പുതിയ മെഡിക്കല്‍ കോളജിലെ എം.ആര്‍.ഐ സ്‌കാന്‍ : എച്ച്.എല്‍.എല്‍ നടപടിക്കെതിരേ സമഗ്രാന്വേഷണം നടത്തണമെന്ന് എം.പി
വടക്കാഞ്ചേരി: പുതിയ മെഡിക്കല്‍ കോളജില്‍ എം.ആര്‍.ഐ. സ്‌കാന്‍ സേവനം നല്‍കുന്ന എച്ച്.എല്‍.എല്‍. കമ്പനി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന പരാതിയില്‍ സമാഗ്രന്വേഷണം നടത്തണമെന്ന് പി.കെ. ബിജു എം.പി. ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയ്ക്ക് കത്ത് നല്‍കിയതായും എം.പി. അറിയിച്ചു. എം.ആര്‍.ഐ. സ്‌കാന്‍ സെന്ററിന്റെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ ഏകദേശം 2500 ചതുരശ്ര അടി വരുന്ന സ്ഥലം പശ്ചാത്തല സൗകര്യങ്ങളോടു കൂടി വാടക കൂടാതെയാണ് കരാര്‍ വ്യവസ്ഥയനുസരിച്ച് എം.ആര്‍.ഐ. സ്‌കാന്‍ സെന്ററിനായി എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡിനു മെഡിക്കല്‍ കോ.േളജില്‍ അനുവദിച്ചിട്ടുള്ളത്. കൂടാതെ വെള്ളം, വൈദ്യുതി എന്നീ സൗകര്യങ്ങളും ലഭ്യമാക്കുന്നുണ്ട്.
മെഡിക്കല്‍ കോളജധിക്യതര്‍ കരാറിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നുണ്ടെങ്കിലും, എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡിന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി കരാര്‍ ലംഘനങ്ങളാണ് ഉണ്ടാകുന്നത്. എച്ച്.എല്‍.എല്‍. അംഗീകരിച്ചിരിക്കുന്ന കരാര്‍ വ്യവസ്ഥയിലെ എട്ടാം നമ്പര്‍ പ്രകാരം ഇന്‍പേഷ്യന്റായ രോഗികളില്‍ എം.ആര്‍.ഐ. സ്‌കാന്‍ ചെയ്തവരുടെ ആകെ എണ്ണത്തിന്റെ പത്തു ശതമാനത്തില്‍ പരിമിതപ്പെടുത്തി ഇന്‍പേഷ്യന്റായ ബി.പി.എല്‍. രോഗികള്‍ക്ക് സൗജന്യമായി സ്‌കാന്‍ ചെയ്തു നല്‍കാമെന്നാണ് കാണിച്ചിരിക്കുന്നത്. കൂടാതെ സൗജന്യ ബി.പി.എല്‍. എം.ആര്‍.ഐ. സ്‌കാനിനുള്ള കോണ്‍ട്രാസ്റ്റ് മീഡിയ ചെലവും എച്ച്.എല്‍.എല്‍. വഹിക്കണം.
എന്നാല്‍ യാതൊരു ഇളവും നല്‍കാതെയാണ് ബി.പി.എല്‍. രോഗികളില്‍ നിന്നും എച്ച്.എല്‍.എല്‍. ഫീസ് ഈടാക്കുന്നത്. ഇതിനു പുറമെ ഓരോ മാസവും ഇന്‍പേഷ്യന്റ്ഔട്ട് പേഷ്യന്റ് വ്യത്യാസമില്ലാതെ പത്ത് രോഗികള്‍ക്ക് പഠനാവശ്യത്തിന് സൗജന്യ എം.ആര്‍.ഐ. സ്‌കാന്‍ അനുവദിക്കണമെന്നും വ്യവസ്ഥയുണ്ട്. റേഡിയോ ഡയഗ്‌നോസിസ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് എം.ആര്‍.ഐ. സ്‌കാന്‍ സംബന്ധിച്ച് പ്രബന്ധം തയ്യാറാക്കുന്നുണ്ടെങ്കില്‍ ഒരു വിദ്യാര്‍ഥിക്ക് ആറു മാസത്തേക്കായി പ്രബന്ധ രചനാവശ്യത്തിനായി മാസത്തില്‍ അഞ്ചില്‍ പരിമിതപ്പെടുത്തി സൗജന്യ എം.ആര്‍.ഐ. സ്‌കാന്‍ അനുവദിക്കണം. ഒരു മാസത്തില്‍ രണ്ടില്‍ കൂടാത്ത വിദ്യാര്‍ഥികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും വ്യവസ്ഥയുണ്ട്. റേഡിയോ ഡയഗ്‌നോസിസ് വകുപ്പ് മേധാവി നല്‍കുന്ന ഷെഡ്യൂള്‍ പ്രകാരം ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും നല്‍കേണ്ടതാണ്. എം.ആര്‍.ഐ. സ്‌കാനിനായി എത്തുന്ന രോഗികളുടെ എണ്ണം ഒരു ദിവസം ഇരുപത്തിനാലില്‍ കൂടുന്ന സമയത്തും രോഗിയുടെ കാത്തിരിപ്പ് കാലം അഞ്ച് ദിവസത്തില്‍ അധികരിക്കുന്ന സമയത്തും ആഴ്ചയില്‍ ഏഴു ദിവസവും,ച ഇരുപത്തിനാലു മണിക്കൂറും എം.ആര്‍.ഐ. സ്‌കാന്‍ സേവനം രോഗികള്‍ക്ക് നല്‍കേണ്ടതാണെന്ന വ്യവസ്ഥ എച്ച്.എല്‍.എല്‍. അംഗീകരിച്ചിട്ടുണ്ട്. ഇതും പാലിക്കപ്പെടുന്നില്ല. രോഗികളുടെ കാത്തിരിപ്പ് കാലം ഒരു മാസത്തില്‍ അധികരിക്കുന്നത് വരെ മറ്റൊരു എം.ആര്‍.ഐ. കേന്ദ്രം സ്ഥാപിക്കില്ലെന്നാണ് സര്‍ക്കാര്‍ സമ്മതിച്ചിട്ടുള്ളത്. നിലവില്‍ എം.ആര്‍.ഐ. സ്‌കാനിനായി രോഗികള്‍ ഏറെ നാള്‍ കാത്തിരിക്കേണ്ട സാഹചര്യമാണ് മെഡിക്കല്‍ കോളജില്‍ നിലവിലുള്ളത്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അത്യാവശ്യ ഘട്ടങ്ങളിലുള്ള രോഗികള്‍ക്ക് പോലും സൗകര്യമൊരുക്കാതെ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രാണ് എം.ആര്‍.ഐ. സ്‌കാന്‍ എച്ച്.എല്‍.എല്‍. നല്‍കുന്നത്. സ്‌കാനിനായി കാത്തിരിക്കുന്ന രോഗികളുടെ നീണ്ട പട്ടിക പുറത്തുവരാത്ത വിധമാണ് എച്ച്.എല്‍.എല്‍. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഈ കരാര്‍ ലംഘനം മാത്രം പരിഗണിച്ചാല്‍ തന്നെ പുതിയ എം.ആര്‍.ഐ. സ്‌കാന്‍ സൗകര്യം മെഡിക്കല്‍ കോളജില്‍ ഒരുക്കാവുന്നതാണെന്നും എം.പി. ചൂണ്ടിക്കാണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."