ചു ശതമാനം ഉള്ള ദലിത് വിഭാഗത്തെ ഒപ്പം കൂട്ടാനുള്ള ബി.ജെ.പിയുടെ ശ്രമം വിജയിക്കുകയില്ലെന്നാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."