104 പേരുമായി മ്യാന്‍മര്‍ സൈനിക വിമാനം കാണാതായി വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായി സൈന്യം
യാങ്കോണ്‍: 104 പേരുമായി യാത്രതിരിച്ച മ്യാന്‍മര്‍ സൈനിക വിമാനം കാണാതായി. സൈനികരും അവരുടെ കുടുംബാംഗങ്ങളും ആണ് വിമാനത്തിലുണ്ടായിരുന്നത്. മ്യാന്‍മറിന്റെ ദക്ഷിണ നഗരമായ യീക്കിന്റെയും യാങ്കോണിന്റെയും ഇടയിലാണ് വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതേസമയം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ആന്‍ഡമാന്‍ കടലില്‍ നിന്ന് ലഭിച്ചതായി സൈനിക വക്താവ് സൂചിപ്പിച്ചു. വ്യോമഗതാഗത നിയന്ത്രണ വിഭാഗവുമായുള്ള ബന്ധം നഷ്ടമായ ശേഷം വിമാനത്തിനായി വ്യോമസേനയും നാവികസേനയും തിരച്ചില്‍ നടത്തി വരികയാണ്. വിമാനത്തില്‍ നിരവധി കുട്ടികള്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ദവെയില്‍നിന്ന് 218 കിലോ മീറ്റര്‍ അകലെ നിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതെന്ന് ടൂറിസം വക്താവ് പറഞ്ഞു. നാവിക സേന കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മ്യാന്‍മര്‍ സമയം ഉച്ചയ്ക്ക് 1.35ഓടെയാണ് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. 106 യാത്രക്കാരും വിമാനത്തിലെ 14 ജീവനക്കാരുമടക്കം 120 പേര്‍ വിമാനത്തിലുണ്ടെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ 90 യാത്രക്കാരും 14 ജീവനക്കാരുമാണ് ഉള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. മോശം കാലാവസ്ഥയാണ് വിമാനത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്ന ആരോപണത്തെ കാലാവസ്ഥാ വകുപ്പ് തള്ളി. മ്യാന്‍മറില്‍ മഴക്കാലമാണെങ്കിലും വിമാനയാത്രയ്ക്ക് തടസം സൃഷ്ടിക്കുന്ന തരത്തിലുള്ളതല്ലെന്ന് വകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."