സ്വാമി ചിന്മയാനന്ദിനെതിരെ പീഡന ആരോപണം
ലഖ്‌നൗ: മുന്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിന് പിന്നാലെ വിദ്യാര്‍ഥിനിയെ കാണാതായി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ നിന്നുള്ള പെണ്‍കുട്ടി ഫേസ്ബുക്ക് വിഡിയോയിലൂടെയാണ് ബി.ജെ.പി നേതാവിനെതിരായ വെളിപ്പെടുത്തല്‍ നടത്തിയത്. ചിന്മയാനന്ദ് ഡയരക്ടറായ എസ്.എസ് ലോ കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണിവര്‍.
ചിന്മയാനന്ദിനെ കുടുക്കാനുള്ള തെളിവുകള്‍ തന്റെ പക്കലുള്ളതിനാല്‍ അദ്ദേഹം തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപിച്ച പെണ്‍കുട്ടി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും സഹായവും അഭ്യര്‍ഥിച്ചിരുന്നു. വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി ഫേസ്ബുക്കിലിട്ട വിഡിയോയിലൂടെ സ്വാമിക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നാലെ ശനിയാഴ്ച മുതല്‍ പെണ്‍കുട്ടിയെ കാണാതായി.
ഫേസ്ബുക്ക് വിഡിയോ മുഖേന പെണ്‍കുട്ടി പറഞ്ഞത്: 'ഞാന്‍ എസ്.എസ് കോളജില്‍ എല്‍.എല്‍.എം പഠിക്കുന്ന ഷാജഹാന്‍പൂരില്‍ നിന്നുള്ള വിദ്യാര്‍ഥിനിയാണ്. പല പെണ്‍കുട്ടികളുടേയും ജീവിതം നശിപ്പിച്ച സ്വാമി എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിനെതിരെ എന്റെ കൈവശം എല്ലാ തെളിവുകളുമുണ്ട്. മോദിയും യോഗിയും ഇക്കാര്യത്തില്‍ ഞങ്ങളെ സഹായിക്കണം. എന്റെ കുടുംബത്തെ കൊല്ലുമെന്നും സ്വാമി ഭീഷണിപ്പെടുത്തുന്നു. ഈ സമയം ഞാന്‍ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്കു മാത്രമേ അറിയൂ. അയാളൊരു സന്യാസിയാണ്. പൊലിസും ജില്ലാ കലക്ടറും ഉള്‍പ്പെടെയുള്ളവര്‍ തന്റെ ഭാഗത്തുണ്ടെന്നും തന്നെ ആര്‍ക്കും ഒന്നും ചെയ്യാനാവില്ലെന്നുമാണ് സ്വാമി പറയുന്നത്. നീതിക്കുവേണ്ടിയാണ് എന്റെ അപേക്ഷ. മോദിജി പ്ലീസ് ഹെല്‍പ്പ്...'!
രക്ഷാബന്ധന്‍ സമയത്താണ് അവസാനമായി മകള്‍ വീട്ടിലേക്കു വന്നതെന്നും അപ്പോള്‍ അവളാകെ ഭയന്നിരിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. നാലുദിവസമായി മകളെ കാണാതായിട്ട്. സ്വാമിക്കെതിരെ രേഖാമൂലം പരാതി നല്‍കിയിട്ടും യാതൊരു നടപടിയും പൊലിസ് സ്വീകരിച്ചില്ലെന്നും അദ്ദേഹം പറയുന്നു. എന്ത് കൊണ്ടാണ് ഇടയ്ക്കിടെ ഫോണ്‍ സ്വിച്ച് ഓഫ് ആകുന്നതെന്ന് മകളോട് ചോദിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞത്, എന്റെ ഫോണ്‍ കുറേസമയം ഓഫാകുകയാണെങ്കില്‍ ഞാന്‍ എന്തെങ്കിലും പ്രശ്‌നത്തില്‍ പെട്ടിട്ടുണ്ടെന്ന് കരുതിയാല്‍ മതി. എന്റെ കയ്യില്‍ അല്ലാതിരിക്കുന്ന സമയത്താണ് ഫോണ്‍ ഓഫാകുന്നത്! ഇതുകേട്ടപ്പോള്‍ എനിക്കും ഭയമായി. വലിയ പ്രശ്‌നത്തിലൂടെയാണ് മകള്‍ കടന്നുപോകുന്നതെന്നു മനസിലായി. അതോടെ കൂടുതല്‍ ചോദിച്ചില്ല- പിതാവ് പറഞ്ഞു.
നേരത്തെയും വിവിധ ലൈംഗിക പീഡന കേസുകളില്‍ ആരോപണവിധേയനാണ് സ്വാമി. 2011ല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ ഉണ്ടായിരുന്ന കേസ് കഴിഞ്ഞവര്‍ഷം യോഗി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. സ്വാമിയുടെ ആശ്രമത്തില്‍ ഏറെക്കാലം താമസിച്ച പെണ്‍കുട്ടിയായിരുന്നു പരാതിക്കാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."