ദക്ഷിണാഫ്രിക്കന്‍ എ ടീമെത്തി
തിരുവനന്തപുരം: ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ ഏകദിന മത്സരത്തിനായി ദക്ഷിണാഫ്രിക്കന്‍ സംഘം തലസ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസെന്റ നേതൃത്വത്തിലുള്ള 23 അംഗ സംഘത്തെ വിമാനത്താവളത്തില്‍ ജില്ലാ കെ.സി.എ നേതൃത്വം സ്വീകരിച്ചു. വിമാനത്താവളത്തില്‍നിന്ന് ടീം താമസമൊരുക്കിയ കോവളം ലീല റാവിസിലേക്ക് പോയി. നാളെയും മറ്റന്നാളും ടീം കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ പരിശീലനം നടത്തും. ഇന്ത്യ എ ടീമുമായുള്ള ആദ്യ മൂന്ന് ഏകദിനത്തിനായുള്ള ടീമാണ് ഇപ്പോള്‍ തലസ്ഥാനത്തുള്ളത്. അവസാന രണ്ട് ഏകദിനത്തിലേക്കുള്ള ഏഴ് അംഗങ്ങള്‍ പിന്നീട് ടീമിനൊപ്പം ചേരുമെന്നാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ബി.സി.സി.ഐയെ അറിയിച്ചിട്ടുള്ളത്. സെപ്റ്റംബര്‍ മധ്യത്തോടെ ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ ടീം ഇന്ത്യന്‍ പര്യടനത്തിനെത്തുന്നുണ്ട്. അതിന് മുന്‍പ് താരങ്ങളെ ഇന്ത്യന്‍ സാഹചര്യവുമായി പരിചയപ്പെടുത്തുകയാണ് ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം.
അതേസമയം ആദ്യ മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം ഇന്നും നാളെയുമായി തലസ്ഥാനത്ത് എത്തും. ഓഗസ്റ്റ് 29, 31, സെപ്റ്റംബര്‍ 2, 4, 6 തിയതികളിലാണ് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ ഏകദിന മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ സീനിയര്‍ ടീമിലെ അംഗങ്ങളായ പലരും തിരുവനന്തപുരത്ത് എത്തുമെന്നത് ഗ്രീന്‍ഫീല്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആവേശപ്പൂരം സൃഷ്ടിക്കും. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ സീനിയര്‍ താരം മനീഷ് പാണ്ഡെയും അവസാന രണ്ട് മത്സരങ്ങളില്‍ മലയാളി താരവും ഐ.പി.എല്ലില്‍ ഡല്‍ഹിയുടെ ക്യാപ്റ്റനുമായ ശ്രേയസ് അയ്യരുമാണ് ടീമിനെ നയിക്കുന്നത്. അഞ്ച് ഏകദിന മത്സരങ്ങളുള്ള പരമ്പരയിലെ നാലാമത്തെയും അഞ്ചാമത്തെയും ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിലാണ് സഞ്ജു ഇടം നേടിയത്. ടീം എ ആണെങ്കിലും ഇന്ത്യന്‍ ടീമില്‍ കളിക്കുന്ന ക്രുനാല്‍ പാണ്ഡ്യ, ഖലീല്‍ അഹമ്മദ്, ശുഭ്മാന്‍ ഗില്‍, വാഷിങ്ടണ്‍ സുന്ദര്‍, വിജയ് ശങ്കര്‍ എന്നിവരും അന്‍മല്‍പ്രീത് സിങ്, റിക്കി ഭുവി, ഷാര്‍ദുല്‍ ഠാക്കൂര്‍, അക്ഷാര്‍ പട്ടേല്‍, നിതീഷ് റാണ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍ എന്നിവരും കളിക്കും. മനീഷ് പാണ്ഡെയുടെ ടീമില്‍ ഇഷാന് കിഷനും ശ്രേയസ് അയ്യരുടെ ടീമില്‍ സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പറാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."