റെയില്‍വേ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സമ്മര്‍ദം ചെലുത്തും: കേന്ദ്രമന്ത്രി
തിരുവനന്തപുരം: കേരളത്തിനായി കൂടുതല്‍ ട്രെയിന്‍ സര്‍വിസുകള്‍ ആരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊച്ചുവേളിയില്‍ നിന്ന് ബാനസ്‌വാടിയിലേക്ക് (ബംഗളൂരു) പുതുതായി ആരംഭിച്ച കൊച്ചുവേളി- ബാനസ്‌വാടി - കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ് ഇന്നലെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാഹചര്യത്തില്‍ എറണാകുളം മുതല്‍ കായംകുളംവരെയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയാക്കാതെ കേരളത്തിന് കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാനാകാത്ത അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നിന്ന് ബംഗളൂരിലേക്ക് പ്രതിദിനം മൂവായിരത്തോളം ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഹംസഫര്‍ എക്‌സ്പ്രസ് യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഹംസഫര്‍ എക്‌സ്പ്രസ് പ്രതിദിന സര്‍വിസ് ആക്കണം, ബാനസ്‌വാടിയില്‍നിന്ന് ബംഗളൂരു കന്റോണ്‍മെന്റ് വരെ സര്‍വിസ് ദീര്‍ഘിപ്പിക്കണം എന്നീ ആവശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
മൈസൂരിലേക്ക് ട്രെയിന്‍ സര്‍വിസ് ആരംഭിക്കണമെന്നാവാശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കണ്ണന്താനം പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എ. സമ്പത്ത് എം.പി, ഒ. രാജഗോപാല്‍ എം.എല്‍.എ, കരിക്കകം വാര്‍ഡ് കൗണ്‍സിലര്‍ ഹിമ സിജി, തിരുവനന്തപുരം ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ശിരീഷ് കുമാര്‍ സിന്‍ഹ, അഡിഷനല്‍ ഡിവിഷനല്‍ മാനേജര്‍ പി. ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. വ്യാഴം, ശനി ദിവസങ്ങളില്‍ വൈകിട്ട് 6.05 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 10.45 ന് ബാനസ്‌വാടിയിലെത്തും.
ഈ ട്രെയിനിന് കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, ഈറോഡ്, സേലം, ബംഗാര്‍പേട്ട്, വൈറ്റ്ഫീല്‍ഡ്, കൃഷ്ണരാജപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും. തിരിച്ച് വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ബാനസ്‌വാടിയില്‍ നിന്ന് വൈകുന്നേരം 7 മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ ശനി, തിങ്കള്‍ ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തും.
ഈ ട്രെയിനിന് കൃഷ്ണരാജപുരം, വൈറ്റ്ഫീല്‍ഡ്, ബംഗാര്‍പേട്ട്, സേലം, ഈറോഡ്, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, എറണാകുളം ടൗണ്‍, കോട്ടയം, ചെങ്ങന്നൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.ഈ ട്രെയിനുകളില്‍ എ.സി, ത്രീ ടയര്‍ കോച്ചുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."