കുടിവെള്ള പൈപ്പ് ഡ്രൈനേജിലൂടെ; പകര്‍ച്ച വ്യാധി ഭീഷണിയില്‍ ജനം
മാനന്തവാടി: നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാന്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് സ്ഥാപിച്ചത് മലനജലമൊഴുകുന്ന ഡ്രൈനേജില്‍. മാനന്തവാടി ടൗണിന് സമീപത്തെ ക്ലബ്കുന്നിലെ ജനങ്ങള്‍ക്ക് കുടിവെള്ള വിതരണത്തിനുള്ള പൈപ്പാണ് ഓവുചാലില്‍ സ്ഥാപിച്ചിരിക്കുന്നത്. ടൗണ്‍ ഹാളിലും മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്കും ശുദ്ധജല വിതരണം നടത്തുന്നത് ഈ പൈപ്പിലൂടെയാണ്.
കഴിഞ്ഞദിവസം ഡ്രൈനേജ് വൃത്തിയാക്കാന്‍ മാലിന്യം നീക്കിയപ്പോഴാണ് കുടിവെള്ള പൈപ്പ് കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡ്രൈനേജില്‍ നിന്ന് മലിന ജലം റോഡില്‍ പരന്നൊഴുകിയിരുന്നു. തുടര്‍ന്ന് ഡ്രൈനേജ് വൃത്തിയാക്കാന്‍ നഗരസഭാ അധികൃതര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ ഹാള്‍ റോഡിലെ ഡ്രൈനേജിലെ മാലിന്യം നീക്കിയപ്പോഴാണ് ശുദ്ധജല വിതരണപൈപ്പ് കണ്ടെത്തിയത്.
രണ്ടര ഇഞ്ച് വ്യാസമുള്ള പി.വി.സി പൈപ്പാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണത്തിന്നായി ഡ്രൈനേജില്‍ സ്ഥാപിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് വാട്ടര്‍ അതോറിറ്റി മാലിന്യകൂമ്പാരത്തിലൂടെ കുടിവെള്ള പൈപ്പ് സ്ഥാപിച്ചത്. പൈപ്പ് പൊട്ടിയാല്‍ ഡ്രൈനേജിലെ മലിന ജലമാണ് പൈപ്പിലൂടെ ഒഴുകുക എന്നിരിക്കെ വാട്ടര്‍ അതോറിറ്റിയുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്.
പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ കുടിവെള്ള പൈപ്പ് ഡ്രൈനേജിലൂടെ സ്ഥാപിച്ച അധികൃതര്‍ക്കെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ജില്ലാശുപത്രിക്ക് സമീപത്തെ വീടുകളില്‍ കഴിഞ്ഞ ദിവസം ലഭിച്ച വെള്ളത്തില്‍ രക്തം കലര്‍ന്നതായി കണ്ടെത്തിയിരുന്നു. കുടിവെള്ള പൈപ്പ് മാറ്റി സ്ഥാപിക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു ശക്തമായിട്ടുണ്ട്. സംഭവം വിവാദമായതോടെ ആസ്ബറ്റോസ് ഷീറ്റിട്ട് പൈപ്പ് മുടിയിരിക്കുകയാണിപ്പോള്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."